എബോള: ഇന്ത്യയ്ക്കു മുന്നറിയിപ്പു നൽകി ലോകാരോഗ്യസംഘടന
Mail This Article
എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാൻ ലോകാരോഗ്യസംഘടന നിർദേശിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നൽകി.
മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസ് ബാധ മൂലം കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 1700 പേർ മരണമടഞ്ഞു. 2014–16 ൽ പശ്ചിമാഫ്രിക്കയിൽ രോഗം പടർന്നതിനു ശേഷമുണ്ടായ രണ്ടാമത്തെ രൂക്ഷമായ രോഗപകർച്ചയാണ് ഇപ്പോഴത്തേത്.
ഇതുവരെ രോഗബാധ ഉൾപ്രദേശങ്ങളിൽ ഒതുങ്ങിയിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് രാജ്യത്തെ രണ്ടാമത്തെ നഗരമായ ഗോമയിൽ ഒരാൾ മരിച്ചത് ആശങ്കയുണ്ടാക്കുന്നു.
റുവാണ്ടയോട് ചേർന്നു കിടക്കുന്ന സ്ഥലമായതിനാൽ ആയിരക്കണക്കിനു പേർ ദിവസവും അതിർത്തി കടന്നു യാത്ര ചെയ്യുന്നതും ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നു. റുവാണ്ടയിൽ ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. കോംഗോയിൽ നിന്നെത്തുന്നവരെ കർശന പരിശോധനകൾക്കു വിധേയരാക്കുന്നുമുണ്ട്.