ADVERTISEMENT

ആർത്തവസമയത്ത് സാനിറ്ററി പാഡിനൊപ്പം ഉപയോഗിച്ച ടിഷ്യു പേപ്പർ ഉണ്ടാക്കിയ അലർജിയെയും ആരോഗ്യപ്രശ്നങ്ങളെയും കുറിച്ച് ജാനകി രാജേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനു വൻസ്വീകാര്യതയാണ് ലഭിച്ചത്. ഡോക്ടറെ കണ്ടശേഷം നൽകിയ മരുന്നുകളെ കുറിച്ചും അലർജി രൂക്ഷമായാൽ സംഭവിക്കാവുന്ന പ്രശ്നത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞതുമെല്ലാം ജാനകി പോസ്റ്റിൽ വിവരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇതിൽ ചെറിയ ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും അതിനുള്ള വിശദീകരണങ്ങളും നൽകുകയാണ് ഡോ. ദീപു സദാശിവൻ. 

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധി മുട്ടുകള്‍ അവതരിപ്പിക്കുന്ന അനുഭവക്കുറിപ്പ് കണ്ടു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, ആര്‍ത്തവം സധാരണ ജൈവീക പ്രക്രിയ ആണെന്ന് ഉള്‍ക്കൊള്ളുന്നതും, അത് സംബന്ധിച്ച തെറ്റിധാരണകള്‍ /അവജ്ഞ ഒക്കെ നീക്കം ചെയ്യപ്പെടുന്നതും ശ്ലാഘനീയം തന്നെ. ആ അര്‍ത്ഥത്തില്‍ കുറിപ്പ് സ്വീകാര്യത നേടിയതില്‍ സന്തോഷം ഉണ്ട്, എന്നാല്‍ ഒടുവിലെ ഭാഗത്ത് പറയുന്ന മെഡിക്കല്‍ കാര്യങ്ങളില്‍ ചെറിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ട്.

ഡോക്ടര്‍മാര്‍ ആയ സുഹൃത്തുക്കള്‍ പോലും ആ പൊരുത്തക്കേടുകള്‍ പറയാതെ ലൈക്ക് ചെയ്തിരിക്കുന്നത് കണ്ടു, പോസ്റ്റ്‌ കൂടുതല്‍ പേരിലേക്ക് എത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടു ചില ആശയക്കുഴപ്പങ്ങള്‍ പടരരുത് എന്നത് കൊണ്ടാണ് ഈ പ്രതികരണം.

ആദ്യം തന്നെ ചിലത് പറയട്ടെ,

1, പേപ്പര്‍ ടവല്‍, ടിഷ്യു പേപ്പര്‍, ടോയ്‌ലറ്റ്‌ പേപ്പര്‍ എന്നിവ സാനിട്ടറി പാഡ്നു പകരം ഉപയോഗിക്കാന്‍ വേണ്ടി നിര്‍മ്മിതമല്ല.

2, അത് അങ്ങനെ ഉപയോഗിക്കുന്നതിന്‍റെ വിവിധ ഫലങ്ങള്‍ ശാസ്ത്രീയമായി ഉറപ്പിച്ചു പറയാന്‍ ഉതകുന്ന പഠനങ്ങള്‍ ഒന്നും കണ്ടിട്ടില്ല.

