ഹൂസ്റ്റണിൽ ‘അയോദ്ധ്യ മാതൃക’യിൽ ക്ഷേത്രം നിർമിക്കും
Mail This Article
ഹൂസ്റ്റൺ ∙ അമേരിക്കയിലെ ഹൂസ്റ്റണിൽ പെയർലാൻഡിൽ സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം നിർമിക്കും. പ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായി അഞ്ച് ഏക്കർ ഭൂമിയിലാണ് പുതിയ ക്ഷേത്രം ഉയരുന്നത്.
കേരളത്തിലെ കുടുംബക്ഷേത്രങ്ങളിലോ പരദേവതാ ക്ഷേത്രങ്ങളിലോ നിന്ന് ഒരു പിടി മണ്ണ് കൊണ്ടുവന്ന് പുതിയ ക്ഷേത്ര ഭൂമിയിൽ പ്രതിഷ്ഠിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര നിർമാണ വിളംബരം ആറ്റുകാൽ തന്ത്രി വാസുദേവൻ ഭട്ടതിരിപ്പാടിന്‍റെ പ്രാർഥനയോടെ നടന്നു. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, എസ്എൻഡിപി യോഗം ഉപാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്‍റ് എം. സംഗീത് കുമാർ, മുംബൈ രാമഗിരി ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദഗിരി, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്‍റ് നിഷ പിള്ള തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിലെ കുടുംബ ക്ഷേത്രങ്ങളിൽനിന്നോ പരദേവതാ ക്ഷേത്രങ്ങളിൽനിന്നോ കലശത്തിൽ കൊണ്ടുവരുന്ന മണ്ണ് മൂല പ്രതിഷ്ഠയ്ക്ക് സമീപം പ്രത്യേകമായി സംരക്ഷിക്കും. ആവശ്യമുള്ളപ്പോൾ കലശം പുറത്തെടുത്ത് പൂജ ചെയ്യാനും അവസരം നൽകും. ഇത് അവരുടെ കുടുംബക്ഷേത്രമായി ഔദ്യോഗികമായി ബന്ധപ്പെടുത്തുമെന്ന് കോഓർഡിനേറ്റർ രഞ്ജിത് പിള്ള അറിയിച്ചു.
2025 നവംബർ 23ന് ബാലാലയ പ്രതിഷ്ഠ നടത്തും. 2026 നവംബർ 24ന് ആദ്യഘട്ടം പൂർത്തിയാകും. ഈ ഘട്ടത്തിൽ വിശാലമായ ആശ്രമം, അയോദ്ധ്യ ക്ഷേത്രത്തിന്‍റെ മാതൃകയിൽ ഹനുമാൻ പ്രതിഷ്ഠ ഉൾപ്പെടെ ദേവീദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രം, കുടുംബ പാരമ്പര്യത്തിലെ ക്ഷേത്ര സങ്കൽപ ഇടങ്ങൾ എന്നിവ ഉണ്ടാകും.
2027 നവംബർ 24ന് ആഗോള ധനകാര്യ സ്ഥാപനത്തിന്‍റെ രൂപീകരണവും സനാതന ഹിന്ദു സർവകലാശാലയുടെ സ്ഥാപനവും നടക്കും.
ഫൗണ്ടേഷൻ ഭാരവാഹികളായ ശ്രീശക്തി ശാന്താനന്ദ മഹർഷി, ജി.കെ. പിള്ള, രഞ്ജിത്ത് പിള്ള, ഡോ. രാമദാസ് പിള്ള, അശോകൻ കേശവൻ, സോമരാജൻ നായർ, അനിൽ ആറന്മുള എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.