വിവാഹനിശ്ചയം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ അവൾ പിന്മാറി, നടുക്കുന്നതായിരുന്നു കാരണം
Mail This Article
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുന്നിലെത്തിയ യുവതി എന്റെ മുഖത്തു നോക്കുവാൻ പോലും തുനിഞ്ഞില്ല. അവളുടെ ഒപ്പമുണ്ടായിരുന്ന പിതാവിന്റെ മുഖത്തും ദൈന്യമുണ്ടായിരുന്നു. എന്റെ ചോദ്യങ്ങൾക്ക് മൗനം കൊണ്ടു പ്രതിരോധം തീർത്ത് അവൾ തല കുമ്പിട്ടിരുന്നു. മുപ്പത്തിരണ്ടുകാരിയായ സുമയെ (യഥാർഥ പേരല്ല) മറ്റൊരു മുറിയിലേക്ക് പറഞ്ഞയച്ച ശേഷം പിതാവിനോടു കാര്യങ്ങൾ തിരക്കി. ‘ചെറുക്കന്റെ വീട്ടുകാരോട് ഞാനെന്തു സമാധാനം പറയും. തീയതി വരെ തീരുമാനിച്ചുറപ്പിച്ചിട്ട് പിന്മാറുകയെന്നത് കുടുംബക്കാർക്കു ചേർന്നതാണോ? വിവാഹ നിശ്ചയം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍, വിവാഹം വേണ്ടെന്നും ആ വ്യക്തിയെ ഇഷ്ടപ്പെടാനാവുന്നില്ല എന്നുമാണ് അവൾ പറയുന്നത്. എപ്പോഴും മൗനമായി മുറിയിൽ അടച്ചിരിപ്പാണ്. വല്ല കടുംകൈയും ചെയ്താലോ എന്നു ഭയന്നാണ് ഞാൻ ഡോക്ടറെ കാണാനെത്തിയത്. ഇതൊക്കെ പുറത്തറിഞ്ഞാൽ അവളുടെ ഭാവി എന്താവും?'' ഇത്രയും പറഞ്ഞ് ആ അച്ഛനും കരയാൻ തുടങ്ങി.
വീട്ടിലുള്ളവരെപ്പറ്റി ചോദിച്ചപ്പോൾ അവളുടെ ഏക സഹോദരന്റെ സ്വഭാവത്തെക്കുറിച്ചും പിതാവ് പറഞ്ഞു. ആരുമായും ചേർന്ന് പോകാത്ത പ്രകൃതമാണ്. പഠിപ്പുണ്ടെങ്കിലും ജോലിക്കു പോകുന്നിടത്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിൽ എല്ലാവരുമായി വഴക്കുണ്ടാക്കും. സഹോദരിയുടെ മേൽ കൂടുതൽ അധികാരം കാണിക്കും. വീട്ടിൽ വൈകിയെത്തിയാൽ കഠിനമായി ശകാരിക്കും. സഹോദരന്റെ പെരുമാറ്റമാകും സുമയെ അന്തർമുഖയാക്കിയതെന്നായിരുന്നു പിതാവിന്റെ സംശയം. ''ചെറുപ്പം മുതൽ ഏതു കാര്യത്തിനും അമിത ഉത്‌കണ്‌ഠയുള്ള പ്രകൃതമായിരുന്നു അവള്‍ക്ക്. എപ്പോഴും വിഷാദഭാവം, ആത്മവിശ്വാസം ഇല്ലായ്മ. ഇപ്പോഴിതാ നിശ്ചയിച്ചുറപ്പിച്ച വിവാഹവും വേണ്ടെന്നുവച്ചിരിക്കുന്നു.
