അപ്പീൽ സുപ്രീം കോടതി തള്ളി; അർധരാത്രിയിൽ ഇൻഡ്യാനയിൽ വധശിക്ഷ നടപ്പാക്കി
Mail This Article
മിഷിഗൻ സിറ്റി ∙ 15 വർഷത്തിനിടെ ആദ്യമായി ഇൻഡ്യാനയിൽ വധശിക്ഷ നടപ്പാക്കി. 49 കാരനായ ജോസഫ് കോർകോറനെയാണ് ബുധനാഴ്ച പുലർച്ചെ കുത്തിവയ്പ്പിലൂടെ വധിച്ചത്. 2009ന് ശേഷം സംസ്ഥാനം നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. 1997ൽ കോർകോറൻ നാലുപേരെ കൊലപ്പെടുത്തിയതിനായിരുന്നു വധശിക്ഷ ലഭിച്ചത്.
1997 ജൂലൈ 26ന് സംഭവം നടന്നത്.കോർകോറൻ സഹോദരനായ ജെയിംസ് കോർകോറനൊപ്പമായിരുന്നു താമസം. കോർകോറന്‍റെ സഹോദരി കെല്ലി നീറ്റോ, പ്രതിശ്രുത വരൻ റോബർട്ട് ടർണർ എന്നിവരും അവരോടൊപ്പമുണ്ടായിരുന്നു. ടർണറും സഹോദരന്‍റെ രണ്ട് സുഹൃത്തുക്കളായ തിമോത്തി ബ്രിക്കറും ഡഗ് സ്റ്റിൽവെല്ലും തന്നെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ കോർകോറൻ പ്രകോപിതനായി.ഏഴു വയസ്സുള്ള മരുമകളെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ കിടത്തിയ ശേഷം, കോർകോറൻ തന്‍റെ സെമി ഓട്ടോമാറ്റിക് റൈഫിൾ നിറച്ച് സഹോദരനെയും സഹോദരന്‍റെ രണ്ട് സുഹൃത്തുക്കളെയും ടർണറെയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
വധശിക്ഷ നടപ്പാക്കാൻ പാടില്ലെന്ന കോർകോറന്‍റെ അഭിഭാഷകരുടെ അഭ്യർഥന യുഎസ് സുപ്രീം കോടതി നിരസിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് കോർകോറനെ വധിച്ചത്. അധരാത്രിക്കു ശേഷമാണ് വധശിക്ഷാ പ്രക്രിയ ആരംഭിച്ചത്. പുലർച്ചെ 12:44ന് കോർകോറൻ മരിച്ചതായി ഇൻഡ്യാന ഡിപ്പാർട്ട്മെന്‍റ് ഓഫ് കറക്ഷൻ പ്രഖ്യാപിച്ചു. വധശിക്ഷ കാണുന്നതിന് മാധ്യമങ്ങളെ അനുവദിച്ചില്ല.