സ്ത്രീകളിലെ അമിത രോമവളർച്ച നിയന്ത്രിക്കാം
Mail This Article
പത്തൊൻപതു വയസ്സുള്ള വിദ്യാർഥിനിയാണു ഞാൻ. വളരെ വിഷമത്തോടെയാണ് ഞാനിതെഴുതുന്നത്. എന്റെ മുഖത്തു പുരുഷന്മാരുടേതു പോലെ രോമം വളരുകയാണ്. ഇതുമൂലം ഞാൻ ഏറെ പരിഹസിക്കപ്പെടുന്നുണ്ട്. മറ്റുള്ളവരോടു സംസാരിക്കാൻ പോലും എനിക്കു മടിയാണ്. കൈകളിലും കാലുകളിലും ഈ രോമവളർച്ചയുണ്ട്. എനിക്ക് അമിത വണ്ണവുമുണ്ട്. ക്രമം തെറ്റിയാണ് എനിക്ക് ആർത്തവം വരാറുള്ളത്. മൂന്നാലു മാസം വരെ ഇടവേള ഉണ്ടാകും. മുഖത്തു കൂടിയ തോതിൽ മുഖക്കുരുവുമുണ്ട്. കഴുത്തിന്റെ പിന്നിലെ തൊലി വല്ലാതെ കറുത്തിട്ടാണ്.
ഇത് ഹോർമോൺ പ്രശ്നമാണോ? ഗുരുതരമായ പ്രശ്നമാണോ? ഇതിനാണോ ‘പോളിസിസ്റ്റിക് ഓവറി സിൻഡ്രോം’ എന്നു പറയുന്നത്. അമിത വണ്ണം വ്യായാമം കൊണ്ടു മാറുമോ? ഈ രോഗത്തിനു ചികിത്സയുണ്ടോ?
ഉത്തരം: കൗമാരദശയിലാണ് ആൺപെൺ വ്യത്യാസങ്ങൾ വ്യത്യസ്തമായി പ്രകടമാകുന്നത്. ഒരു പൊടി മീശയെങ്കിലും വയ്ക്കണമെന്ന് ആഗ്രഹിക്കുന്ന ആൺകുട്ടികൾ കാണും. എന്നാൽ അമിതരോമം ഒരു ശാപമായി കരുതുന്ന പെൺകുട്ടികളും കാണും. കൂട്ടുകാരുടെ കളിയാക്കലാണ് നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം. ഒരു ദശകം കഴിയുമ്പോൾ കുട്ടികളില്ലാതെ വന്ധ്യതയായിരിക്കും അതിലും വലിയ പ്രശ്നം. പ്രത്യേകിച്ച് ‘പോളിസിസ്റ്റിക് ഓവറി സിൻഡ്രോം’ ഉള്ളപ്പോൾ ആ രോഗാവസ്ഥയിൽ, അണുവിക്ഷേപം വല്ലപ്പോഴും മാത്രമേ നടക്കുകയുള്ളൂ.
അണുവിക്ഷേപ ദിവസം ബീജവുമായി സന്ധിക്കുവാൻ ഭർത്താവുമായി ബന്ധപ്പെട്ടാൽ മാത്രമേ ഗർഭിണി ആകുകയുള്ളൂ. മുഖരോമവും ദേഹമാസകലം പുരുഷന്മാരിലെപ്പോലെ രോമ വും നിയന്ത്രിക്കുന്നത് സ്ത്രീയിലും പുരുഷനിലും പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്ററോൺ ആണ് എന്നാണു കരുതപ്പെടുന്നത്. പുരുഷ ഹോർമോൺ അഡ്രിനൽ ഗ്രന്ഥിയിൽ കൂടി എല്ലാവരിലും സൃഷ്ടിക്കപ്പെടുന്നുണ്ട്. കൂടുതൽ വിശദമായി വിശകലനം ചെയ്യണമെങ്കിൽ ഒരു എൻഡോക്രൈനോളജി ഡോക്ടറെ സമീപിക്കേണ്ടി വരും. അമിതരോമ വളർച്ചയുള്ള ഒരു സ്ത്രീ അവരുടെ കുട്ടിയുടെ പ്രശ്നത്തിനായിരുന്നു എന്നെ സമീപിച്ചത്. അമിതരോമ വളർച്ച വന്ധ്യതയ്ക്കു കാരണമാകണമെന്നില്ല. അതേപ്പറ്റി ഒരു പാട് ആകുലപ്പെടാതെ ധൈര്യമായി മുന്നോട്ടു പോകുക. ബ്യൂട്ടി പാർലറുകൾ ഇതിനു പരിഹാരം കണ്ടെത്താൻ ഒരു പരിധി വരെ സഹായിക്കുമല്ലോ. വണ്ണം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് നിങ്ങളുടെ പ്രായത്തിൽ– വ്യായാമത്തോടൊപ്പം ഭക്ഷണ നിയന്ത്രണവും വേണ്ടിവരും.