പിതാവിനെ സമാധിപ്പിച്ച ശേഷം ഞാൻ അവളിരിക്കുന്ന മുറിയിലേക്കു ചെന്നു. ആദ്യമെല്ലാം ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയെങ്കിലും പതുക്കെ അവൾ സങ്കടങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ചോദിച്ചപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. അവള്‍ക്ക് ഏകദേശം ആറു വയസ്സുള്ളപ്പോള്‍ അകന്ന ബന്ധത്തില്‍പ്പെട്ട ഒരമ്മാവന്‍ കൂടെക്കൂടെ വീട്ടില്‍ വരുമായിരുന്നു. കുട്ടികളെ ആകര്‍ഷിക്കാന്‍ പല വിദ്യകളും കാട്ടിയിരുന്ന അയാൾക്ക് എപ്പോള്‍ വേണമെങ്കിലും വീട്ടിലേക്കു വരാനുള്ള സ്വാതന്ത്യ്രം ഉണ്ടായിരുന്നു. ഒരുദിവസം അയാളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അവള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചില പെരുമാറ്റങ്ങള്‍. അമ്മയോട് പറയാം എന്ന് ചിന്തിച്ചെങ്കിലും ആരോടെങ്കിലും ഇതു പറഞ്ഞാല്‍ അച്ഛനെയും അമ്മയെയും കൊന്നുകളയും എന്നയാള്‍ ഭീഷണിപ്പെടുത്തി. പിന്നീടുള്ള ജീവിതം മുഴുവന്‍ അവള്‍ക്ക് ആത്മനിന്ദയും വെറുപ്പും നിറഞ്ഞതായിരുന്നു. അവളുടെ തെറ്റുകൊണ്ടാണ് ഇതു സംഭവിച്ചത് എന്ന വിശ്വാസം മനസ്സില്‍ കടന്നുകൂടി. പിന്നീട് അവള്‍ക്ക് പുരുഷന്മാരോടെല്ലാം ഭയമായിരുന്നു. അവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു. വിവാഹം വേണ്ടെന്നുവയ്ക്കാനുള്ള യഥാർഥ കാരണം ഇതായിരുന്നു.
എന്താണ് പീഡോഫീലിയ?
പ്രായപൂർത്തിയായ ആൾക്ക് പ്രായപൂർത്തിയാവാത്ത കുട്ടിയോടുണ്ടാവുന്ന ലൈംഗിക ആസക്തിയാണ് ‘പീഡോഫീലിയ’. ഇത്തരം വികലമായ മാനസികാവസ്ഥയുള്ള ആളുകളെ ‘പീഡോഫൈല്‍’ എന്നാണ് പറയുക. 13 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഇത്തരക്കാര്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നത്. കുട്ടികളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ വിരുതന്മാരാണ് ഇത്തരക്കാര്‍. കുട്ടികളെ രസിപ്പിച്ചും കൊഞ്ചിച്ചും അവരെ തങ്ങളിലേക്ക് അടുപ്പിക്കും. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായ വൈകൃതങ്ങള്‍ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍ കുട്ടികള്‍ക്ക് അതു വലിയ നടുക്കമുണ്ടാക്കും. പലപ്പോഴും ഇത്തരക്കാര്‍ തങ്ങളെ മോശമായി ഉപയോഗിക്കുകയായിരുന്നു എന്നുപോലും കുട്ടിക്ക് മനസ്സിലാകുന്നത് പിന്നീടാവും. വീടുകളിലും സ്കൂളിലും ബാലവേല നടക്കുന്ന ഇടങ്ങളിലും എവിടെയും ഇത്തരം അതിക്രമങ്ങള്‍ നടക്കാം. കുട്ടിയും മാതാപിതാക്കളുമായി അടുപ്പം ഉണ്ടാക്കിയെടുക്കലാവും ഇത്തരക്കാര്‍ ആദ്യം ചെയ്യുന്നത്. മിക്കപ്പോഴും അടുത്ത ബന്ധുക്കളോ വീട്ടിലെ ഒരു അംഗമോ ആകും കുട്ടിയെ ചൂഷണം ചെയ്യുക. പെരുമാറ്റത്തില്‍ വേണ്ടതിലധികം മാന്യത കാട്ടുന്ന പീഡോഫൈലുകളുടെ ഉള്ളിലെ മൃഗീയവാസന പെട്ടെന്നു തിരിച്ചറിയാന്‍ ആര്‍ക്കും ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല.
കുട്ടികളെ അതിക്രമിക്കുന്നവര്‍ സ്വീകരിക്കുന്ന രീതികള്‍
∙ കുട്ടികളെ അശ്ലീലചിത്രം കാണിക്കുക
∙ കുട്ടികളുടെ മുന്‍പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുക
∙ കുട്ടിയുടെ ജനനേന്ദ്രിയത്തിലോ മറ്റു ശരീര ഭാഗങ്ങളിലോ സ്പര്‍ശിക്കുക
∙ മറ്റൊരാളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക
∙ കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുക
∙ എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചുള്ള പീഡനം
എന്തുകൊണ്ടാണ് കുട്ടികളെ ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്?
