ഫാറ്റി ലിവർ; കാരണവും അപകട സാധ്യതകളും
Mail This Article
രക്തത്തിൽ കൊളസ്ട്രോൾ കൂടിയിരിക്കുന്നത് ഒട്ടേറെ രോഗങ്ങൾക്കു കാരണമാകുന്നുണ്ട്. പ്രത്യേക രോഗലക്ഷണങ്ങളോ അസ്വസ്ഥതകളോ ഉണ്ടാവാത്തതുകൊണ്ട് അതു കണ്ടെത്താൻ വൈകുന്നുവെന്നതാണ് ഏറ്റവും അപകടകരമായ വശം. ഇനി കണ്ടെത്തിയ ശേഷവും കൊളസ്ട്രോൾ നിയന്ത്രിച്ചുനിർത്തിയില്ലെങ്കിലോ? ഭവിഷ്യത്തുകൾ അതീവഗൗരവസ്വഭാവമുള്ളതാകും. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിനാവശ്യമായ ഘടകങ്ങളിൽ ഒന്നാണെങ്കിലും അതിന്റെ അളവു രക്തത്തിൽ കൂടുന്നതു ഹൃദയാഘാതം, സ്ട്രോക്ക്, മെറ്റബോളിക് സിൻഡ്രോം, കരൾരോഗങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് കാരണമാവുന്നു.
വിവിധ കരൾ രോഗങ്ങളിൽ ഫാറ്റി ലിവർ എന്നു വിളിക്കുന്ന രോഗാവസ്ഥയാണു കൂടുതൽ ശ്രദ്ധിക്കേണ്ടത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കരളിൽ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞു കൂടുന്ന രോഗമാണിത്. കേരളത്തിലെ യുവതീയുവാക്കളിൽ ഫാറ്റിലിവർ അതിവേഗം വ്യാപിക്കുകയാണ്.
പ്രത്യേക രോഗലക്ഷണങ്ങൾ ഇല്ലാത്തതു കൊണ്ടു മിക്കപ്പോഴും ഇതു കണ്ടെത്താറില്ല. മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽചെക്കപ്പിന്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. കൊളസ്ട്രോളിനെ രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും കൂടാതെ കൊളസ്ട്രോൾ നിർമാണവും സംസ്കരണവും നടക്കുന്നതു കരൾകോശങ്ങളിലാണ്.
കരളിന്റെ ഇത്തരത്തിലുള്ള ശേഷി കുറയുമ്പോഴാണു കൊഴുപ്പ് അടിഞ്ഞുകൂടി ഫാറ്റിലിവർ ഉണ്ടാവുന്നത്. ക്രമേണ സിറോസിസ്, കരൾ, കാൻസർ തുടങ്ങിയ ഗുരുതരമായ കരൾരോഗങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഫാറ്റി ലിവർ ഉള്ളവർ രക്തത്തിലെ കൊളസ്ട്രോൾ നിരീക്ഷിക്കുകയും കൃത്യമായി നിയന്ത്രിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.