മൂത്രത്തിലെ അണുബാധ; സൂക്ഷിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം
Mail This Article
മനുഷ്യരില്‍ സര്‍വസാധാരണമായി കാണപ്പെടുന്നതാണ് മൂത്രത്തിലെ അണുബാധ അഥവാ യൂറിനറി ഇൻഫെക‌്‌ഷൻ. സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. അൻപതു ശതമാനം സ്ത്രീകളുടെയും ജീവിതചക്രത്തില്‍ ഒരിക്കലെങ്കിലും മൂത്രത്തില്‍ അണുബാധ ഉണ്ടാകാറുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, ശുചിത്വക്കുറവ്, മൂത്രം ഒഴിക്കാതെ ദീര്‍ഘനേരം പിടിച്ചു വയ്ക്കുക എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം അണുബാധ സംഭവിക്കാം. ഇതു ശരിയായ സമയത്ത് ചികിത്സിക്കാതിരുന്നാല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കാം. മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഉടനടി ഡോക്ടറെ സമീപിക്കണം. ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രശങ്ക, മൂത്രം ഒഴിക്കുമ്പോള്‍ വേദനാജനകമായ എരിച്ചിൽ, അടിവയറ്റില്‍ വേദന എന്നിവ അണുബാധയുടെ സാധാരണ ലക്ഷണങ്ങളാണ്.
മൂത്രത്തിലെ അണുബാധ; സൂക്ഷിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം
ഇ-കോളി ബാക്ടീരിയയാണ് സാധാരണ മൂത്രത്തില്‍ അണുബാധ ഉണ്ടാക്കുക. എന്നാല്‍ Proteus,Klebsiella, Pseudomonas എന്നീ ബാക്ടീരിയകളും മൂത്രത്തില്‍ അണുബാധയുണ്ടാക്കാറുണ്ട്. സാധാരണ സ്ത്രീകളില്‍ മൂന്നു കാലഘട്ടങ്ങലിലാണ് മൂത്രത്തില്‍ അണുബാധയ്ക്ക് സാധ്യതയേറെയുള്ളത്.
യൗവനാരംഭം - ആര്‍ത്തവം ആരംഭിക്കുന്ന വേളയില്‍ സാധാരണ പെണ്‍കുട്ടികള്‍ക്ക് മൂത്രത്തില്‍ അണുബാധ കണ്ടേക്കാം. യോനീപരിസരത്തെ പിഎച്ച് അളവില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് അണുബാധയ്ക്ക് കാരണം.
വിവാഹശേഷം - ലൈംഗികജീവിതത്തിലേക്കു കടക്കുന്ന ഈ സമയത്തും അണുബാധയ്ക്ക് സാധ്യതയുണ്ട്.
ആര്‍ത്തവവിരാമം- സ്ത്രീകളില്‍ ആര്‍ത്തവവിരാമം അഥവാ മെനോപോസ് സംഭവിക്കുന്ന പ്രായത്തില്‍ മൂത്രത്തില്‍ അണുബാധ ഉണ്ടാകാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ കാലം കൂടിയാണ് ഇത്.
മൂത്രത്തില്‍ അണുബാധയുടെ ലക്ഷണങ്ങള്‍
∙ മൂത്രം പോകുമ്പോള്‍ ഉണ്ടാകുന്ന വേദന, എരിച്ചില്‍
∙ ഇടയ്ക്കിടെ മൂത്ര ശങ്ക
∙ അടിവയറ്റില്‍ വേദന
∙ പനി
∙ മൂത്രത്തില്‍ നിറവ്യത്യാസം
∙ മൂത്രത്തിന് ദുര്‍ഗന്ധം
രോഗനിര്‍ണയം
∙ യൂറിന്‍ മൈക്രോസ്കൊപിക് എക്സാമിനേഷന്‍, യൂറിന്‍ കള്‍ച്ചര്‍
മൂത്രത്തില്‍ അണുബാധ ഉണ്ടെന്നു സംശയം തോന്നിയാല്‍ ഉടൻ ഡോക്ടറുടെ സേവനം തേടുക. ഇല്ലെങ്കില്‍ ഇത് ഗുരുതരമായ മറ്റു പ്രശ്നങ്ങള്‍ക്കു കാരണമാകാം. ചില അവസരങ്ങളില്‍ മൂത്രത്തിലെ അണുബാധ വൃക്കകളുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കാം. മറ്റ് അവയവങ്ങളിലേക്കു രോഗം പടരാനും സാധ്യതയുണ്ട്. വൃക്ക രോഗങ്ങൾ ജീവനു ഭീഷണിയാകാം, പ്രത്യേകിച്ചും സെപ്റ്റിസീമിയ എന്ന അവസ്ഥയിൽ ബാക്ടീരിയ രക്തപ്രവാഹത്തിൽ പ്രവേശിച്ചാൽ അത് ഗുരുതരമാണ്.
ധാരാളം വെള്ളം കുടിക്കുകയാണ് മൂത്രത്തിലെ അണുബാധയെ ചെറുക്കാന്‍ ഏറ്റവും നല്ല പോംവഴി. ശുചിമുറിയിൽ പോയി വന്ന ശേഷം കൈകള്‍ വൃത്തിയായി കഴുകണം, വ്യക്തിശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുകയും അവ വൃത്തിയായി കഴുകി വെയിലത്ത് ഉണക്കുകയും ചെയ്യുക. മൂത്രത്തിലെ അണുബാധയെ നിസ്സാരരോഗമായി കണക്കാക്കരുത്. എന്നാല്‍ ചില നിസ്സാര മുന്‍കരുതലുകള്‍ എടുത്താല്‍ അതിനെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും.
എറണാകുളം എടപ്പള്ളി ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്‌ഷ്വൽ മെഡിസിൻ ആൻഡ് യൂറോളജിയിലെ യൂറോളജിസ്റ്റ് & ആൻഡ്രോളജിസ്റ്റ് ആണ് ലേഖകൻ