3, പേപ്പര്‍ നിര്‍മ്മാണത്തില്‍ മരങ്ങളുടെ തടി പല വിധ രാസപ്രക്രിയയ്ക്ക് വിധേയമായി തന്നെയാണ് വെള്ള പേപ്പര്‍ ആയി മാറുന്നത്, ഡൈ ഹൈഡ്രോജെന്‍ മോണോക്സൈഡ് അഥവാ H2O എന്ന രാസ വസ്തു മുതല്‍ അതില്‍ ഉണ്ട്, രാസഘടന (C6H10O5)ആയ സെല്ലുലോസ് എന്ന മറ്റൊരു ഐറ്റം ആണ് ഈ പേപ്പറിന്റെ മെയിന്‍ ഘടകം തന്നെ. എന്നാല്‍ ഏതൊരു വസ്തുവും മനുഷ്യ ശരീരത്തില്‍ ഗുണമോ ദോഷമോ ഒക്കെ ആയ പ്രഭാവങ്ങള്‍ ഉണ്ടാക്കുന്നത്‌ അനേകം ഘടകങ്ങളെ ആസ്പദമാക്കി ആണ് എന്ന് മനസ്സിലാക്കുക, പ്രധാനമായി അതിന്‍റെ അളവ്, കാലയളവ്, ശരീരത്തില്‍ എത്തുന്ന മാര്‍ഗ്ഗം എന്നിങ്ങനെ പലതും.

ഉദാ: നമ്മുടെ ത്വക്ക് നല്ലൊരു പ്രതിരോധ സംവിധാനമാണ് ചില രാസവസ്തുക്കള്‍ മാത്രമേ അതിനെ ഭേദിച്ച് ഉള്ളില്‍ എത്തൂ.

4, "കെമിക്കലുകള്‍" എന്ന ഭീതി ദ്യോതകമായ പ്രയോഗം സാധൂകരിക്കാന്‍ പറ്റുന്ന ഒരു ഭീകരനാണ് ടിഷ്യു പേപ്പര്‍ എന്ന് അഭിപ്രായമില്ല. എന്നാല്‍ വാക്സിനും ടൂത്ത് പേസ്റ്റും തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്ക് (മോഡേണ്‍ മെഡിസിന്‍ മരുന്നുകള്‍ പറയേണ്ടതില്ല) എതിരെ "കീമോ ഫോബിയ" പരത്തുന്ന ഒരു വിഭാഗക്കാര്‍ വിദേശങ്ങളില്‍ പ്രചരിപ്പിക്കുന്ന ഒരു സംഗതിയാണ് ടോയ്‌ലറ്റ് പേപ്പറിലെ കെമിക്കലുകള്‍. (അവരവിടെ നിത്യേന ശരീരത്തില്‍ ഉപയോഗിക്കുന്ന ഐറ്റം ആണല്ലോ അത്).

5, ഈ സംഭവം കേശവന്‍ മാമന്മാര്‍ നമ്മുടെ നാട്ടിലും എത്തിച്ചോ എന്നറിയില്ല

ഒടുവില്‍ വിവരിച്ചിരിക്കുന്ന ഡോക്ടറുടെ പ്രതികരണം സംബന്ധിച്ച് ചിലത് പറയട്ടെ, (കിട്ടിയ വിവരങ്ങള്‍ വച്ച് മാത്രമാണ് വിലയിരുത്തല്‍) അല്പം അതിശയോക്തി പരവും നാടകീയവുമാണ് അവതരണം, ഡോക്ടര്‍ പറഞ്ഞതില്‍ പലതും ശാസ്ത്രീയമായി പൊരുത്തപ്പെടുന്നില്ലാ എന്ന് പറയേണ്ടി വരും. "സഹിക്കാനാവാത്ത നീറ്റലും വേദനയും" ആയിട്ടാണ് പോയതെന്ന് പറയുമ്പോള്‍ തൊലിപ്പുറത്തായിരുന്നു പ്രശ്നം എന്ന് പ്രാഥമികമായി അനുമാനിക്കാം. " അതിന്റെ കളറിനു വേണ്ടിയും, സോഫ്റ്റ്നസ്സിനു വേണ്ടിയും, കൂടുതൽ ഈർപ്പം വലിച്ചെടുക്കാൻ വേണ്ടിയും കെമിക്കൽസ് മിക്സ് ചെയ്തിട്ടുണ്ട്

ഈ പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ ഈ "കെമിക്കലുകള്‍" ഒക്കെ മനുഷ്യന്‍റെ ശരീരത്തില്‍ മാരക രോഗാവസ്ഥ ഉണ്ടാക്കാന്‍ പോന്ന തരത്തില്‍ അതില്‍ retain ചെയ്യപ്പെട്ടിരിക്കുകയല്ല, അതുകൊണ്ട് മാരകമായ "infection" അഥവാ രോഗാണു ബാധ ഉണ്ടാവുമെന്ന conclusion ലേക്ക് എടുത്തു ചാടാനും പറ്റില്ല.