കുട്ടികളെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ പുറത്താരും അറിയുകയില്ല എന്നാണ് കുട്ടികളെ അതിക്രമിക്കുന്നവരുടെ ചിന്ത. ആരെങ്കിലും അറിഞ്ഞാല്‍ കൊന്നുകളയും എന്നൊക്കെ പറഞ്ഞു കുട്ടികളെ ഭീഷണിപ്പെടുത്തും. ആണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിലര്‍ കുറ്റം കുട്ടിയുടെ തലയില്‍ ചാര്‍ത്തി ഇതവര്‍ പുറത്തു പറയില്ല എന്ന് ഉറപ്പുവരുത്തും. കുട്ടി ഇത്തരം വിക്രിയകൾ ആസ്വദിക്കുന്നതായി തനിക്കു മനസ്സിലായെന്നും പുറത്തു പറഞ്ഞാല്‍ കുട്ടിയെ എല്ലാവരും മോശക്കാരനായി കരുതുമെന്നും പറഞ്ഞ് മാനസികമായും തളര്‍ത്തും.
കുട്ടികൾക്ക് നേരെയുള്ള പീഡനം: ചില മിഥ്യാ ധാരണകള്‍
അപരിചിതരാണ് കുട്ടികളെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നതെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ മിക്കപ്പോഴും പരിചയക്കാരില്‍ നിന്നാവും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുക. അത് കുട്ടികളിൽ കടുത്ത മാനസികാഘാതത്തിനു കാരണമാകും
പെണ്‍കുട്ടികള്‍ മാത്രമാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്നാണ് പൊതുവേയുള്ള ധാരണ. പക്ഷേ പഠനങ്ങൾ തെളിയിക്കുന്നത് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും അക്രമത്തിനിരയാകാൻ തുല്യ സാധ്യതയുണ്ടെന്നതാണ്.
ചെറുപ്പത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായാല്‍ അത് ഭാവിജീവിതത്തെ ബാധിക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ മാനസികമായി കുട്ടിയെ തളര്‍ത്തുകയും നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള കഴിവിനെയും ഭാവിയില്‍ അവരുടെ ലൈംഗിക ജീവിതത്തെയും സാരമായി ബാധിക്കുകയും ചെയ്യും.
കുട്ടികളോട് ലൈംഗികാസക്തിയുള്ള വ്യക്തി ഒരു കുട്ടിയെത്തന്നെ പലവട്ടം പീഡിപ്പിക്കാൻ ശ്രമിക്കുകയും അവസരം കിട്ടിയാൽ മറ്റു കുട്ടികളിലേക്കു തിരിയുകയും ചെയ്യാം.
കേന്ദ്ര വനിതാ – ശിശു വികസന മന്ത്രാലയം 2007-ല്‍ നടത്തിയ പഠനം തെളിയിക്കുന്നത് ഇന്ത്യയില്‍ 53.22% കുട്ടികള്‍ ഒന്നോ അതിലധികം തവണയോ ലൈംഗിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ്. പീഡനത്തിനിരയാകുന്ന ആൺകുട്ടികളുടെ കണക്ക് മാത്രം 52.94% എന്നത് പീഡനത്തിന്റെ തോത് വ്യക്തമാക്കുന്നു. ലൈംഗിക അതിക്രമത്തിനു ശേഷം കുട്ടി അനുഭവിക്കേണ്ടി വരുന്ന മാനസിക പിരിമുറുക്കം മാതാപിതാക്കൾക്കു പെട്ടെന്നു തിരിച്ചറിയാൻ കഴിയണമെന്നില്ല. പീഡനത്തിന് ഇരയാകുന്ന കുട്ടികളില്‍ വല്ലാത്ത ഭയം രൂപപ്പെടുകയും മുന്‍പുണ്ടായിരുന്ന ചുറുചുറുക്കും ചിരിയുമെല്ലാം അപ്രത്യക്ഷമാകുകയും ചെയ്യും.
