ADVERTISEMENT

നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാമെന്നു ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുമ്പോഴും കാന്‍സര്‍ രോഗത്തെ എല്ലാവർക്കും ഭയമാണ്. ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കാന്‍സര്‍ രോഗം മുന്‍പെങ്ങും ഇല്ലാത്തത്ര കൂടുകയാണ്. ജീവിതചര്യകളിലെ മാറ്റം, ആഹാരശീലങ്ങള്‍ തുടങ്ങി കാന്‍സര്‍ പിടിപെടാന്‍ ഒരുപാട് കാരണങ്ങള്‍ ഇന്ന് ശാസ്ത്രം മുന്നോട്ടു വയ്ക്കുന്നുണ്ട്.

അടുത്തിടെ നടത്തിയ ഒരു പഠനപ്രകാരം ഇന്ത്യയിലാകമാനം   1.2 മില്യന്‍  കാന്‍സര്‍ രോഗികളും  2.2 മില്യന്‍ കാന്‍സര്‍ മോചിതരും ഉണ്ട്. ശ്വാസകോശം, ചുണ്ട്, വായ എന്നീ അവയവങ്ങളെ ബാധിക്കുന്ന കാന്‍സര്‍ ആണ് ഇന്ത്യയില്‍  പുരുഷന്മാരില്‍ ഏറെയും കാണപ്പെടുന്നത്. അതേസമയം സ്തനം, സെര്‍വിക്സ്‌, ഗര്‍ഭപാത്രം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ ആണ് സ്ത്രീകളില്‍ ഏറെയും കാണപ്പെടുന്നത്.  രോഗനിര്‍ണയത്തിനു ശരീരം നല്‍കുന്ന ചില മുന്നറിയിപ്പുകൾ ശ്രദ്ധിച്ചാല്‍ രോഗത്തെ വളരെ നേരത്തേ കണ്ടെത്താന്‍ സഹായിക്കുമെന്ന് പ്രശസ്ത കാന്‍സര്‍ രോഗചികിത്സകനായ ഡോക്ടര്‍ നിഖില്‍ കല്യാണി പറയുന്നു. അത്തരം ചില മുന്നറിയിപ്പുകൾ ശ്രദ്ധിക്കാം.

തല, തൊണ്ട കാന്‍സര്‍ - വായിലെ ഉണങ്ങാത്ത മുറിവുകള്‍, കഴുത്തിലെ വീക്കം, ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് .

ലിവര്‍ കാന്‍സര്‍ - വലുത് വശം  ചേര്‍ന്ന് വയറിനു മുകളില്‍ വേദന, നീര് , മഞ്ഞപ്പിത്തം, ഭാരക്കുറവ്, തലകറക്കം, ഛര്‍ദ്ദി 

അന്നനാളകാന്‍സര്‍ -ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട്, ആഹാരം തികട്ടി വരിക, ആഹാരം കഴിക്കുമ്പോള്‍ വേദന, പുറംവേദന 

ബ്രെസ്റ്റ് കാന്‍സര്‍ - മാറില്‍ ചെറിയ മുഴകള്‍, കൈക്കുഴിയില്‍ മുഴ, മുലഞെട്ടില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുലഞെട്ടില്‍ നിന്നു രക്തം വരിക, ഒരു മാറിടത്തില്‍ മറ്റേതില്‍ നിന്നും പ്രകടമായ മാറ്റം തോന്നുക.

ശ്വാസകോശ കാന്‍സര്‍ - ഇടയ്ക്കിടെ കഠിനമായ ചുമ, രക്തം കലര്‍ന്ന കഫം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്.

സെര്‍വിക്കല്‍ കാന്‍സര്‍ - ആര്‍ത്തവം അല്ലാത്ത സമയത്തെ ബ്ലീഡിങ്, വെളുത്ത കൊഴുകൊഴുത്ത ദുര്‍ഗന്ധത്തോടെയുള്ള  ഡിസ്ചാര്‍ജ്, പുറംവേദന . 

മലാശയകാന്‍സര്‍ - മലശോധന നടത്തുമ്പോള്‍ രക്തം കലര്‍ന്നു മലം പോകുക, മലം പോകുമ്പോള്‍ വേദന,  ഭാരം നന്നേ കുറയുക, ഹീമോഗ്ലോബിന്‍ ലെവല്‍ കുറയുക.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം കാന്‍സര്‍ ആണെന്ന് ഉറപ്പിക്കേണ്ട കാര്യമില്ല. മറിച്ചു മൂന്നാഴ്ചയില്‍ കൂടുതല്‍ ഇവ കണ്ടാല്‍ ഉടനടി ഒരു ഡോക്ടറുടെ സേവനം തേടുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com