രക്താർബുദ ചികിത്സയ്ക്കിടെ എച്ച്ഐവി അണുവിമുക്തി
Mail This Article
എച്ച്ഐവി ബാധിതനായ ബ്രിട്ടീഷ് പൗരൻ പൂർണമായി അണുവിമുക്തനായതായി വൈദ്യശാസ്ത്ര ഗവേഷകർ. എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി ബാധയിൽ നിന്നു പൂർണമുക്തി നേടുന്ന രണ്ടാമത്തെയാളാണ്. 10 വർഷം മുൻപു ബെർലിനിൽ നിന്നുള്ള മറ്റൊരാളുടെ എച്ച്ഐവി ബാധയും പൂർണമായി മാറിയിരുന്നു. ഇതു സംബന്ധിച്ച ഗവേഷണഫലം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു.
രക്താർബുദത്തിനുള്ള ചികിത്സയുടെ ഭാഗമായി മജ്ജ മാറ്റിവച്ചതോടെയാണ് ഇദ്ദേഹത്തിന്റെ എച്ച്ഐവി അണുബാധയും ഇല്ലാതായത്. മൂന്നു വര്‍ഷങ്ങൾക്കു ശേഷവും പരിശോധനയിൽ ഇയാൾക്ക് എച്ച്ഐവി ബാധയുടെ യാതൊരു ലക്ഷണവും കണ്ടെത്താൻ സാധിച്ചില്ലെന്ന് ഗവേഷണത്തിനു നേതൃത്വം വഹിച്ച പ്രഫ. രവീന്ദ്ര ഗുപ്ത പറയുന്നു.
ആന്റിറെട്രോവൈറൽ തെറപ്പി എന്ന ചികിത്സയാണ് എച്ച്ഐവി ബാധിതർക്കു നൽകുന്നത്. എയ്ഡ്സ് എന്ന അതീവ ഗുരുതരാവസ്ഥയിൽ എത്തുന്നത് ഒഴിവാക്കാമെന്നല്ലാതെ എച്ച്ഐവി വൈറസിനെ പൂർണമായി ഒഴിവാക്കാൻ ഇതുകൊണ്ട് സാധിക്കില്ല.