ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയെ ചുട്ടുകൊന്ന കേസിൽ പ്രതി അറസ്റ്റിൽ
Mail This Article
ബ്രൂക്ലിൻ (ന്യൂയോർക്ക്)∙ ഞായറാഴ്ച പുലർച്ചെ എഫ് ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ. ന്യൂയോർക്ക് പൊലീസ് മാധ്യമങ്ങൾക്ക് നൽകിയ നിരീക്ഷണ ചിത്രങ്ങളിൽ നിന്ന് ആളുകൾ ഇയാളെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ട്രാൻസിറ്റ് ഓഫിസർമാർ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് മേധാവി കസ്റ്റഡിയിലുള്ള വ്യക്തിയുടെ (ഡീൻ മോസസ് –34) ചിത്രം പുറത്തുവിട്ടു. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 7:30ന് കോണി ഐലൻഡിലെ സ്റ്റിൽവെൽ അവന്യൂ സബ്‌വേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എഫ് ട്രെയിനിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട യുവതി ട്രെയിനിൽ ഉറങ്ങുകയായിരുന്നു. പ്രതി ലൈറ്റർ ഉപയോഗിച്ച് യുവതിയുടെ വസ്ത്രങ്ങൾ കത്തിച്ചു. ആളിപടർന്ന തീ ഉടൻ തന്നെ യുവതിയെ വിഴുങ്ങിയെന്ന് ന്യൂയോർക്ക് പൊലീസ് കമ്മീഷണർ ജെസീക്ക ടിഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. യുവതിയെ തീ വിഴുങ്ങുന്നത് നോക്കി ട്രെയിനിന് പുറത്തുള്ള ബെഞ്ചിൽ ഡീൻ മോസസ് ഇരുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുകളിലെ പ്ലാറ്റ്ഫോമിൽ പട്രോളിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ പുക വരുന്നത് കണ്ടാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തീയിൽ അകപ്പെട്ട സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.