അതിർത്തി വരെ എത്തിച്ചത് സംഘത്തിലൊരാൾ, കാനഡയിലെ 260 കോളജുകൾക്ക് പങ്ക് , യുഎസിലേക്ക് മനുഷ്യകടത്ത് ; വെളിപ്പെടുത്തൽ
Mail This Article
ന്യൂഡൽഹി ∙ കാനഡയിലെ 260 കോളജുകൾക്കു യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തൽ. 2022 ജനുവരിയിൽ യുഎസ്–കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ ഇന്ത്യൻ കുടുംബം മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു നിരീക്ഷണം.
ഗുജറാത്തിൽ നിന്നുള്ള ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി ബെൻ (37), മകൾ വിഹാംഗി (11), മകൻ ധാർമിക് (3) എന്നിവരാണ് അന്ന് അതിർത്തിയിൽ മരിച്ചത്. യുഎസിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ആരോ ഇവരെ അതിർത്തി വരെ കാറിലെത്തിച്ചശേഷം അവിടെ വിട്ടിട്ടുപോയതായിരുന്നു.
കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന സ്റ്റുഡന്റ് വീസയിലെത്തുന്നവരാണ് ഇത്തരത്തിൽ യുഎസിലേക്കു കടക്കുന്നതെന്നും കോളജുകൾക്കും ഇതിൽ പങ്കുണ്ടെന്നുമാണു വിവരം. സ്റ്റുഡന്റ് വീസയ്ക്കും യുഎസിലേക്കു കടത്താനുമായി 50–60 ലക്ഷം രൂപയാണ് ഏജന്റുമാർ ഈടാക്കുന്നത്. മറ്റു മാർഗങ്ങളിൽ നൽകേണ്ടതിനെക്കാൾ കുറഞ്ഞ നിരക്കാണിതെന്നതും ഇതിലേക്കു കൂടുതൽപ്പേരെ ആകർഷിക്കുന്നുണ്ട്.
ഈ മാസം 10, 19 തീയതികളിലായി ഇ.ഡി മുംബൈ, നാഗ്പൂർ, ഗാന്ധിനഗർ, വഡോദര എന്നിവിടങ്ങളിലെ 7 ഏജന്റുമാരുടെ കേന്ദ്രങ്ങളിൽപരിശോധന നടത്തിയിരുന്നു. മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിലെ 2 ഏജന്റുമാർ മാത്രം കഴിഞ്ഞ വർഷം 35,000 പേരെ ഇത്തരത്തിൽ കടത്തിയെന്നാണു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. രാജ്യത്തെ എണ്ണൂറോളം ഏജന്റുമാർ ഇത്തരം മനുഷ്യക്കടത്തിൽ ഭാഗമായിട്ടുണ്ടെന്നാണ് ഇ.ഡി വിലയിരുത്തൽ.