ഹെവൻലി ട്രംപറ്റ്: ക്രിസ്മസ് സംഗീത പരിപാടി സംഘടിപ്പിച്ചു
Mail This Article
ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെവൻലി ട്രംപറ്റ് എന്ന ക്രിസ്മസ് സംഗീത പരിപാടി ശ്രദ്ധേയമായി. സമാധാനവും സ്നേഹവും പ്രോത്സാഹിപ്പിക്കുന്ന കൂടിവരവുകളായിരിക്കണം ക്രിസ്മസ് നാളുകളിൽ ഉണ്ടാകേണ്ടതെന്ന് ഹെവൻലി ട്രംപറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസ് അഭിപ്രായപ്പെട്ടു. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം.
മലങ്കര കത്തോലിക്കാ സഭ ബിഷപ് ഡോ. ഡോ. ഫിലിപ്പോസ് മാർ സ്‌തേഫാനോസ് മുഖ്യ സന്ദേശം നൽകി. ന്യൂയോർക്ക് സിറോ മലങ്കര കത്തോലിക്കാ എപ്പാർക്കി ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഭദ്രാസനത്തിന്‍റെ നോർത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മിറ്റിയും (നോർത്ത് ഈസ്റ്റ് ആർഎസി), സഭയുടെ ഡിപ്പാർട്ട്മെന്‍റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസും (ഡിഎസ്എംസി) ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഡിഎസ്എംസി മുൻ ഡയറക്ടറും ബോസ്റ്റൺ ഇടവക വികാരിയുമായ റവ. ആശിഷ് തോമസ് ജോർജിന്‍റെ നേതൃത്വത്തിലുള്ള ഗായകസംഘം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
തുടർവർഷങ്ങളിൽ ഹെവൻലി ട്രംപറ്റ് എന്ന ഈ ക്രിസ്മസ് സംഗീത പരിപാടി ഭദ്രാസനത്തിന്‍റെ വിവിധ മേഖലകളിൽ സംഘടിപ്പിക്കുമെന്ന് ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസ് അഭിപ്രായപ്പെട്ടു.പരിപാടിയിൽ ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം സ്വാഗതവും നോർത്ത് വെസ്റ്റ് ആർഎസി സെക്രട്ടറി തോമസ് ജേക്കബ് നന്ദിയും പറഞ്ഞു.