കെമിക്കലുകള്‍ അല്ല രോഗാണുക്കള്‍ ആണ് രോഗ ബാധ ഉണ്ടാക്കുന്നത്‌, തൊലിപ്പുറത്ത് കെമിക്കല്‍ സ്പര്‍ശിച്ചാല്‍ ഉള്ളില്‍ "രോഗാണുക്കള്"‍ പ്രവര്‍ത്തനം നടത്തും എന്ന് എങ്ങനെ അനുമാനിക്കാന്‍ പറ്റും എന്ന് മനസ്സിലാവുന്നില്ല.

ചില വെറ്റ്‌ ടിഷ്യുവില്‍ സുഗന്ധം തരുന്ന വസ്തുക്കള്‍ "കെമിക്കല്‍" തന്നെ (കെമിസ്ട്രിയില്‍ ആണ് ഹേ ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ നാമെല്ലാം കാര്‍ബനും ഹൈഡ്രജനും ഓക്സിജനും നൈട്രജനും ഒക്കെ കൊണ്ട് തന്നെ ഉണ്ടാക്കാപ്പെട്ടിരിക്കുന്ന സംഭവങ്ങള്‍ ആണ്)ഉണ്ട്..

എന്ത് വസ്തുവിനോടും ശരീരത്തിന് അലര്‍ജിക് റിയാക്‌ഷന്‍ ഉണ്ടാവാം, ഇപ്പറഞ്ഞ സംഭവത്തിലും അത്തരം ഒരു അലര്‍ജിക് റിയാക്‌ഷന്‍ ആണെന്ന് കരുതാം. പക്ഷേ അതിന്‍റെ ലക്ഷണങ്ങള്‍ കൂടുതലായി കാണാന്‍ സാധ്യത ശരീരത്തില്‍ ചേര്‍ന്നിരുന്ന തൊലിപ്പുറത്ത് ആവും.

അലര്‍ജിയും രോഗാണു ബാധയും ഒന്നല്ല, വിശദമായ പരിശോധയ്ക്ക് ശേഷം അലര്‍ജി എന്നൊന്ന് സൂചിപ്പിക്ക പോലും ചെയ്യാതെ കടുത്ത രോഗാണു ബാധ ആണെന്ന് പറഞ്ഞതിന് ശേഷം ടിഷ്യു പേപ്പര്‍ എന്ന് കേട്ടപ്പോള്‍ രോഗാണു ബാധ ടിഷ്യു പേപ്പര്‍ കൊണ്ട് ഉണ്ടാവും എന്ന നിഗമനം യുക്തി ഭദ്രമോ ശാസ്ത്രീയമോ ആണെന്ന് എന്റെ പരിമിത ജ്ഞാനത്തില്‍ കരുതുന്നില്ല.

ഇനി ആദ്യം പറഞ്ഞ അലര്‍ജി പോലുള്ള ലോക്കല്‍ റിയാക്‌ഷന്‍ ആയിരുന്നെങ്കില്‍ ഉള്ളില്‍ വയ്ക്കാന്‍ മരുന്ന് കൊടുത്തതും ആയി പൊരുത്തപ്പെടുന്നില്ല.

കൊടുത്ത മരുന്നുകള്‍

1. clindamycin - ബാക്ടീരിയ കൊണ്ട് യോനിക്കുള്ളില്‍ ഉണ്ടാവുന്ന രോഗാണു ബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ്.

2. clotrimazole - യോനിക്കുള്ളില്‍ ഉണ്ടാവുന്ന പൂപ്പല്‍ ബാധ പോലുള്ള രോഗങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുന്നത് ആണ്.

