ADVERTISEMENT

റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കമ്മിറ്റിയുടെ കോ ചെയർ സ്ഥാനം ലാറ ട്രംപ് രാജിവച്ചത് യുഎസ് രാഷ്ട്രീയത്തിൽ കഴിഞ്ഞദിവസം നടന്ന ശ്രദ്ധേയസംഭവമാണ്. യുഎസിൽ ചരിത്രം കുറിച്ച തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ സ്റ്റേജിൽ എല്ലാവരുടെയും ശ്രദ്ധ കവർന്നത് ലാറയായിരുന്നു. ട്രംപിന്റെ മരുമകളായ ലാറ അദ്ദേഹത്തിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. മുൻപ് ടെലിവിഷൻ പരിപാടികളുടെ നിർമാതാവായിരുന്നു ലാറ.

ലാറയുടെ രാജി വലിയ അഭ്യൂഹത്തിനാണു വഴിവയ്ക്കുന്നത്. ഫ്‌ലോറിഡയിലെ സെനറ്റർമാരിലൊരാളായ മാർകോ റുബിയോ നയതന്ത്രകാര്യത്തിലേക്കു കടക്കുകയും യുഎസ് ആഭ്യന്തരവകുപ്പിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനാൽ വരുന്ന ഒഴിവിലേക്കു ലാറ പരിഗണിക്കപ്പെടുമെന്നാണു ശക്തമായ അഭ്യൂഹം. ഫ്‌ലോറിഡയിലെ ഗവർണർ റോൺ ഡിസാന്‌റിസ് സെനറ്റർസ്ഥാനം ലാറയ്ക്ക് നൽകാൻ തുനിഞ്ഞാൽ അതു ലാറയുടെ രാഷ്ട്രീയജീവിതത്തിലെ പുതിയൊരു കാൽവയ്പായിരിക്കും.

ഡോണൾഡ് ട്രംപും ലാറയും∙ ചിത്രം: (Photo by Kamil Krzaczynski / AFP)
ഡോണൾഡ് ട്രംപും ലാറയും∙ ചിത്രം: (Photo by Kamil Krzaczynski / AFP)

ട്രംപിന്റെ മകൻ എറിക്കിന്റെ ഭാര്യയാണു ലാറ (42). മരുമകളെപ്പറ്റി പറയുമ്പോൾ ഡോണൾഡ് ട്രംപിനും നൂറുനാവാണ്. മിടുക്കിയാണെന്നും ട്രംപ് കുടുംബത്തിന്റെ രാഷ്ട്രീയപാരമ്പര്യം ഇനി നിലനിർത്താൻ പോന്നവളാണെന്നുമൊക്കെ ട്രംപ് ഇടയ്ക്കു ലാറയെപ്പറ്റി പറഞ്ഞത് ലാറ സ്ഥാനങ്ങളിലേക്ക് എത്തുന്നതിന്റെ സൂചനയായിട്ടാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സെനറ്ററാകാൻ ലാറയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ നേരത്തെ 2 തിരഞ്ഞെടുപ്പുകളിലും ട്രംപിന്റെ മകളായ ഇവാൻകയായിരുന്നു പ്രചാരണത്തിലെ താരം.

എന്നാൽ ഇത്തവണ കുടുംബകാര്യങ്ങൾ നോക്കേണ്ടതിനാൽ ലാറയ്ക്ക് അവസരമൊരുക്കി ഇവാൻക പിൻമാറി. ഇത്തവണത്തെ ക്യാംപെയ്‌നുകളിലൊന്നും സജീവമല്ലായിരുന്നു ഇവാൻക. ലാറ ട്രംപ് നിയമിക്കപ്പെട്ടാൽ അതു യുഎസ് ഭരണത്തിലുള്ള കുടുംബാധിപത്യമാകുമെന്നു ട്രംപിന്റെ വിമർശകർ വാദമുയർത്തുന്നുണ്ട്. ബന്ധുത്വനിയമനങ്ങൾക്കു പേരുകേട്ടയാളാണു ട്രംപ്. തന്റെ മകളായ ടിഫനിയുടെ ഭർതൃപിതാവായ മസാദ് ബൂലോസിനെ അദ്ദേഹം മധ്യപൂർവദേശ കാര്യങ്ങളിലെ ഉപദേഷ്ടാവായി നിയമിക്കാനൊരുങ്ങുന്നത് തന്നെ വിവാദത്തിനിട നൽകിയിരുന്നു.

