ഹന്ന കൊബയാഷിയെ സുരക്ഷിതയായി കണ്ടെത്തി; തീരാനോവായി പിതാവ് റയാൻ, തുടരുന്ന ദുരൂഹത
Mail This Article
ലൊസാഞ്ചലസ്∙ ലൊസാഞ്ചലസിൽ നിന്ന് കാണാതായ ഹന്ന കൊബയാഷിയെ സുരക്ഷിതയായി കണ്ടെത്തിയെന്ന് കുടുംബം അറിയിച്ചു. ‘‘ഹന്നയെ സുരക്ഷിതയായി കണ്ടെത്തിയതിൽ ഞങ്ങൾക്ക് അവിശ്വസനീയമാംവിധം ആശ്വാസവും നന്ദിയും ഉണ്ട്. കഴിഞ്ഞ മാസം ഞങ്ങളുടെ കുടുംബം സങ്കൽപ്പിക്കാനാവാത്ത ഒരു പരീക്ഷണത്തിലൂടെയാണ് കടന്നു പോയത്, ഞങ്ങൾ അനുഭവിച്ചതെല്ലാം അതിജീവിക്കാൻ സമയമെടുക്കുന്നതിനാൽ ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് അപേക്ഷിക്കുന്നു’’ – സഹോദരി സിഡ്‌നിയും അമ്മ ബ്രാണ്ടി യീയും പ്രസ്താവനയിൽ അറിയിച്ചു.
30 വയസ്സുകാരിയായ ഹന്ന കൊബയാഷിയെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ സുരക്ഷ എങ്ങനെ സ്ഥിരീകരിച്ചുവെന്നോ കുടുംബം വ്യക്തമാക്കിയിട്ടില്ല. നവംബർ എട്ടിന് മൗവിയിൽ നിന്ന് ലൊസാഞ്ചലസിലെത്തിയ ഹന്ന കൊബയാഷിയെ കാണാതാവുകയായിരുന്നു. ന്യൂയോർക്കിലേക്കുള്ള കണക്റ്റിങ് ഫ്ലൈറ്റിൽ കയറുന്നതിന് പകരം, ഹന്ന ദിവസങ്ങളോളം നഗരത്തിൽ താമസിച്ചു. നവംബർ 11ന് ലൊസാഞ്ചലസ് ഇന്‍റർനാഷനൽ എയർപോർട്ടിൽ നിന്ന് ലഗേജ് വീണ്ടെടുത്ത് യൂണിയൻ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. അവിടെ നിന്ന് യുഎസ്-മെക്സിക്കോ അതിർത്തിയിലേക്ക് ടിക്കറ്റ് വാങ്ങിയതിനും തെളിവ് ലഭിച്ചിരുന്നു. ഹന്ന കൊബയാഷിയുടെ തിരോധനം സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും തുടുരുന്നുണ്ട്. ഹന്നയിൽ നിന്ന് തന്നെ ഇതിന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
നവംബർ 12ന്, യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനിൽ നിന്നുള്ള ഒരു വിഡിയോയിൽ, സാൻ യ്സിഡ്രോ പോർട്ട് ഓഫ് എൻട്രിയിൽ കാൽനടയായി മെക്സിക്കോയിലേക്ക് ഹന്ന ഒറ്റയ്ക്ക് കടക്കുന്നത് ദൃശ്യങ്ങളുണ്ടായിരുന്നു. മകളെ അന്വേഷിച്ച് ലൊസാഞ്ചലസിൽ രണ്ടാഴ്ചയോളം ചെലവഴിച്ചതിന് ശേഷം ഹന്ന കൊബയാഷിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പിതാവ് റയാൻ കൊബയാഷി ആത്മഹത്യ ചെയ്തിരുന്നു.