ടിഷ്യു പേപ്പര്‍ പുറമേ വയ്ക്കുന്നത് കൊണ്ട് ഉള്ളില്‍ ബാക്ടീരിയ / ഫംഗല്‍ രോഗ ബാധ ഉണ്ടാവും എന്ന് കരുതുന്നില്ല. അങ്ങനെ വല്ല ശാസ്ത്രീയ പഠനവും ഉണ്ടെങ്കില്‍ തിരുത്താന്‍ റെഡി ആണ്.

Tampon പോലുള്ളവ യോനിക്കുള്ളില്‍ ഉപയോഗിക്കുമ്പോള്‍ ദീര്‍ഘ സമയം ഉള്ളില്‍ വച്ചാല്‍ ബാക്ടീരിയ രോഗാണു ബാധ മൂലം ടോക്സിക് ഷോക്ക്‌ സിന്‍ഡ്രോം എന്ന മാരക രോഗം ഉണ്ടാവാം, അപൂര്‍വമായി കപ്പും ഇതിനു കാരണമാവാം എന്ന് വായിച്ചിരുന്നു.

"രണ്ടു ദിവസം കൂടി ഇത് മറച്ചു വച്ച് വീട്ടിലിരുന്നെങ്കിൽ നീ അവസാനിച്ചേനേ" എന്നത് തികച്ചും അതിശയോക്തിപരവും നാടകീയ അവതരണവും ആണ്. എന്ത് രോഗം കൊണ്ട് അവസാനിക്കും എന്നാണാവോ ഉദ്ദേശിച്ചത്?!

സോ മൈ പോയിന്റ്സ് ,

1,ടിഷ്യു പേപ്പര്‍ അല്ല ആര്‍ത്തവ സമയത്തെ ഉചിതോപാധി പക്ഷേ അനാവശ്യ "കെമിക്കല്‍ ഭീതി" പരത്താനുള്ള മറ്റൊരവസരമായി ഇത് എടുക്കരുത്.

2, ഡിഗ്രി ഒക്കെ ഉണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ വാട്സാപ്‌ അശാസ്ത്രീയ സന്ദേശങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്ന അനേകം ഡോക്ടര്‍മാര്‍ നമ്മള്‍ക്കിടയില്‍ ഉണ്ട്.

3, ടിഷ്യു പേപ്പര്‍ മനുഷ്യ ശരീരത്തിനുള്ളില്‍ "മാരക രോഗം തരുന്നത്ര" ടോക്സിക് ഭീകരന്‍ അല്ല... മറിച്ചു അഭിപ്രായം ഉള്ളവര്‍ തെളിവ് തന്നാല്‍ ചര്‍ച്ച ചെയ്യാം.

ഈ പോസ്റ്റ്‌ ശ്രദ്ധയില്‍ പെടുത്തിയ സുരേഷ് സി പിള്ള ചേട്ടന് നന്ദി.

എഡിറ്റ്‌സ് : പോസ്റ്റ്‌ എഴുതിയ ആള്‍ വിശദീകരിച്ചത്‌ പ്രകാരം ചില കാര്യങ്ങള്‍ കൂടി ചേര്‍ക്കുന്നു.

*തൊലി പുറമേ മാത്രമായിരുന്നില്ല രോഗം മൂലമുള്ള പ്രശ്നങ്ങള്‍.

*വേദന മൂലം നാല് ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്നതിനാല്‍ ഇനിയും രണ്ടു ദിവസം കൂടി ഭക്ഷണം കഴിക്കാതെ തുടര്‍ന്നിരുന്നു എങ്കില്‍ മരിച്ചു പോയേനെ എന്നാണു ഡോക്ടര്‍ അതിശയോക്തി കലര്‍ത്തി പറഞ്ഞത്. ( അതല്ലാതെ രോഗാവസ്ഥ കൊണ്ട് മരണം സംഭവിക്കും എന്നല്ല അത്രേ ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com