ലാറ ട്രംപ്∙ (Photo by Anna Moneymaker / GETTY IMAGES NORTH AMERICA / Getty Images via AFP)
ലാറ ട്രംപ്∙ (Photo by Anna Moneymaker / GETTY IMAGES NORTH AMERICA / Getty Images via AFP)

ട്രംപിന്റെ ആദ്യ ഭരണത്തിൽ മകൾ ഇവാൻകയും ഭർത്താവ് ജാറദ് കഷ്ണറും ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. എന്നാൽ ട്രംപിന്റെ മരുമകൾ മാത്രമല്ല നിയമന അഭ്യൂഹത്തിൽ ശ്രദ്ധേയയായി നിൽക്കുന്നത്.യുഎസിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ കെന്നഡി കുടുംബത്തിന്റെ ഇപ്പോഴത്തെ വലിയ താരവും അന്തരിച്ച പ്രസിഡന്‌റ് ജോൺ എഫ് കെന്നഡിയുടെ അനന്തരവനുമായ റോബർട് കെന്നഡി ട്രംപിന്റെ രണ്ടാം വരവിൽ അദ്ദേഹത്തോടുള്ള ശ്രദ്ധേയ സാന്നിധ്യമാണ്.

റോബർട്ടിന്റെ മരുമകളായ അമാരിലിസ് ഫോക്‌സ് കെന്നഡിയെ യുഎസ് രഹസ്യാന്വേഷണ സ്ഥാപനമായ സിഐഎയുടെ ഉപഡയറക്ടർ സ്ഥാനത്തേക്കു നിയമിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ലോകത്തെ തന്നെ ഏറ്റവും പ്രബലമായ തസ്തികകളിലൊന്നാണ് ഇത്. ഡോണൾഡ് ട്രംപിന്റെ പിന്തുണയും അമാരിലിസിനുണ്ട്. മുൻപ് സിഐഎയുടെ അണ്ടർകവർ ഏജന്‌റായിരുന്നു അമാരിലിസിസ്.

ലാറ ട്രംപ്
ലാറ ട്രംപ്

അനൗദ്യോഗിക തസ്തികയിൽ തന്റെ 22ാം വയസ്സിൽ ഏജൻസിയിൽ ഏജൻസിയുടെ ഭാഗമായ അമാരിലിസ് എട്ടുവർഷത്തോളം അവിടെയുണ്ടായിരുന്നു. ആയുധം സമാഹരിക്കാനുള്ള ഭീകരരുടെ ഒട്ടേറെ പ്ദ്ധതികൾ താൻ തകർത്തിട്ടുണ്ടെന്നൊക്കെ ഇവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ അമാരിലിസ് സിഐഎ ഡയറക്ടറാകുന്നതിനെ പല മുതിർന്ന ഭരണനിപുണൻമാരും എതിർക്കുന്നുണ്ട്. സിഐഎയുടെ മുൻനിര ഓഫിസർമാരും ഇതിനെതിരാണ്. സിഐഎ ഡയറക്ടർ സ്ഥാനത്തേക്ക് ജോൺ റാറ്റ്ക്ലിഫ് എന്ന വ്യക്തിയെ ട്രംപ് ഇപ്പോൾതന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. റാറ്റ്ക്ലിഫിന് ഇന്‌റലിജൻസ് മേഖലയിൽ പ്രവർത്തനപരിചയം കുറവാണ്.

അതിനാൽ ഉപഡയറക്ടറുടെ സ്ഥാനം ഇനി നിർണായകമാകും. കേവലം 8 വർഷം അണ്ടർകവർ ഏജന്‌റായി പ്രവർത്തിച്ച അമാരിലിസിന് സിഐഎ പോലെ സങ്കീർണമായ ഒരു ഏജൻസിയെ നയിക്കാനാവില്ലെന്നാണ് ഓഫിസർമാരുടെ അഭിപ്രായം. ഏതായാലും ഈ സ്ഥാനം നേടാൻ തന്നെ ഉറച്ച് അമാരിലിസ് വാളും പരിചയുമെടുത്ത് രംഗത്തുണ്ട്. റാറ്റ്ക്ലിഫിനെ അവർ നേരിൽ കാണുകയും ചർച്ച നടത്തുകയും ചെയ്തു.

English Summary:

Lara Trump to the Senate: Trump pressing DeSantis to name Lara Trump as Rubio's Senate successor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com