ADVERTISEMENT

ഇക്കഴിഞ്ഞ കാൻസർ ദിനത്തിൽ തൃശൂർ പുള്ള് സ്വദേശിയായ ലാൽസന്റെ അതിജീവനകഥ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ലാൽസൺ പറഞ്ഞത് തൊണ്ടയിൽക്കൂടി ഒരു തുള്ളി വെള്ളമിറക്കാനുള്ള ആ ദിവസത്തിനായാണ് താൻ കാത്തിരിക്കുന്നതെന്നാണ്. ഇതിനായി രണ്ടു മൂന്നു ശസ്ത്രക്രിയകൾ നടത്തിയിരുന്നെങ്കിലും അവ പരാജയമായിരുന്നു. അപ്പോഴും തോറ്റു കൊടുക്കാൻ ലാൽസൺ ഒരുക്കമായിരുന്നില്ല. ജിവിതം പൊരുതി നേടാനുള്ളതാണെങ്കിൽ അത് പൊരുതിത്തന്നെ നേടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ലാൽസൺ. 

ഒടുവിൽ കാത്തിരിപ്പ് സഫലമായി. രണ്ടു വർഷത്തിനു ശേഷം ലാൽസൺ തൊണ്ടയിൽക്കൂടി വെള്ളമിറക്കി. ഇതിന്റെ വിഡിയോ കൊച്ചി ലേക്‌ഷോർ ആശുപത്രി കിടക്കിയിൽ കിടന്ന് ലാൽസൺ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. 

ബഹ്റൈനിൽ ഉദ്യോഗസ്ഥനായിരുന്ന ലാൽസൻ പത്തു ദിവസത്തെ അവധിക്കു നാട്ടിൽ വന്നപ്പോഴാണ് താടിയിൽ അസ്വാഭാവികമായി ഒരു ചെറിയ തടിപ്പ് കാണുന്നത്. പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചു. തൊണ്ടയിലായതിനാൽത്തന്നെ ഉമിനീരു പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയായി. 

ഏറ്റവുമൊടുവിൽ ജൂലൈ 16നു നടന്ന ശസ്ത്രക്രിയയ്ക്കു മുൻപ് ലാൽസൺ ഇങ്ങനെ എഴുതി 'നാളെ അടുത്ത ഓപ്പറേഷൻ ആണ്. തുടർച്ചയായ പ്രശ്നങ്ങൾ. അതു പരിഹരിച്ചു വരുമ്പോൾ അടുത്ത പ്രശ്നം, അങ്ങനെ മൂന്നരമാസം ആയി. എറണാകുളം ലേക്‌ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. മൂന്നര മാസത്തിനുള്ളിൽ ഏഴാം ഓപ്പറേഷൻ ആണ് നാളെ. എന്തും സഹിക്കാം, ഒരു തുള്ളി വെള്ളം കുടിക്കാൻ പറ്റിയാൽ മതി. കഴുത്തിൽ ഇട്ട ട്യൂബ് ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതൊന്നും അല്ല. ഇപ്പോൾ നെഞ്ചിനുള്ളിൽ ഒരു വലിയ ഹോൾ വീണു. അതു അടയ്ക്കാൻ ആണ് ഇപ്പോഴത്തെ ഓപ്പറേഷൻ. ഒരുപാട് കോംപ്ലിക്കേഷൻസ് ഈ ഓപ്പറേഷൻ ചെയ്യുമ്പോൾ ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു, എന്നാൽ ചെയ്യാതെ പറ്റില്ല അതുകൊണ്ട് റിസ്ക് എടുത്താണ് ഈ ഓപ്പറേഷൻ ചെയ്യുന്നത്. ഇത് കഴിഞ്ഞാൽ എങ്കിലും വെള്ളം കുടിക്കാൻ പറ്റിയാൽ മതി. അതാണ്‌ പ്രാർത്ഥന. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഓർക്കണം. നാളത്തെ ഓപ്പറേഷൻ നടക്കുമ്പോൾ ഒരുപാട് റിസ്ക് ഉണ്ട്, ഒരു കുഴപ്പവും ഇല്ലാതെ ഓപ്പറേഷൻ പൂർത്തിയാക്കാനും തുടർന്ന് വെള്ളം ഇറക്കാൻ സാധിക്കാനും വേണ്ടി പ്രാർത്ഥിക്കണം.' 

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും സ്റ്റിച് മുഴുവൻ വിട്ടുപോയിരുന്നു. അവിടെ റേഡിയേഷൻ എടുത്തത് കൊണ്ട് ഇനി സ്റ്റിച് ഇടാൻ പറ്റാത്ത അവസ്ഥയായിരുന്നു. വേദന തിന്നു കഴിയുകയാണ്. ഹോസ്പിറ്റലിൽ ഒന്നു ഉറങ്ങാൻ പോലും പറ്റുന്നില്ല. ഒരേ കിടപ്പു ആയ കാരണം പുറംവേദന ഭയങ്കരമാണെന്നും ലാൽസൺ പറഞ്ഞിരുന്നു.

ഇത്രയുമൊക്കെ ദുരിതത്തിനൊടുവിലാണ് തൊണ്ടയിൽക്കൂടി വെള്ളം ഇറക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചത്. ' ഞാൻ വെള്ളം കുടിച്ചു. രണ്ട് വർഷത്തിന് ശേഷം, അരമണിക്കൂർ മുൻപ് എന്റെ തൊണ്ടയിൽ കൂടി ദാഹജലം ഇറങ്ങി. ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. വെള്ളം ഇറക്കാൻ സാധിക്കുമോ എന്നറിയാനുള്ള ടെസ്റ്റ്‌. അതിൽ വിജയിച്ചു.. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം. തോൽക്കാൻ മനസ്സില്ലാതെ പോരാടിയതിനു ദൈവം തന്ന സമ്മാനം. രണ്ട് വർഷം കാത്തിരുന്നു. ഞാൻ അതിനിടയിൽ നിരവധി സർജ്ജറി, അനവധി തവണ ICU. ഇപ്പോൾ നാല് മാസം ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌. ഇപ്പോഴും തൊണ്ടയിൽ ട്യൂബ് ഉണ്ട്, ഫുൾ ടൈം ഓക്സിജൻ ഉണ്ട്, ബെഡിൽ നിന്നു എഴുന്നേൽക്കാൻ കഴിയില്ല. പക്ഷേ ഞാൻ തിരിച്ചു വരും. വിധിയെ തോൽപിച്ചു ഞാൻ വരും. പഴയ ലാൽസൺ ആയി...

ജീവിതം പൊരുതി നേടാൻ ഉള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും...സർവശക്തനായ  ദൈവത്തിനു നന്ദി. ഒപ്പം എന്നെ സ്നേഹിച്ച, എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി... ലാൽസൺ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com