കൊടുംചൂട്: സൂര്യാഘാത സാധ്യതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
Mail This Article
‘എന്തൊരു തണുപ്പെന്ന’ സ്ഥിരം പരാതിപറച്ചിൽ പ്രകൃതി കേട്ടുകാണും! വീണ്ടും കൊടുംചൂടുകാലത്തിനു തുടക്കമായി. ചൊവ്വാഴ്ച തൃശൂരിൽ രേഖപ്പെടുത്തിയ കൂടിയ താപനില 35.1 ഡിഗ്രി സെൽഷ്യസ്. ഈയാഴ്ചയിലെ എല്ലാദിവസവും 34 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. ഇക്കണക്കിനു പോയാൽ മാർച്ച് മാസത്തോടെ താപനില നാൽപതിനോടടുക്കും. ചൂടു കൂടുന്തോറും വേനൽക്കാല രോഗങ്ങൾക്കു സാധ്യതയേറെ. സൂര്യാഘാത സാധ്യതയെക്കുറിച്ചു ഡിഎംഒ ഡോ. കെ.ജെ. റീന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യാഘാതം മാത്രമല്ല, ഒട്ടേറെ വേനൽക്കാല രോഗസാധ്യതകൾ സജീവം
സൂര്യാഘാതം (സൺ സ്ട്രോക്ക്)
അന്തരീക്ഷതാപം പരിധിവിട്ടുയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ശരീരതാപം പുറന്തള്ളാൻ കഴിയാതെ വരികയും ചെയ്യും. ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലാക്കുന്ന ഈ രോഗാവസ്ഥയാണ് സൂര്യാഘാതം. കേരളത്തിൽ സൂര്യാഘാതം വിരളമാണെങ്കിലും കരുതിയിരിക്കണം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.
ലക്ഷണങ്ങൾ
∙ ഉയർന്ന ശരീരതാപം (103 ഫാരൻഹീറ്റിനു മുകളിൽ)
∙ വറ്റിവരണ്ടു ചുവന്നു ചൂടായ ശരീരം
∙ വേഗത്തിലുള്ള നാഡിമിടിപ്പ്
∙ ശക്തിയായ തലവേദന, തലകറക്കം, മാനസിക മാറ്റങ്ങൾ
ശരീര തിണർപ്പ് (ഹീറ്റ് റാഷ്)
ചൂടേറുമ്പോൾ ശരീരം വിയർക്കുന്ന ഭാഗങ്ങളിൽ ചൊറിഞ്ഞു തിണർത്തു പൊന്തുന്ന അവസ്ഥ. കുട്ടികളിൽ കൂടുതലായി കാണുന്നു. കഴുത്തിലും നെഞ്ചിന്റെ മുകൾഭാഗത്തും കക്ഷത്തിലും കാണപ്പെടാം. അധികം വെയിൽ ഏൽക്കാതിരിക്കലാണു പരിഹാര മാർഗം. ശരീരം വിയർത്തൊലിക്കുന്ന അവസ്ഥ ഒഴിവാക്കുക.
പേശിവലിവ് (ഹീറ്റ് ക്രാംപ്)
ചൂടു കൂടുമ്പോൾ ശരീരം വിയർത്തു ജലാംശം നഷ്ടപ്പെടുന്നതിലൂടെ പേശിവലിവ് ഉണ്ടാകാം. കൈകാലുകൾ, ഉദരപേശികൾ എന്നിവിടങ്ങളെയാണു കൂടുതലും ബാധിക്കാറുള്ളത്. പേശിവലിവ് അനുഭവപ്പെട്ടാൽ തണലുള്ള ഭാഗത്തേക്കു മാറുക, ധാരാളം വെള്ളം കുടിക്കുക, ഉപ്പിട്ടു കഞ്ഞിവെള്ളവും നാരങ്ങാ വെള്ളവും കുടിക്കുക എന്നിവയാണു പ്രതിവിധി. ഏതാനും മണിക്കൂർ വിശ്രമിക്കണം.
സൂര്യാതപത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?
∙വെയിലത്തു ജോലി ചെയ്യുന്നവർ ജോലിസമയം പുനഃക്രമീകരിക്കണം. ഉച്ചയ്ക്കു 12 മുതൽ 3 വരെ വെയിലത്തു ജോലി വേണ്ട.
∙ വെള്ളം ധാരാളം കുടിക്കുക. ദാഹമില്ലെങ്കിൽ പോലും ഓരോ മണിക്കൂറിലും 2 മുതൽ 4 വരെ ഗ്ലാസ് വെള്ളം കുടിക്കുക. നന്നായി വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളമോ നാരങ്ങാ വെള്ളമോ കുടിക്കണം.
∙ ചൂടുകൂടിയ സമയങ്ങളിൽ വെയിലേൽക്കാതിരിക്കുക.
∙ കട്ടികുറഞ്ഞ വെളുത്തതോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
∙ വെയിലത്തു പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ കുട്ടികളെയും മറ്റും ഇരുത്തി പോകാതിരിക്കുക.
∙ വയോധികരും കുട്ടികളും ഉച്ചവെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം.
∙ വീടിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു വായുസഞ്ചാരം ഉറപ്പാക്കണം.
സൂര്യാതപം (ഹീറ്റ് എക്സോഷൻ)
സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ രോഗാവസ്ഥ. കനത്ത ചൂടുമൂലം ശരീരത്തിൽനിന്നു ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നു. വെയിലത്തു ജോലി ചെയ്യുന്നവരിലും വയോധികരിലും കൂടുതൽ കാണപ്പെടും. രക്തസമ്മർദം ഉള്ളവരും പേടിക്കണം. കൃത്യസമയത്തു ചികിത്സിച്ചില്ലെങ്കിൽ സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്കു മാറാം.
ലക്ഷണങ്ങൾ
∙ ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശിവലിവ്
∙ ശക്തമായ ക്ഷീണവും തലകറക്കവും
∙ തലവേദന, ഓക്കാനം, ഛർദി.
∙ ശരീരം തണുത്താലും നാഡിമിടിപ്പിനു വേഗം കൂടും.
∙ ശ്വസന നിരക്ക് അതിവേഗത്തിലാകും.