ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസിൽ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. ടെക്സസിലെ ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സില്‍ അറ്റ് ലാര്‍ജ് പൊസിഷന്‍ 1 ലേക്ക് മലയാളികള്‍ക്ക് സുപരിചിതനായ ഡോ. ജോര്‍ജ് കാക്കനാട്ട് ആണ് മത്സരിക്കുന്നത്.

മേയ് മൂന്നിനാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ 21 മുതല്‍ 29 വരെയാണ് ഏര്‍ലി വോട്ടിങ്. മേയറും ആറു കൗണ്‍സിലര്‍മാരുമാണ് നഗരത്തിന്റെ ഭരണം നടത്തുന്നത്. അതില്‍ രണ്ടു പേര്‍ അറ്റ് ലാര്‍ജ് കൗണ്‍സിലര്‍മാരാണ്. നഗരത്തിനെ നാലായി വിഭജിച്ച് നാലു കൗണ്‍സിലര്‍മാരെ തിരഞ്ഞെടുക്കും. ഇവര്‍ക്കു പുറമേ രണ്ട് അറ്റ് ലാര്‍ജ് കൗണ്‍സിലര്‍മാരും മേയറും അടങ്ങുന്നതാണ് നഗരത്തിന്റെ ഭരണസമിതി. നാലു കൗണ്‍സിലര്‍മാരെ അതാതു കൗണ്‍സിലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മേയറേയും അറ്റ് ലാര്‍ജ് കൗണ്‍സിലര്‍മാരെയും തിരഞ്ഞെടുക്കാന്‍ നഗരത്തിലെ മുഴുവന്‍ വോട്ടര്‍മാരും വോട്ട് ചെയ്യണം.

ആകെ 111,000 ല്‍ പരം ജനസംഖ്യയുള്ള ഷുഗര്‍ലാൻഡില്‍ 38 ശതമാനം തദ്ദേശിയരും 38 ശതമാനം ഏഷ്യക്കാരുമുണ്ട്. മലയാളികളുടെ വലിയ സാന്നിധ്യമാണ് എടുത്തു പറയേണ്ടത്. പൊതുവേ റിപ്പബ്ലിക്കന്‍ മേധാവിത്വമുള്ള നഗരമാണിത്. എന്നാല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കക്ഷിരഹിതമാണ്.

സാമ്പത്തിക അച്ചടക്കം, ജീവിത നിലവാരം, പൊതുസുരക്ഷിതത്വം
സാമ്പത്തിക അച്ചടക്കം പാലിക്കുക, ജീവിത നിലവാരം ഉയര്‍ത്തുക, പൊതുസുരക്ഷിതത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ഡോ. ജോര്‍ജ് വോട്ടര്‍മാരെ സമീപിക്കുന്നത്. നഗരത്തിന്റെ ബജറ്റ് ഫലപ്രാദമായി വിനിയോഗിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ബജറ്റ് കാര്യക്ഷമമായി വിനിയോഗിക്കുന്നതിനായി ലേസര്‍ പോലെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നികുതികളും പിഴകളും ഫീസും മിനിമം ആക്കണം. ഏറ്റവും കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ നല്‍കുന്നതിനായി നഗരത്തിന്റെ വളര്‍ച്ചയിലും  വികസനത്തിലും  എല്ലാ ഘട്ടങ്ങളിലും  ജനപങ്കാളിത്തം ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു.

പൊതു സുരക്ഷയാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്ന മറ്റൊരു വിഷയം. പൊലീസ്, ഫയര്‍, റെസ്‌ക്യൂ, എമര്‍ജന്‍സി മെഡിക്കല്‍ സേവനങ്ങള്‍  ഏറ്റവും മികച്ച രീതിയില്‍ തന്നെ തുടരണം. കുടുംബങ്ങള്‍ക്കും ബിസിനസിനും മികച്ച അവസരങ്ങള്‍ നല്‍കുന്ന ടെക്സസിലെ ഏറ്റവും  നല്ല നഗരമായി ഷുഗര്‍ലാന്‍ഡിനെ മാറ്റണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡോ. ജോര്‍ജ് വ്യക്തമാക്കുന്നു.

പ്രഫഷനല്‍, അക്കാദമിക്, പൊതുപ്രവര്‍ത്തന രംഗത്തെല്ലാം സജീവ സാന്നിധ്യമാണ് അദ്ദേഹം. യുഎസ് എയര്‍ഫോഴ്‌സ് ക്യാപ്റ്റന്‍ ആയ അദ്ദേഹം ഇറാഖ് യുദ്ധം 'ഓപ്പറേഷന്‍  ഡെസേര്‍ട്ട് സ്റ്റോമില്‍' പങ്കെടുത്തിരുന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റായിരുന്ന ഡോ. ജോര്‍ജ്, ആഴ്ചവട്ടം പത്രത്തിന്റെ ചീഫ് എഡിറ്ററുമാണ്.

സൈനിക സേവനമനുഷ്ഠിക്കുന്നതിന് മുൻപ്  സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ അദ്ദേഹം ബര്‍ണി റോഡ് മുനിസിപ്പല്‍ യൂട്ടിലിറ്റീസ് ബോര്‍ഡ് ഓഫ് ഡയറക്ടറായിരുന്നു. ഗ്ലെന്‍ ലോറല്‍ ഹോം ഓണേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ബിസിനസ് സംരംഭകന്‍ എന്ന നിലയില്‍, ഫോര്‍ട്ട് ബെന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗമാണ്. ഷുഗര്‍ലാന്‍ഡ് റോട്ടറി, ഷുഗര്‍ലാന്‍ഡ് ലയണ്‍സ് ക്ലബ്, സെന്റ് തെരേസാസ് കാത്തലിക് ചര്‍ച്ചിലെ നൈറ്റ്സ് ഓഫ് കൊളംബസ് എന്നിവയിലും അംഗമാണ്.

English Summary:

Dr.George Kakkanatt Announces Candidacy for Sugar Land City Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com