ADVERTISEMENT

ന്യൂയോർക് /കോട്ടയം ∙ സ്വാതന്ത്ര്യസമര സേനാനി യശ്ശശരീരനായ കെ.ഇ.മാമ്മന്‍ രൂപം കൊടുത്ത് കേരളത്തിലെ സാമൂഹിക, സാംസ്കാരിക,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ മുപ്പതാം വാര്‍ ഷികാഘോഷവും  ജനകീയ സമിതി കെ.ഇ.മാമ്മന്‍ സ്മാരക പുരസ്കാര സമര്‍പ്പണവും ജനുവരി 7ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും.  

ഗോവ ഗവര്‍ണര്‍ ഡോ. പി.എസ്. ശ്രീധരന്‍പിള്ള പരിപാടികൾ ഉദ്ഘാടനം ചെയ്യും.  25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് കെ.ഇ.മാമ്മന്‍ സ്മാരക പുരസ്കാരം. ജനകീയ സമിതി സംസ്ഥാന പ്രസിഡന്‍റും കേരള ഗാന്ധി സ്മാരക നിധി ചെയര്‍മാനുമായ ഡോ.എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജനകീയ സമിതി പ്രസിദ്ധീകരിക്കുന്ന ദര്‍ശന രേഖ  മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പ്രകാശനം ചെയ്യും.

ആത്മീയതയില്‍ അധിഷ്ഠിതായി, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ രാഷ്ട്രസേവ പുരസ്കാരവും കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം.ജി. രാധാകൃഷ്ണന്‍ മാധ്യമ പുരസ്കാരവും ജീവകാരുണ്യപ്രവര്‍ത്തകനും ഐ.എന്‍.എ.സമരഭടനുമായ ലഫ്.കെ.സി.ഏബ്രഹാമിന്‍റെ ജീവചരിത്രഗ്രന്ഥകാരനുമായ ഡോ. ഉമ്മന്‍ പി.ഏബ്രഹാം പ്രവാസി പുരസ്കാരവും ഏറ്റുവാങ്ങും.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി  സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ പരമഹംസ സ്വാമി മുഖ്യപ്രഭാഷണം നടത്തും. വര്‍ക്കിങ്ങ് ചെയര്‍മാന്‍ എന്‍.വി.പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ്, ട്രഷറര്‍ അഴീക്കോട് ഹുസൈന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.പി.ജയചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍, വര്‍ഗീസ് ചെമ്പോല എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ആത്മീയാചാര്യന്‍, വേദശാസ്ത്രജ്ഞന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച സന്യാസശ്രേഷ്ഠന്‍ ആണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍, പതിനേഴ് ജീവകാരുണ്യപ്രസ്ഥാനങ്ങളുടെ സ്ഥാപകന്‍ എന്ന നിലയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും, ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും അത്താണിയും ആശ്വാസവുമായി മാറുന്ന, നിഷ്കാമമായ സേവന പ്രവര്‍ത്തനങ്ങളാണ് പരിശുദ്ധ ബാവായില്‍ നിന്നും പൊതുസമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് എം.ജി.രാധാകൃഷ്ണന്‍. രാഷ്ട്രീയ നിരീക്ഷകന്‍. നാലു പതിറ്റാണ്ടുകാലം അച്ചടിമാധ്യമത്തിലും ദൃശ്യമാധ്യമത്തിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരന്‍ എന്ന നിലയിലും വിവര്‍ത്തകന്‍ എന്ന നിലയിലും വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

പ്രവാസി സാംസ്കാരിക പ്രവര്‍ത്തകനാണ് ഡോ.ഉമ്മന്‍ പി.ഏബ്രഹാം. മാധ്യമ പ്രവർത്തകനും ന്യൂയോര്‍ക്കില്‍ ഐടി പ്രഫഷനലും ആണ്. തിയോളജിയില്‍ മാസ്റ്റര്‍ ബിരുദവും പി.എച്.ഡിയും നേടിയിട്ടുണ്ട്. ധീരദേശാഭിമാനി ലഫ്. കെ.സി. ഏബ്രഹാം ഐ.എന്‍.എയുടെ ജീവചരിത്രം പിതാവിനെക്കുറിച്ചുള്ള അനുസ്മരണമാണ്. ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളിലും സജീവമാണ്.  

English Summary:

Goa Governor Dr. PS Sreedharan Pillai will present Janakeya Samiti awards on 7th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com