ADVERTISEMENT

ശരീരത്തിലെ വിഷാംശം വലിച്ചെടുത്തു രക്തം ശുദ്ധമാക്കുക, ശരീരത്തിലെ അണുബാധകളെ ചെറുക്കുക എന്നിവയാണ് കരളിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കരളിന്റെ പ്രവര്‍ത്തനം താളംതെറ്റിയാല്‍ ബാധിക്കുന്നത് ശരീരത്തെ മുഴുവനാണ്‌. കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ പലപ്പോഴും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത് വൈകിയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും രോഗിക്കു ചികിത്സയും വൈകും. ഇത് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നു. അടുത്തിടെ, കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സഹായകമാകുന്ന ഒരു പുതിയ ചികിത്സാരീതിയെ കുറിച്ച് ജേണല്‍ ഓഫ് ഹെപ്പറ്റോളജിയില്‍ പ്രതിപാദിച്ചിരുന്നു.  Intelligent Liver Function test (iLFT) എന്നാണ് ഇതിന്റെ പേര്. ഇതുവഴി, കരള്‍ രോഗം നേരത്തെ നിര്‍ണയിക്കാന്‍ കഴിയുന്നതിന്റെ സാധ്യത 43% ആണ്. അതും  90% കൃത്യതയോടെ.

ജനിതക കാരണങ്ങള്‍ തുടങ്ങി ജീവിതശൈലിയിലെ അപാകതകള്‍ വരെ കരള്‍ രോഗത്തിന് കാരണമാകും. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരളിനെ ബാധിക്കും. മദ്യപാനം കരളിലെ മൃദുകലകളെ ദ്രവിപ്പിച്ച് വ്രണമുണ്ടാക്കുകയും അത് കരളില്‍ നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യും. ക്രമേണ കരള്‍ രോഗം രോഗിയെ പിടികൂടും. മദ്യപാനം മൂലം  കരളിലെ കോശങ്ങള്‍ നശിപ്പിക്കപ്പെടുമ്പോഴാണ് കരളില്‍ ഫാറ്റ് അടിയുന്നതും അത് പിന്നീട് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ആകുന്നതും. ഇത് പിന്നീട് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് ആകാറുണ്ട്. മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ രോഗവുമുണ്ട്. വ്യായാമക്കുറവും കൃത്രിമനിറങ്ങളും ചേര്‍ത്ത ആഹാരങ്ങള്‍ കഴിക്കുന്നതും കരള്‍ രോഗങ്ങള്‍ക്കു കാരണമാകും. 

മദ്യപാനം - കരള്‍ രോഗ സാധ്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മദ്യപാനം തന്നെ. മദ്യം ഉള്ളിലെത്തുമ്പോള്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ മാറ്റിവച്ചു മദ്യത്തിന്റെ വിഷാംശം കുറച്ച്  അതിനെ നേർപ്പിക്കാനാവും കരള്‍ ശ്രമിക്കുക. ഇത് സ്ഥിരമാകുമ്പോള്‍ കരളിന്റെ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കും. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് എല്ലാം തുടങ്ങുന്നത് ഇങ്ങനെയാണ്.

മഞ്ഞപ്പിത്തം - ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എല്ലാം വൈറസ്‌ ബാധ മൂലം ഉണ്ടാകുന്നതാണ്.

മരുന്നുകള്‍ മൂലം - ചില മരുന്നുകളുടെ ഉപയോഗം മൂലവും കരള്‍ രോഗം ഉണ്ടാകാറുണ്ട്. മരുന്നിലെ കോപ്പര്‍, ഇരുമ്പ് എന്നിവ കരളില്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടുക്കുന്നതാണ് കാരണം. 

പ്രമേഹം - പ്രമേഹരോഗികള്‍ക്ക് കരള്‍ രോഗ സാധ്യത 50 % ആണ്. പ്രമേഹരോഗികള്‍ക്ക് രക്തത്തില്‍ ഇന്‍സുലിന്‍ അളവ് കൂടുതലാകും. ഇത് ഭാരം വര്‍ധിപ്പിക്കും. ഇത് ഫാറ്റി ലിവറിനു കാരണമാകാം.

ഉപ്പ് - ഉപ്പിന്റെ അമിതഉപയോഗം ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാക്കും. ഇത് ഫാറ്റി ലിവര്‍ ഉണ്ടാക്കുകയും കരളില്‍ വാട്ടര്‍ റിടെന്‍ഷന്‍ വര്‍ധിപ്പിക്കുകയും ചെയ്യും. 

പുകവലി - പുകയിലയില്‍ അടങ്ങിയിരിക്കുന്ന മാരക രാസവസ്തുക്കൾ കരളിലെ കോശങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കും. 

പോഷക സപ്ലിമെന്റ്സ് - പോഷകസപ്ലിമെന്റ്സ് കരളിലെ എന്‍സൈം ഉല്‍പാദനം വര്‍ധിപ്പിക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

കീടനാശിനികള്‍, രാസവസ്തുക്കൾ - ഇവയുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് കരളില്‍ വിഷാംശം അടിഞ്ഞുകൂടാന്‍ കാരണമാകും. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലെ കീടനാശിനി പ്രയോഗം ഒരാളെ ക്രമേണ രോഗിയാക്കും. 

ഒബിസിറ്റി- അമിതവണ്ണം ഉള്ളവര്‍ക്ക് ബോഡി ഫാറ്റ് കരളിലും അടിയാന്‍ കാരണമാകും. ലിവര്‍ സിറോസിസ്, കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുക എന്നിവ ഇതിന്റെ അനന്തരഫലമാണ്.

ഹെപ്പറ്റൈറ്റിസ്- വൈറല്‍ ഹെപ്പറ്റൈറ്റിസ് A, B, C എന്നിവയെല്ലാം കരളിലെ സെല്ലുകളെ നേരിട്ടാണ് ബാധിക്കുക. ഹെപ്പറ്റൈറ്റിസ് സിറോസിസ് ഉണ്ടാക്കും. അത് പിന്നീട് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

ട്യൂബർകുലോസിസ് - നിശബ്ദരോഗമാണ് ട്യൂബര്‍കുലോസിസ്. ഇതിന്റെ അണുക്കള്‍ കരളിലേക്കു പ്രവേശിച്ചാല്‍ അവയെ പ്രതിരോധിക്കാന്‍ കരള്‍ ആവുന്നത്ര ശ്രമിക്കും. ഇത് ചിലപ്പോള്‍ ട്യൂമര്‍ ഫോര്‍മേഷന് കാരണമാകും. hepatic tuberculosis എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്.

കരള്‍ രോഗ ലക്ഷണങ്ങള്‍ ചുവടെ:

∙ വിശപ്പില്ലായ്മ 
∙ തലകറക്കം 
∙ ഛര്‍ദി
∙ മഞ്ഞപ്പിത്തം 
∙ വയറ്റില്‍ വേദന 
∙ ചൊറിച്ചില്‍ 
∙ കാലില്‍ നീര്
∙ ഭാരക്കുറവ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com