ADVERTISEMENT

ഉറക്കക്കുറവും ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയും മൂലം വിഷമിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാരെക്കാളധികം കാൻസർ സാധ്യതയെന്ന് യൂറോപ്യൻ റെസ്പിറേറ്ററി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം. 

ഉറങ്ങുന്ന സമയത്ത് ശ്വാസകോശത്തിലെ വായു അറകൾ പൂർണമായോ ഭാഗികമായോ അടയുന്ന അവസ്ഥയാണ് OSA അഥവാ  ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയ. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. കൂർക്കം വലി, മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കം, വല്ലാത്ത ക്ഷീണം ഇവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. 

പ്രായം, ബോഡി മാസ് ഇൻഡക്സ്, പുകവലി, മദ്യപാനം ഇവയെല്ലാം കണക്കിലെടുത്താലും ഒഎസ്എ ഉള്ള സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ കൂടുതലാണ് കാൻസർ സാധ്യതയെന്നു കണ്ടു. 

ഈ വിഷയത്തിൽ പഠനം ആദ്യമാണെന്നും ലിംഗവ്യത്യാസവും ഒഎസ്എയും കാൻസറും തമ്മിലുള്ള ബന്ധം മുൻപ് പഠന വിധേയമാക്കിയിട്ടില്ലെന്നും പഠനത്തിനു നേതൃത്വം നൽകിയ ഗവേഷകയായ അഥനേഷ്യ പടാക പറയുന്നു. പഠനത്തിനായി 19556 പേരുടെ വിവരങ്ങൾ ശേഖരിച്ചു. യൂറോപ്യൻ സ്‌ലീപ് അപ്നിയ ഡേറ്റാ ബേസിലെ വിവരങ്ങളിൽ ഒഎസ്എ ബാധിച്ചവരുടെ വിവരങ്ങളും ഉൾപ്പെട്ടിരുന്നു. 5789 പേർ പുരുഷന്മാരും 13767 പേർ സ്ത്രീകളും ആയിരുന്നു. ഇവരുടെ പ്രായം, പുകവലി, മദ്യപാനശീലങ്ങൾ, ബിഎംഐ ഇവയും പരിശോധിച്ചു. ഈ ഘടകങ്ങളെല്ലാം കാൻസർ വരാനുള്ള സാധ്യതയുമായി  ബന്ധപ്പെട്ടിരിക്കുന്നു. ഒഎസ്എ ഉള്ള സ്ത്രീകൾക്ക് കാൻസർ ഉള്ളതായും കണ്ടു. 

ഒഎസ്എയുടെ ലക്ഷണങ്ങളായ ഉറക്കം തൂങ്ങൽ, കൂർക്കം വലി, രാത്രിയിൽ ശ്വാസം നിന്നു പോകുക ഇതെല്ലാം പുരുഷന്മാരിലാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ മറ്റ് ലക്ഷണങ്ങളായ ക്ഷീണം, ഇൻസോമ്നിയ, വിഷാദം, രാവിലെ യുള്ള തലവേദന ഇതെല്ലാം സ്ത്രീകളിലായിരുന്നു കൂടുതൽ. കാൻസർ വരാൻ സാധ്യതയുള്ള മറ്റ് ഘടകങ്ങളായ ശാരീരിക പ്രവർത്തനം, വൈവാഹികാവസ്ഥ, വിദ്യാഭ്യാസം, തൊഴിൽ ഇവയൊന്നും ഈ പഠനം കണക്കിലെടുത്തില്ല.

ഒഎസ്എ കാൻസറിനു കാരണമാകുമെന്നല്ല, മറിച്ച് ഒഎസ്എ യും കാൻസറും തമ്മിൽ ബന്ധമുണ്ടെന്നും ഈ രംഗത്ത് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും പഠനം പറയുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com