ADVERTISEMENT

ബേപ്പൂർ സ്വദേശി സിന്ധു പി.മേനോന് 3 ജന്മമായിരുന്നു. ഉഷാറായി, ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ കാൻസറിനെ രണ്ടുവട്ടം നേരിട്ടു സിന്ധു. 2004 വരെ ആദ്യ ജന്മം. അന്ന് 29 വയസ്സ്. ശരീരത്തിൽ ചില അസ്വാഭാവികത തോന്നിയതിനെത്തുടർന്നാണ് ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നത്. മരുന്നു കഴിച്ചിട്ടും പ്രശ്നങ്ങൾ വിടാതെ പിന്തുടർന്നപ്പോൾ വിദഗ്ധ പരിശോധനയായി. അതിനാലാണ് കാൻസർ സ്ഥിരീകരിച്ചത്. പിന്നെ, ചികിത്സയും ശസ്ത്രക്രിയയുമായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. 

ധൈര്യത്തോടു ധൈര്യം
കീമോതെറപ്പി അൽപം ‘സ്ട്രോങ്’ ആയിരിക്കുമെന്നു ഡോക്ടർ ആദ്യമേ പറഞ്ഞു. ഒരു യുദ്ധത്തിന് ഒരുങ്ങിവരാനാണ് പറഞ്ഞത്. കീമോ തുടങ്ങിയപ്പോൾതന്നെ ‘സ്ട്രോങ്’ എന്തായിരിക്കുമെന്ന പാഠം പഠിച്ചെന്ന് സിന്ധു. ആ പ്രായത്തിൽ മുടി പൊഴിയുന്ന കാര്യമോർത്തപ്പോൾതന്നെ വിഷമമായി. ഒരു വലി വലിച്ചാൽ മുടി മുഴുവൻ ഊരിപ്പോരുന്ന അവസ്ഥ. പിന്നെ, വിഗ്ഗിന്റെ സാധ്യതയിലായി ചിന്ത. ബന്ധുവഴി ചെന്നൈയിൽനിന്ന് സംഘടിപ്പിച്ചു ഒന്ന്. തെലുങ്ക് സിനിമയിലേക്കു വിഗ്ഗൊരുക്കുന്ന ഹരിയണ്ണ എന്ന ആളിൽനിന്നാണ് സംഘടിപ്പിച്ചതെന്ന് സിന്ധു ചിരിവിടാതെ ഓർക്കുന്നു. അന്നു ചെയ്ത മറ്റൊരു സാഹസം സ്വന്തമായി കാർ ഓടിക്കുകയെന്നതാണ്. ഡ്രൈവിങ് പഠിച്ചെങ്കിലും അതുവരെ കാർ അനക്കി നോക്കിയിട്ടുപോലുമില്ല. ഇനിയെന്തു വരാൻ എന്ന ചിന്തയിൽ ധൈര്യമായി വണ്ടി പുറത്തിറക്കി. 

തുടർജന്മം
2016ൽ വീണ്ടും ചെറിയ പ്രശ്നങ്ങൾ. വയർ വീർത്തുവരുന്നു, പനി വന്നിട്ടു മാറുന്നില്ല. വീണ്ടും ഡോക്ടറെ കണ്ടു. മകൻ 10ാം ക്ലാസിലാണ്. അതിന്റെ ആശങ്കയുണ്ട്. ആദ്യം കാൻസർ ഉറപ്പിക്കുമ്പോൾ മകന് 3 വയസ്സായിരുന്നു. പരിശോധനയിൽ വീണ്ടും കാൻസർ സാന്നിധ്യം കണ്ടു. കീമോതെറപ്പി ഇത്തവണ വലിയ പ്രശ്നമായി തോന്നിയില്ല. കീമോ തുടങ്ങിയ ആദ്യഘട്ടത്തിൽ മുടി പോയില്ല. മുടിയുണ്ടല്ലോ എന്ന സന്തോഷമായി. പതിയെപ്പതിയെ അതു പൊഴിഞ്ഞുതുടങ്ങി. തുടർന്ന് ശസ്ത്രക്രിയയും നടത്തി. ഇത്തവണ വിഗ്ഗൊന്നും ഉപയോഗിക്കുന്നില്ലെന്നു തീരുമാനിച്ചു. കോഴിക്കോട് മജിസ്ട്രേട്ട് കോടതിയിലാണ് ആദ്യഘട്ട സമയത്തു സിന്ധു ജോലി ചെയ്തിരുന്നത്. ഇപ്പോൾ സിവിൽ സ്റ്റേഷനിലെ ഓണററി കോർട്ടിൽ സീനിയർ ക്ലാർക്ക് ആണ്. അച്ഛൻ പദ്മനാഭ മേനോനും അമ്മ പത്മവല്ലിക്കും മകനുമൊപ്പം ബേപ്പൂരിലെ ‘അനാമിക’ വീട്ടിൽ താമസം. 

പിശുക്ക് മാറി
രണ്ടുവട്ടം കാൻസറിനെ തോൽപിച്ചപ്പോൾ മാറിയത് തന്റെ പിശുക്കാണെന്നു സിന്ധു. ആളുകളെ സഹായിക്കാൻ കൂറേക്കൂടെ വിശാലമായി മനസ്സ് കിട്ടി. അസുഖം കണ്ടെത്തി, ആദ്യഘട്ടത്തിൽ കുറച്ചു ടെൻ‌ഷനൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതൊന്നുമില്ല. അസുഖബാധിതരായ പലരും വിളിക്കാറുണ്ട്. ‘എന്നെയൊന്നു നോക്കിക്കേ...’ എന്നാണ് അവരോടു പറയുന്നത്. ഒന്നല്ല, രണ്ടുവട്ടം വട്ടം പിടിച്ചിട്ടും തോറ്റുകൊടുത്തില്ല, പിന്നല്ലേ എന്ന ഭാവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com