ഇന്ത്യൻ വിദ്യാർഥിനിയുടെ മരണം: കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കി സിയാറ്റിൽ പൊലീസ്
Mail This Article
സിയാറ്റിൽ∙ 2023 ജനുവരിയിൽ ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുലയെ പട്രോളിങ് വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സിയാറ്റിൽ പൊലീസ് ഉദ്യോഗസ്ഥൻ കെവിൻ ഡേവിനെ സേനയിൽ നിന്ന് പുറത്താക്കി. 2023 ജനുവരി 23ന് സിയാറ്റിലിലെ ഒരു തെരുവ് മുറിച്ചുകടക്കുമ്പോഴാണ് ഡേവ് ഓടിച്ച പൊലീസ് വാഹനം ആന്ധ്രാപ്രദേശിൽ നിന്നുള്ള 23കാരിയായ കണ്ടുലയെ ഇടിച്ചത്. ഈ അപകടത്തെ തുടർന്നാണ് കണ്ടുല മരിച്ചത്.
ഡിപ്പാർട്ട്‌മെന്‍റ് നയങ്ങളിൽ നാല് എണ്ണം ലംഘിച്ചതായി സിയാറ്റിൽ ഓഫിസ് ഓഫ് പൊലീസ് അക്കൗണ്ടബിലിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അമിത അളവിൽ ലഹരിമരുന്നു കഴിച്ചതായി ഫോൺ ലഭിച്ചതിനെത്തുടർന്ന് അന്വേഷണത്തിനു പോകുകയായിരുന്നു പൊലീസ്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡാനിയൽ ഓഡറർ സിയാറ്റിൽ പൊലീസ് ഓഫിസേഴ്സ് ഗിൽഡ് പ്രസിഡന്റിനെ ഫോണിൽ വിളിച്ചതിന്‍റെ ശബ്ദരേഖ പുറത്തായതും വിവാദമായിരുന്നു. വിദ്യാർഥിനി മരിച്ചെന്നു പറഞ്ഞു പൊട്ടിച്ചിരിച്ച ഓഡറർ, വണ്ടിയോടിച്ച പൊലീസുകാരൻ കുറ്റം ചെയ്തിട്ടില്ലെന്നും പണം നൽകി പ്രശ്നം പരിഹരിക്കാമെന്നും പറഞ്ഞത് വിവാദമായിരുന്നു. നേരത്തെ ഇയാളെയും സർവീസിൽ നിന്നും പുറത്താക്കിയിരുന്നു