അർബുദ രോഗികൾക്കുള്ള 355 ബ്രാൻഡഡ് മരുന്നുകളുടെ വിലയിൽ നിയന്ത്രണം
Mail This Article
അർബുദ രോഗികളും അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരും ഉപയോഗിക്കുന്ന 9 മരുന്നു സംയുക്തങ്ങളുടെ വില 87% വരെ കുറച്ച് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി(എൻപിപിഎ) വിജ്ഞാപനം. 9 മരുന്നു സംയുക്തങ്ങളുടെയും ലാഭം 30 ശതമാനമായി നിജപ്പെടുത്തിയ എൻപിപിഎ മുൻപ് 42 അർബുദ രോഗ മരുന്നുകളുടെ വിലയിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നീക്കം വഴി 72 രാസസംയുക്തങ്ങൾ ഉൾപ്പെടുന്ന 355 ബ്രാൻഡ് മരുന്നുകളുടെ വിലയിൽ ശരാശരി 85% വരെ വിലക്കുറവുണ്ടാകുമെന്നാണു നിഗമനം. ഉൽപാദന ചെലവു സംബന്ധിച്ചു മരുന്നു കമ്പനികൾ സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണു വിലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതുപ്രകാരം എർലോറ്റിനിബ് 100എംജി ടാബ് 10 എണ്ണത്തിന് 1840 രൂപ (പഴയ വില 6600 രൂപ), എർലോറ്റിനിബ് 150 എംജി ടാബ് 10 എണ്ണത്തിന് 2400 രൂപ (പഴയ വില 9600)ലൂപ്രോലൈഡ് അസറേറ്റ് 3.75 എംജി ഇൻജക്‌ഷന് 2650 രൂപ (3990) എന്നിങ്ങനെയാണ് പുതുക്കിയ വില.