മൂന്നാം ഹൃദയവുമായി ഗിരീഷ് കുമാർ;പുതുജീവിതത്തിന് അഞ്ചാം വാർഷികം
Mail This Article
കൊച്ചി ∙ സ്റ്റെതസ്കോപ് ചെവിയിൽ വച്ചു നടൻ ജയസൂര്യ ഗിരീഷ് കുമാറിന്റെ നെഞ്ചിലേക്കു ചേർന്നുനിന്നു. ഗിരീഷിന്റെ ഉള്ളിൽ തുടിക്കുന്ന മൂന്നാമത്തെ ഹൃദയത്തിന്റെ സ്പന്ദനങ്ങൾ കേട്ടറിഞ്ഞ ജയസൂര്യ ആശ്ചര്യപ്പെട്ടു. പിന്നെ നിറഞ്ഞു ചിരിച്ചു. ജീവിതത്തിലേക്കു തന്നെ തിരികെയെത്തിച്ച ഈ തുടിപ്പിന് ഇന്നലെ 5 വർഷം പൂർത്തിയായതായി ഗിരീഷ് കുമാർ ജയസൂര്യയോടു പറഞ്ഞു. വൈദ്യ ശാസ്ത്രത്തിന്റെ വിസ്മയമാണ് ഗിരീഷ് കുമാർ എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. രണ്ടാമതും മാറ്റിവച്ച ഹൃദയവുമായി 5 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് പാലക്കാട് സ്വദേശിയും ഐടി വിദഗ്ധനുമായ ഗിരീഷ് കുമാർ.
ബെംഗളൂരു വിപ്രോയിൽ ഉദ്യോഗസ്ഥനായ ഗിരീഷ് കുമാർ 38–ാം വയസ്സിലാണ് ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപതി ആയിരുന്നു അസുഖം. ക്രോണിക് ആങ്കിലോസിങ് സ്‌പോണ്ടിലോസിസ് എന്ന അസുഖംകൂടി ഉണ്ടായിരുന്ന ഗിരീഷ് കുറച്ചു മാസങ്ങൾക്കുശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. സാധാരണ ജീവിതത്തിലേക്കു മടങ്ങിവരുമ്പോഴാണ് ഹൃദയവാൽവിന് അണുബാധയുണ്ടായതിനെ തുടർന്നു ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ആശുപത്രിയിലായിരിക്കെ ഗിരീഷ് കുമാറിനു ഹൃദയസ്തംഭനം ഉണ്ടായി. ഗിരീഷിനെ വെന്റിലേറ്ററിലേക്കു മാറ്റിയ ശേഷമാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് അവയവദാന സന്ദേശം ലഭിച്ചത്.
ലേക്‌ഷോർ ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശിയുടെ ബന്ധുക്കൾ അവയവദാനത്തിനു തയാറാണെന്നായിരുന്നു അത്. 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗിരീഷിനെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്. ഗിരീഷിന്റെ പുതു ജീവിതത്തിന്റെ അഞ്ചാം വാർഷിക ആഘോഷത്തിലാണ് ലിസി ആശുപത്രിയിൽ ജയസൂര്യ പങ്കെടുത്തത്. അസി. ഡയറക്ടർമാരായ ഫാ. അജോ മൂത്തേടൻ, ഫാ. ജെറി ഞാളിയത്ത്, ഫാ. ആന്റോ ചാലിശേരി, ഫാ. ജോസഫ് മാക്കോതക്കാട്ട്, മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബു ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.