ഒരേ പ്രായമുള്ള സ്ത്രീയുടെയും പുരുഷന്റെയും തലച്ചോറിന്റെ പ്രായം എത്രയെന്നോ!
Mail This Article
ഒരേ പ്രായത്തിലുള്ള സ്ത്രീയുടെയും പുരുഷന്റെയും തലച്ചോറിന് പക്ഷേ ഒരേ പ്രായമല്ല. സ്ത്രീയുടെ തലച്ചോറ് അതേ പ്രായത്തിലുള്ള പുരുഷന്റെ തലച്ചോറിനേക്കാൾ ചെറുപ്പമായിരിക്കുമത്രേ. വാഷിങ്ടൻ സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിന്റെ ഫലം പ്രൊസീഡിങ്സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ചത്. സ്ത്രീയിൽ ക്രോണോളജിക്കൽ ഏജിനെക്കാൾ 3.8 വർഷം കുറവായിരിക്കും തലച്ചോറിന്റെ പ്രായം. പുരുഷനിൽ ഇത് 2.4 വര്‍ഷം കൂടുതലുമായിരിക്കും.
20 മുതൽ 82 വയസ്സു വരെ പ്രായമുള്ള 121 സ്ത്രീകളിലും 84 പുരുഷന്മാരിലുമായിരുന്നു പഠനം. ഇവരുടെ തലച്ചോറിന്റെ മെറ്റബോളിസം അതായത് ഗ്ലൂക്കോസിന്റെയും ഓക്സിജന്റെയും പ്രവാഹം പിഇടി സ്കാൻ ഉപയോഗിച്ച് അളന്നു. മറ്റ് അവയവങ്ങളെപ്പോലെ തലച്ചോറും ഇന്ധനമായി ഷുഗർ ആണുപയോഗിക്കുന്നത്. എന്നാൽ അത് ഗ്ലൂക്കോസിന്റെ ഉപാപചയം എങ്ങനെ നടത്തുന്നു എന്നത് തലച്ചോറിന്റെ മെറ്റബോളിക് ഏജിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തുന്നു.
പുരുഷന്മാരുടെ തലച്ചോറിന് വേഗം പ്രായം കൂടുന്നതല്ല ഇതിനു കാരണമെന്നും സ്ത്രീകളെക്കാൾ മൂന്നുവർഷം മുമ്പേ അതേ പ്രായത്തിലുള്ള പുരുഷൻ പ്രായപൂർത്തി എത്തുന്നു എന്നും ഇത് ജീവിതകാലം മുഴുവൻ ഇങ്ങനെ തന്നെ തുടർന്നു പോകുന്നുവെന്നും വാഷിങ്ടൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറും ഈ പഠനം നടത്തിയ ഗവേഷകരിലൊരാളുമായ മനു ഗോയൽ പറയുന്നു.
പക്ഷേ എന്തുകൊണ്ട് ഇങ്ങനെ? ഹോർമോണുകൾ തലച്ചോറിന്റെ ഉപാപചയത്തെ ചെറിയ പ്രായത്തില്‍ത്തന്നെ പ്രത്യേക രീതിയിലാക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ ജീവിതകാലം മുഴുവൻ കൂടുതൽ ചെറുപ്പമാക്കുന്ന പാറ്റേണിലാണ് തലച്ചോറിനെ ഷേപ്പ് ചെയ്യുന്നത്.
പ്രായമാകുമ്പോൾ പോലും അതേ പ്രായത്തിലുള്ള പുരുഷന്മാരെ അപേക്ഷിച്ച് ബൗദ്ധികമായി സ്ത്രീകൾ മികച്ചു നിൽക്കുന്നതിനു കാരണം അവരുടെ തലച്ചോറിന്റെ ചെറുപ്പമാകാമെന്നും ഗവേഷകർ പറയുന്നു. പ്രായമാകുമ്പോൾ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഓർമക്കുറവോ മറവിയോ ഉണ്ടാകാത്തതിനു കാരണവും ഇതു തന്നെ.