ADVERTISEMENT

കുട്ടിക്കാലത്തു നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ കുട്ടികളുടെ മാനസിക നിലയെ ബാധിക്കും. വളർച്ചയുടെ ഓരോ ഘട്ടത്തിലും അത് അവരിൽ ഓരോ തരത്തിൽ പ്രതിഫലിക്കുകയും ചെയ്യും. തന്റെ പിഴവാണ് അങ്ങനെ സംഭവിക്കാൻ കാരണമായതെന്ന കുറ്റബോധമാകും ആദ്യം കുട്ടിയെ അലട്ടുക. ഓരോ നിമിഷവും ആ ചിന്ത മാനസികമായി കുട്ടിയെ തളർത്തും. സ്വന്തം ശരീരത്തോടും വ്യക്തിത്വത്തോടും പോലും വല്ലാത്ത വെറുപ്പു തോന്നും. അതിക്രമം ആവർത്തിച്ചേക്കാമെന്ന ഭയം എപ്പോഴും ഉണ്ടാകും. അതിക്രമത്തിന്‌ ഇരയായ പെണ്‍കുട്ടികള്‍ക്ക് പുരുഷന്മാരുമായി ഇടപെടാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. എല്ലാ പുരുഷന്മാരും സ്ത്രീകളെ ചൂഷണം ചെയ്യുന്നവരാണ് എന്ന ധാരണയാവും അവർക്ക്. സ്നേഹമെന്നാല്‍ ലൈംഗികാകര്‍ഷണമാണ് എന്ന തെറ്റായ തോന്നല്‍ ആണ്‍കുട്ടികളില്‍ രൂപപ്പെടാനും ഇത്തരം അനുഭവങ്ങള്‍ കാരണമായേക്കാം. ചെറുപ്രായത്തില്‍ ലൈംഗിക ആക്രമണം നേരിട്ട ആണ്‍കുട്ടികൾ മുതിരുമ്പോള്‍ പീഡോഫൈലുകളാകും എന്നൊരു മിഥ്യാധാരണ സമൂഹത്തിനുണ്ട് (വളരെ കുറച്ചു ശതമാനം മാത്രമാണ് ഇതിനുള്ള സാധ്യത). താനും അങ്ങനെയാകുമോ എന്ന ഭയം ആ കുട്ടികളെ വേട്ടയാടാം. തനിക്ക്‌ നല്ല ഭര്‍ത്താവും പിതാവുമാകാന്‍ കഴിയുമോ, തന്റെ കുഞ്ഞുങ്ങളെത്തന്നെ താന്‍ ദുരുപയോഗം ചെയ്തേക്കുമോ തുടങ്ങിയ ഭയങ്ങൾ ആണ്‍കുട്ടികളില്‍ രൂപപ്പെടാനും സാധ്യതയുണ്ട്. ആണ്‍കുട്ടികള്‍ ധൈര്യമുള്ളവരായിരിക്കണമെന്നും കരയാന്‍ പാടില്ലെന്നും പഠിപ്പിക്കുന്നതിനാല്‍, ഇത്തരം ദുരനുഭവങ്ങൾ തുറന്നു പറയാനുള്ള സാധ്യതയും കുറവാണ്.

വിവാഹ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?

കുട്ടിക്കാലത്ത് ലൈംഗികഅതിക്രമങ്ങൾക്ക് ഇരയായവർ വിവാഹ ജീവിതത്തോടു പൊതുവേ താൽപര്യം കാണിക്കാറില്ല. വീട്ടുകാരുെട നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയ്താലും ലൈംഗിക ജീവിതം ആസ്വദിക്കാൻ കഴിയാതെ വരുന്നു. പങ്കാളിയെ താന്‍ ചതിക്കുകയാണോ എന്ന കുറ്റബോധവും  പങ്കാളിക്കു തന്നോടുള്ള സ്നേഹം യഥാർഥമാണോ എന്ന സംശയവും അവർക്കുണ്ടാകാം. ലൈംഗികതയെപ്പറ്റി മനസ്സിലാക്കാനുള്ള പ്രായത്തിനു മുന്‍പു നേരിട്ട ചൂഷണം ലൈംഗികതയെക്കുറിച്ചുളള വികലധാരണകൾക്കുവഴിയൊരുക്കുന്നു. ലൈംഗികബന്ധത്തില്‍ ഏർപ്പെടാനുള്ള താൽപര്യക്കുറവും ഭയവും ഇവരിൽ പ്രകടമാകും. ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നത് ലൈംഗിക ജീവിതത്തോടുള്ള കാഴ്ചപ്പാടു തന്നെ മാറ്റി മറിക്കും.

