ഗ്ലോബൽ ഇന്ത്യ ഫെസ്റ്റ് 2025ന് കിക്ക് ഓഫ്; ആഘോഷക്കാഴ്ചകളുമായി അണിഞ്ഞൊരുങ്ങാൻ ഹൂസ്റ്റൺ
Mail This Article
ഹൂസ്റ്റൺ∙ ഗ്ലോബൽ ഇന്ത്യ ഫെസ്റ്റ് - 2025ന്‍റെ കിക്ക് ഓഫ് നടന്നു. ഫിൽ ഫില റസ്റ്ററന്‍റിൽ നടന്ന കിക്ക് ഓഫ് ചടങ്ങിൽ ഹൂസ്റ്റണിലെ പ്രമുഖർ പങ്കെടുത്തു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെയും എം.ടി. വാസുദേവൻ നായരുടെയും ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ചു ഒരു മിനിറ്റ് മൗനമാചരിച്ചു കൊണ്ടായിരുന്നു ചടങ്ങിന്‍റെ തുടക്കം.
മേയ് ക്വീൻ സൗന്ദര്യ മത്സരം, ഷാൻ റഹ്‌മാൻ ലൈവ് ഇൻ മ്യൂസിക് ഷോ,ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുമായി ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന ഫെസ്റ്റ് 2025 മേയ് 24ന് ജിഎസ്ടി ഇവന്‍റ് സെന്‍ററിൽ നടക്കുന്നതാണ്. ഈ ഫെസ്റ്റ് ഹൂസ്റ്റണിന്‍റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്ന് ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘാടകൻ ജെയിംസ് കൂടൽ പറഞ്ഞു.
സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജി സുരേന്ദ്രൻ പട്ടേൽ, ഐപിസിഎൻഎ നാഷനൽ വൈസ് പ്രസിഡന്‍റ് അനിൽ ആറന്മുള, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് സൈമൺ വളാച്ചേരിൽ, ഒഐസിസി നാഷനൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, റെയ്‌ന റോക്ക് (ദക്ഷിൻ റേഡിയോ), സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് സക്കറിയ കോശി, ബിജു ഇട്ടൻ, ഫാൻസിമോൾ പള്ളാത്തുമഠം (ഫൊക്കാന), ജെയിംസ് വാരിക്കാട് (ഡബ്ല്യുഎംസി), ജോൺ ഡബ്ല്യു. വർഗീസ് (പ്രോംപ്റ്റ് മോർഗേജ്), മാഗ് പ്രസിഡന്‍റ് മാത്യൂസ് മുണ്ടക്കൽ, പൊടിയമ്മ പിള്ള (ഫോമാ), മാഗ് മുൻ പ്രസിഡന്‍റ് ജോജി ജോസഫ്, ബിജു ചാലക്കൽ, ശശിധരൻ പിള്ള, എബ്രഹാം വർക്കി, സജി പുല്ലാട്, മോട്ടി മാത്യു, ജോർജ് തെക്കേമല, ഡാനിയേൽ ചാക്കോ, ഫിന്നി രാജു, ജോയ് തുമ്പമൺ, സുബിൻ, ഷാജു, ജെ.ജെ.ബി. ഗ്രൂപ്പ് പാർട്ണർമാരായ സോണി ജോസഫ്, ജോൺ ബാബു തുടങ്ങിയവർ ആശംസകൾ നേർന്നു.
ലക്ഷി പീറ്റർ ഒരുക്കുന്ന ഫാഷൻ ഷോയും സൗന്ദര്യ മത്സരവും ഇന്ത്യ ഫെസ്റ്റിനെ വേറിട്ടതാക്കും. ബിസിനസ് എക്സിബിഷൻസ്, സെമിനാറുകൾ, ഓപ്പൺ ഫോറം, ഫുഡ് സ്റ്റാളുകൾ, അവാർഡ് നൈറ്റ് തുടങ്ങി 12 മണിക്കൂർ നീളുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.ഷാൻ റഹ്‌മാൻ ടീമിന്‍റെ മ്യൂസിക് ഷോയും ഉണ്ടാകും. 10X പ്രോപ്പർട്ടിസ് സിഇഒ.സുകേഷ് ഗോവിന്ദനും ടോമർ ഗ്രൂപ്പ് ചെയർമാൻ തോമസ് മൊട്ടക്കലും ഇന്ത്യ ഫെസ്റ്റിന്‍റെ മുഖ്യ സഹകാരികളാണ്.
ലക്ഷ്മി പീറ്റർ, ഷിനു എബ്രഹാം, ഷിബു ജോർജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.