ട്രംപും മസ്‌കും തമ്മിൽ അകലുന്നതായി സൂചന
Mail This Article
ഹൂസ്റ്റണ്‍∙ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സുഹൃത്ത് ഇലോണ്‍ മസ്‌കും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണ് തുടങ്ങിയതായി സൂചനകൾ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മസ്‌കിനോട് 100 ശതമാനം അമര്‍ഷമുണ്ട്. ശക്തമായ ഇടപെടൽ കാരണം മസ്കിനെ പലരും 'പ്രസിഡന്‍റ് മസ്‌ക്' എന്ന് വിശേഷിപ്പിക്കുന്നതായി ആക്ഷേപമുണ്ട്.
∙'പ്രസിഡന്‍റ് മസ്‌ക്'
ഡോണൾഡ് ട്രംപാണ് നിയുക്ത പ്രസിഡന്‍റ് എങ്കിലും അധികാരകേന്ദ്രമെന്ന നിലയിൽ മസ്ക് വളരുന്നതായി കരുതപ്പെടുന്ന രണ്ട് പ്രധാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്: ഒന്ന്, ചെലവ് ബില്‍ വിവാദം. രണ്ടാമത്തേത്, എച്ച്1ബി വീസ പ്രോഗ്രാം. സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ നടത്തിയ ഉഭയകക്ഷി ബില്ലിനെതിരെ ഇലോണ്‍ മസ്‌ക് 80ലധികം പോസ്റ്റുകള്‍ ഇടുകയും ബില്‍ പാസാക്കാന്‍ അനുവദിക്കരുതെന്ന് റിപ്പബ്ലിക്കന്‍മാരോട് അഭ്യർഥിക്കുകയും ചെയ്തു
ഇലോണ്‍ മസ്‌കിന്‍റെ ഈ ഇടപെടലിന് ശേഷം, വിവേക് രാമസ്വാമിയുടെ സഹായത്തോടെ, ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാന്‍സും ചെലവ് ബില്ലിനെ എതിര്‍ത്ത് പ്രസ്താവന നടത്തി. അവസാന നിമിഷം, ഫെഡറല്‍ ലോക്ക്ഡൗണിലേക്ക് പോകുന്നതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്ന ഒരു പുതിയ ബില്‍ പാസാക്കുകയും ചെയ്തു.
മസ്‌കാണ് യഥാര്‍ത്ഥ പ്രസിഡന്‍റ് എന്ന ഊഹാപോഹങ്ങളെ തമാശരൂപേണയാണ് ട്രംപ് നേരിട്ടത്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ചതിനാല്‍ മസ്‌കിന് പ്രസിഡന്റാകാന്‍ കഴിയില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി. ഊഹാപോഹങ്ങളെ തള്ളിക്കളഞ്ഞ ഇലോണ്‍ മസ്‌ക് തനിക്കും ഡോണൾഡ് ട്രംപിനും ഇടയില്‍ വിള്ളലുണ്ടാക്കാനുള്ള നീക്കമാണിതെന്ന് പറഞ്ഞ് രംഗത്തുവന്നു.
എച്ച്-1 ബി വീസ പ്രോഗ്രാമിന്‍റെ വിപുലീകരണത്തിന് എതിരായ റിപ്പബ്ലിക്കന്‍മാര്‍ക്കെതിരെ എലോണ്‍ മസ്‌ക് യുദ്ധം പ്രഖ്യാപിച്ചു. വിദഗ്ധരായ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന എച്ച്-1 ബി പ്രോഗ്രാമിന്‍റെ പേരിലാണ് താന്‍ രാജ്യത്തുള്ളതെന്ന് ചൂണ്ടിക്കാട്ടി രൂക്ഷമായി പ്രതികരിച്ചു.
താനും എച്ച്-1 ബിയെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞ് ഡോണൾഡ് ട്രംപ് വിവാദം അവസാനിപ്പിച്ചു, എന്നാല്‍ അദ്ദേഹം അസ്വസ്ഥനാണെന്ന് നിയുക്ത പ്രസിഡന്റിനോട് അടുപ്പമുള്ളവര്‍ അവകാശപ്പെടുന്നു.