ഇരകള്‍ മാതാപിതാക്കളാകുമ്പോള്‍

കുട്ടിക്കാലത്ത് ലൈംഗിക അതിക്രമം നേരിട്ട വ്യക്തികള്‍ മാതാപിതാക്കളാകുമ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇത്തരം അനുഭവം ഉണ്ടായിട്ടുള്ള സ്ത്രീകളില്‍ പ്രസവാനന്തരം ഉള്ള വിഷാദാവസ്ഥ സാധാരണയിലും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പിന്നീടും പലപ്പോഴായി മാതാവ് കടന്നുപോകുന്ന വിഷാദാവസ്ഥ കാരണം കുട്ടികളെ വളര്‍ത്തുന്നതില്‍ അവരുടെ പങ്കാളിത്തം കുറഞ്ഞു പോയേക്കാം. ഈ കുറവ് കുട്ടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. തങ്ങള്‍ക്കുണ്ടായിട്ടുള്ള അനുഭവങ്ങള്‍ തങ്ങളുടെ മക്കള്‍ക്കും ഉണ്ടാകുമോ എന്ന വ്യാകുലത അവരുടെ മാനസികനിലയെ സാരമായി ബാധിക്കും. കുട്ടികളെ ഒറ്റയ്ക്ക് പുറത്തുവിടുകയോ മറ്റുള്ളവരുമായി ഇടപെടാന്‍ അനുവദിക്കുകയോ ചെയ്യില്ല. ആരെങ്കിലും കുട്ടിയെ ഓമനിച്ചാല്‍ അവര്‍ കുട്ടിയെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയാണോ എന്ന ഭയം മാതാപിതാക്കളെ ബാധിക്കും. കുട്ടി സ്കൂളില്‍പോയി വരുമ്പോള്‍ ശരീരത്തില്‍ മുറിവുകളുണ്ടോയെന്ന് പരിശോധിക്കുന്നത് ശീലമാക്കും.

മാതാപിതാക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

∙ ദിവസവും കുട്ടികളുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക

∙ കുട്ടികള്‍ ദുഃഖിതരായി കാണപ്പെടുന്നെങ്കില്‍ കാരണം ചോദിച്ചു മനസ്സിലാക്കുക

∙ പ്രശ്നങ്ങള്‍ തുറന്നുപറയാനുള്ള അന്തരീക്ഷം വീട്ടില്‍ ഉണ്ടാക്കുക

∙ കുട്ടികളുടെ ശരീരത്തോ ജനനേന്ദ്രിയത്തിലോ മുറിവുകളോ പാടുകളോ ഉണ്ടോയെന്ന് അവരുടെ സമ്മതത്തോടെ മാത്രം പരിശോധിക്കുക.

∙ മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടെന്നു കുട്ടി പറയുന്നതും ഇടവിട്ടു വരുന്ന വയര്‍ വേദനയും ശ്രദ്ധയില്‍പ്പെട്ടാല്‍ കാരണം തിരക്കുക.

∙ കുട്ടികള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഏതു സൈറ്റുകളാണ് സന്ദര്‍ശിക്കുന്നതെന്ന് ശ്രദ്ധിക്കുക

∙ നല്ല സ്പര്‍ശങ്ങളും ചീത്ത സ്പര്‍ശങ്ങളും തമ്മിലുള്ള വ്യത്യാസം കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക

∙ ‘വേണ്ട’ എന്നു പറയേണ്ടിയിടത്ത് ധൈര്യപൂര്‍വം അതു പറയാന്‍ അവരെ പ്രാപ്തരാക്കുക

∙ എന്തു പ്രശ്നം വന്നാലും നേരിടാൻ മാതാപിതാക്കള്‍ കൂടെയുണ്ടെന്ന വിശ്വാസം കുട്ടിയില്‍ വളര്‍ത്തിയെടുക്കുക

∙ എന്തെങ്കിലും ദുരനുഭവങ്ങൾ നേരിട്ടാൽ മാതാപിതാക്കളോട് പറയാൻ കുട്ടിയെ പ്രേരിപ്പിക്കുക

മനസ്സിനേറ്റ മുറിവുകള്‍ മായ്ക്കുക സാധ്യമാണോ?

കുട്ടിക്കാലത്തു നേരിട്ട ലൈംഗിക അതിക്രമങ്ങൾ മനസ്സിനേൽപ്പിച്ച മുറിവുകൾ മനഃശാസ്ത്ര ചികിത്സയിലൂടെ ഭേദമാക്കാം. അതിനാദ്യം, ലൈംഗിക വൈകൃതമുള്ള ഒരാളുടെ ചേഷ്ടയ്ക്ക് ഇരയാവുക മാത്രമാണുണ്ടായത് എന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാക്കണം. കഴിഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച് മനസ്സിലേക്കു വരുന്നതു തടയാനും സ്വയം വിലയില്ലായ്മ എന്ന അവസ്ഥയെ അതിജീവിച്ച് ജീവിതത്തെ പുതിയ രീതിയില്‍ ക്രമപ്പെടുത്താമെന്നു വിശ്വസിച്ച് മുന്നോട്ടു പോകാനും അക്രമത്തിനിരയായവരെ പ്രാപ്തരാക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടത്.

(പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണ് ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com