ശ്വാസകോശാര്‍ബുദം, അറിയാതെ പോകരുത് ഈ അപകടം
Mail This Article
കാന്‍സര്‍ വകഭേദങ്ങളിലെ ഏറ്റവും അപകടകാരികളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന കാന്‍സറുകളില്‍ ഒന്നാണിത്. പല കാന്‍സറുകളും ശരീരത്തിനു ചില സൂചനകള്‍ നല്‍കാറുണ്ട്. എന്നാല്‍ ശ്വാസകോശാര്‍ബുദം ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ രോഗം നിര്‍ണയിച്ച ശേഷം ചികിത്സിച്ചു മാറ്റാനുള്ള സാധ്യതയ്ക്ക് അതു മങ്ങലേല്‍പ്പിക്കുന്നു.
പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. പുകവലിക്കാർക്കു മാത്രമല്ല പുകവലിക്കാരോടു സമ്പര്‍ക്കമുള്ളവർക്കും ഇത് അപകടമുണ്ടാക്കും. സിഗരറ്റിലെ കാർസിനോജനുകളാണ് കാന്‍സറിനു കാരണമാകുന്നത്. പുകവലിക്കുമ്പോള്‍ ശ്വാസകോശത്തിലെ കോശങ്ങളെ അവ നശിപ്പിക്കും. പുകവലിക്കുന്നവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത പുകവലിക്കാത്തവരെ അപേക്ഷിച്ച് 15 മുതൽ 30 വരെ മടങ്ങ് അധികമാണ്.
അതുപോലെതന്നെ അപകടകരമാണ് Radon എന്ന കെമിക്കലുമായുള്ള സമ്പര്‍ക്കം. റേഡിയോആക്ടീവ് വസ്തുക്കളായ യുറേനിയം, റേഡിയം എന്നിവയില്‍ നിന്നാണ് ഇതു പുറത്തു വരുന്നത്. ഇത് കുടിവെള്ളവുമായി ചേര്‍ന്നാല്‍ അപകടമാണ്. ഇതും ശ്വാസകോശകാന്‍സര്‍ സാധ്യത കൂട്ടുന്നതാണ്. ആസ്ബറ്റോസ്, നിക്കല്‍, ആര്‍സെനിക്ക്, ക്രോമിയം എന്നിവയും സമാനമായ ദൂഷ്യവശമുള്ള വസ്തുക്കളാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പാരമ്പര്യമായി രോഗം വന്നിട്ടുണ്ടെങ്കില്‍ മറ്റ് അംഗങ്ങള്‍ ശ്രദ്ധിക്കണം.
ലക്ഷണങ്ങള്‍ - വിട്ടുമാറാത്ത തുടര്‍ച്ചയായ ചുമ, കഫത്തില്‍ രക്തം, ഭാരം ക്രമാതീതമായി കുറയുക, എല്ലുകള്‍ക്ക് വേദന, കഠിനമായ തലവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, നെഞ്ചുവേദന.