ADVERTISEMENT

അമ്മയാകുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഘട്ടമാണ്. എന്നാല്‍ ചിലര്‍ക്കെങ്കിലും ആ ഘട്ടം ഏറെ പ്രയാസങ്ങള്‍ നിറഞ്ഞത്‌ കൂടിയാണ്. മുന്‍പെങ്ങും ഇല്ലാത്തവിധം പോസ്റ്റ്‌പാര്‍ട്ടം സൈക്കോസിസ് ഇന്ന് സ്ത്രീകളില്‍ കണ്ടുവരുന്നുണ്ട്. പ്രസവശേഷം ഉണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളാണ് ഇതിനു പിന്നില്‍. 35 കാരിയായ സോഫി വുഡ് അടുത്തിടെ ‘ദി ഇൻഡിപെൻഡന്റി’നോടു പറഞ്ഞ അനുഭവം വായിക്കാം. 

2016 ഏപ്രിലിലാണ് സോഫി  പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. എല്ലാ അമ്മമാരെയും പോലെ ആ ദിവസങ്ങള്‍ ഉറക്കമില്ലായ്മയുടേത് ആയിരുന്നെങ്കിലും കുഞ്ഞു മകള്‍ ഇസബെല്ലയുടെ ഓരോ കാര്യവും അതീവശ്രദ്ധയോടെ നോക്കുന്ന അമ്മയായിരുന്നു സോഫി. എന്നാല്‍ ഏകദേശം ഒരാഴ്ച കഴിഞ്ഞതോടെ എന്തൊക്കെയോ പ്രശ്നങ്ങള്‍ ആരംഭിച്ചു. കുഞ്ഞിന്റെ തല യഥാസമയം തിരിഞ്ഞു വരാതിരുന്നതിനാല്‍ സോഫിക്ക് എമര്‍ജന്‍സി സിസേറിയന്‍ ആയിരുന്നു ചെയ്തിരുന്നത്. ആ സമയത്ത് ഏറെ ടെന്‍ഷന്‍ അനുഭവിച്ചിരുന്നു. സിസേറിയന്‍ കഴിഞ്ഞ ശേഷം ആശുപത്രിയില്‍ നിന്നു വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരുന്നതും കുഞ്ഞിനു പാല്‍ കൊടുക്കാന്‍ സാധിക്കാതെ വന്നതുമെല്ലാം മാനസിക സമ്മര്‍ദത്തിലാക്കിയെന്നു സോഫി പറയുന്നു. മാത്രമല്ല, പാല്‍ വരാതെ സ്തനത്തില്‍ കെട്ടിനിന്നതും മുലഞെട്ടുകള്‍ വിണ്ടുകീറി വേദനിക്കാന്‍ തുടങ്ങിയതുമെല്ലാം ആകെ സങ്കടത്തിലാക്കി. ആവശ്യത്തിനു പാലില്ലാതെ വന്നതോടെ കുഞ്ഞിന്റെയും ആരോഗ്യം നഷ്ടമാകുന്ന അവസ്ഥയായി. താനൊരു നല്ല അമ്മയല്ല എന്നു വരെ തോന്നിത്തുടങ്ങി.

ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയ ദിവസം മുതല്‍ പ്രശ്നം രൂക്ഷമായി. പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. ഉറക്കത്തില്‍ തന്നെ ആരോ അപായപ്പെടുത്താന്‍ വരുന്നതായി സങ്കല്‍പിച്ച് അലറിവിളിക്കുന്നത്‌ പതിവാക്കി. ചിലപ്പോള്‍ ബോധം ഇല്ലാതെ ഓരോന്നു ചെയ്യാന്‍ തുടങ്ങി. ചെവിക്കു സമീപം മൂളല്‍ പോലെ തോന്നുകയും സഹോദരന്‍ മരിച്ചതായി സങ്കല്‍പിക്കുകയുമെല്ലാം ചെയ്യാന്‍ തുടങ്ങിയതോടെ സോഫിക്ക് എന്തോ പ്രശ്നമുണ്ടെന്നു ഭര്‍ത്താവിനും തോന്നിത്തുടങ്ങി. ദിവസങ്ങള്‍ കഴിയുംതോറും സോഫി ഒരു മാനസികരോഗിയെപ്പോലെ പെരുമാറാന്‍ തുടങ്ങിയതോടെ മാനസികസംഘര്‍ഷം നേരിടുന്ന അമ്മമാര്‍ക്കുള്ള ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു. അഡ്മിഷന്‍ ഫോം പൂരിപ്പിക്കുമ്പോൾ തന്റെ ഭര്‍ത്താവ് അക്ഷരാര്‍ഥത്തില്‍ കരയുകയായിരുന്നെന്നു സോഫി ഇപ്പോള്‍ ഓര്‍ക്കുന്നു.

ആശുപത്രിയില്‍ എത്തിയപ്പോൾ സോഫി എല്ലാവരെയും ഭയന്നു. എന്നാല്‍ തുടര്‍ച്ചയായ മരുന്നുകളും തെറപ്പികളും കൗണ്‍സിലിങ്ങും കൊണ്ട് അവൾ സാധാരണ നിലയിലാകാൻ തുടങ്ങി. പോസ്റ്റ്‌പാര്‍ട്ടം സൈക്കോസിസ് ആയിരുന്നു സോഫിയുടെ പ്രശ്നം. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ആയ ശേഷവും കോഗ്നിറ്റീവ് ബിഹേവിയര്‍ തെറപ്പി ഉള്‍പ്പെടെ ചെയ്യേണ്ടി വന്നിരുന്നു. ഇന്ന് സോഫിക്ക് തന്റെ അവസ്ഥയുടെ കാരണം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ പോസ്റ്റ്‌പാര്‍ട്ടം സൈക്കോസിസിനെ കുറിച്ച് ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധം നല്‍കാന്‍ തന്നെക്കൊണ്ട് ആവുന്ന വിധം അവൾ ഇന്ന് ശ്രമിക്കുന്നുണ്ട്. 

ഒരു മഞ്ഞുമലയുടെ മുകള്‍ വശം പോലെയാണ് ആദ്യം ഈ രോഗം തലപൊക്കുന്നതെന്ന് സോഫി പറയുന്നു. ഹാലുസിനേഷന്‍, ഡില്യൂഷന്‍, ഡിപ്രഷന്‍ അങ്ങനെ പല അവസ്ഥകള്‍ ഇതിനു പിന്നാലെ ഉണ്ടാകാം. ദീര്‍ഘകാലം കൊണ്ടു മാത്രമേ ചിലപ്പോള്‍ പോസ്റ്റ്‌പാര്‍ട്ടം സൈക്കോസിസ് മാറുകയുള്ളൂ. ശരിയായ ചികിത്സ കൊണ്ട് ഇതില്‍നിന്നു മോചനം ലഭിക്കുമെന്ന് സോഫി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com