സ്കൂളിലും കൂട്ടുകാർക്കിടയിലും ഉള്‍വലിഞ്ഞു കാണപ്പെടുക, ഒരു കാരണവുമില്ലാതെ പെട്ടെന്നു ദേഷ്യപ്പെടുക, ഭക്ഷണത്തോട് വിരക്തി കാണിക്കുക തുടങ്ങിയവയാണ് ഇരയാക്കപ്പെട്ട കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളുടെ പുറമേ ഉള്ള പ്രതിഫലനങ്ങള്‍. തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ആളോട് അടങ്ങാത്ത പക രൂപപ്പെടുകയും തന്നെ ഈ ദുരനുഭവത്തില്‍നിന്നു രക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ (മാതാപിതാക്കള്‍, അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട മറ്റാരെങ്കിലും) തന്നെ രക്ഷിച്ചില്ല എന്ന തോന്നലില്‍ അവരോടു വലിയ ദേഷ്യം തോന്നുകയും ഇതില്‍ നിന്നും സ്വയം രക്ഷപെടാന്‍ ശ്രമിച്ചില്ലല്ലോ എന്ന ചിന്തയില്‍ സ്വയം ലജ്ജ അനുഭവപ്പെടുകയും ചെയ്യുന്നു. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരില്‍ വിഷാദരോഗം, ആത്മഹത്യാ പ്രവണത, ഉത്‌ക്കണ്‌ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ്സ് ഡിസോര്‍ഡര്‍, ലഹരിക്ക് അടിമപ്പെടുക എന്നിവയ്ക്കുള്ള സാധ്യത പതിന്മടങ്ങാണ്.
താന്‍ ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളുടെ ഓര്‍മകൾ പലപ്പോഴും കുട്ടിയെ വേട്ടയാടും. ഇതൊന്നും ആരോടും പറയാനാകാതെ, എപ്പോള്‍ വേണമെങ്കിലും ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിച്ചേക്കാം എന്ന ഉത്‌ക്കണ്ഠയിലാവും പല കുട്ടികളും ജീവിക്കുക. തങ്ങള്‍ നിസ്സഹായരാണെന്നും ഇതില്‍നിന്നൊക്കെ രക്ഷപ്പെടുക അസാധ്യമാണെന്നുമുള്ള അതിതീവ്രമായ ചിന്ത അവരില്‍ രൂപമെടുത്തേക്കാം.
കുടുംബ സാഹചര്യങ്ങള്‍ അതിക്രമങ്ങൾക്ക് വഴിയൊരുക്കുമോ?
കുടുംബ സാഹചര്യവും അതിക്രമം നടക്കാനുള്ള സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കുടുംബ പ്രശ്നങ്ങളുള്ളതും കുട്ടികളും മാതാപിതാക്കളും തമ്മില്‍ മാനസികമായി അടുപ്പം ഇല്ലാത്തതുമായ കുടുംബങ്ങളില്‍ കുട്ടികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയേറെയാണ്. കുട്ടികളുടെ മേല്‍നോട്ടം ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാന്‍ ആരും ഇല്ലാതെയിരിക്കുക, മാതാപിതാക്കള്‍ തമ്മിലുള്ള കലഹത്തിനിടയില്‍ കുട്ടിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കാന്‍ താല്‍പര്യം കാണിക്കാതിരിക്കുക എന്നിവയാണ് അതിനു സാധ്യത കൂട്ടുന്നത്. ചില മാതാപിതാക്കള്‍ നടന്നതിനെപ്പറ്റി അറിവുണ്ടായിട്ടും നിസ്സാരമായി കണക്കാക്കുകയോ കുട്ടിയോടുള്ള ഇഷ്ടമില്ലായ്മകൊണ്ട് തള്ളിക്കളയുകയോ ചെയ്യാറുണ്ട്. ഇങ്ങനെ നിരാശ്രയരായി കഴിയുന്ന കുട്ടികളുടെ അവസ്ഥ വളരെ ദയനീയമാണ്. കുട്ടികളോടു കർക്കശക്കാരായി പെരുമാറുന്ന ചില മാതാപിതാക്കളുണ്ട്. അത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ വിമുഖത കാട്ടാറുണ്ട്. താന്‍ നേരിട്ട പീഡനങ്ങള്‍ ആരോടും പറയാതെ ഉള്ളിലൊതുക്കിവയ്ക്കുന്നത് വിഷാദരോഗത്തിനും മറ്റു മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
(പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണ് ലേഖിക)