സ്ത്രീകൾ സൂക്ഷിക്കണം ഈ അണുബാധ
Mail This Article
സ്ത്രീകളെ വളരെ എളുപ്പം ബാധിക്കാവുന്ന ആരോഗ്യപ്രശ്നമാണ് യോനിയിലെ അണുബാധ. രൂക്ഷമായാൽ ഗർഭാശയത്തിലേക്കും അണ്ഡവാഹിനിക്കുഴലുകളിലേക്കും പടർന്നു പിടിക്കാം. അതുകൊണ്ട് യോനിയിൽ ദുർഗന്ധമുള്ളതോ നിറം മാറിയതോ ആയ സ്രവങ്ങളും ചൊറിച്ചിലും കാണുകയാണെങ്കിൽ എത്രയും പെട്ടെന്നു ചികിത്സിച്ചു ഭേദമാക്കണം.
ലൈംഗിക ബന്ധത്തിനു ശേഷം സ്വകാര്യ അവയവം വൃത്തിയാക്കണം. പല അണുബാധകളും ലൈംഗികബന്ധത്തിലൂടെ പടരാമെന്നതിനാൽ പങ്കാളികളിൽ ഒരാൾക്കു രോഗം വന്നാൽ ഇരുവരും ചികിത്സ തേടണം. ആവശ്യമെങ്കിൽ ഇരുവരും ആന്റി ബയോട്ടിക്കുകൾ കഴിക്കുകയും വേണം. കൃത്യസമയത്തു കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അണ്ഡവാഹിനിക്കുഴലുകൾ നശിച്ച് വന്ധ്യതയ്ക്കും ട്യൂബിലുള്ള ഗർഭധാരണത്തിനും ഇടയാക്കാം.
അണുബാധ വൃക്കകളെ ബാധിക്കുകയാണെങ്കിൽ പനി, കുളിര്, വിറയൽ, മൂത്രം പോകുമ്പോൾ വേദന എന്നിവയുണ്ടാകും. ആർത്തവ വിരാമമെത്തുന്നതോടെ അടിക്കടി മൂത്രാശയ അണുബാധകൾ വരുന്നതായി കാണാറുണ്ട്. ഇത് അണുബാധകൊണ്ടു മാത്രമല്ല, ഈസ്ട്രജന്റെ കുറവുകൊണ്ട് മൂത്രാശയനാളികൾ ചുരുങ്ങുന്നതു കൊണ്ടും കൂടിയാണ്. യോനീഭാഗത്ത് ഈസ്ട്രജൻ ക്രീം പുരട്ടുന്നതു നല്ലതായിരിക്കും.