നിപ്പ നല്കുന്ന പാഠങ്ങള്‍
Mail This Article
നിപ്പ വൈറസിന്‍റെ രണ്ടാം വരവിൽ അതിനെ നാം തോല്‍പിച്ചു. കഴിഞ്ഞവര്‍ഷം കേരളത്തില്‍ ആദ്യമായി നിപ്പ കോഴിക്കോട്ട് പ്രത്യക്ഷപ്പെട്ടപ്പോൾ നാം വളരെ ഭീതിയോടെയാണ് അതിനെ നേരിട്ടത്. കാരണം മരണനിരക്ക് വളരെ കൂടുതലുള്ള ഒരു രോഗമാണ് നിപ്പ. അന്ന് നിപ്പ ബാധിച്ച 90 ശതമാനം ആള്‍ക്കാരും (പതിനേഴുപേര്‍) മരിച്ചു. രണ്ടാംവട്ടം നിപ്പ ബാധ മൂലമുള്ള മരണം തടയാൻ നമുക്കു കഴിഞ്ഞു. മെഡിക്കല്‍ വിദഗ്ധരും സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമായി എല്ലാ തലത്തിലും പ്രാവര്‍ത്തികമാക്കുകയും ചെയ്തതിന്‍റെ ഫലമായിരുന്നു അത്.
ഇതില്‍ നിന്നും നാം ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. നിപ്പ ഭീതിയോടെ കാണേണ്ടതില്ലെന്നും ശരിയായ അറിവും മനസ്സാന്നിധ്യവും കൂട്ടായ പ്രവര്‍ത്തനവും കൊണ്ട് അതിനെ തടയാമെന്നും നാം പഠിച്ചു.
നിപ്പയെക്കാള്‍ മാരകമായ പുതിയ വൈറസുകള്‍ ഇനിയുമെത്തുമെന്ന മുന്നറിയിപ്പുകള്‍ (Emerging new virus) വിദഗ്ദ്ധര്‍ നല്‍കിക്കഴിഞ്ഞു. ഇനി വൈറസുകളുടെ കാലം എന്നാണ് പ്രശസ്ത വൈറോളജിസ്റ്റുകള്‍ പറയുന്നത്. മൃഗങ്ങളിലും മറ്റുമുള്ള പല വൈറസുകളിലും ഒരു ചെറിയ ജനിതക വ്യതിയാനം മതി അവ മനുഷ്യർക്കു മാരകമാകാൻ.
മുമ്പൊരിക്കലും ഇല്ലാത്ത വിധം പകര്‍ച്ചവ്യാധികളാണ് ഈ നൂറ്റാണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനസംഖ്യാ വര്‍ധനവ്, കൂടുതല്‍ ആളുകള്‍ യാത്രചെയ്യുന്നത്, വനനശീകരണം, വൈറസ് വാഹകരായ മൃഗങ്ങളുമായി മനുഷ്യരുടെ സമ്പർക്കം കൂടുന്നത് തുടങ്ങിയവയെല്ലാം ഇതിനു കാരണമാകുന്നു. അതിനെ നേരിടണമെങ്കില്‍ നേരത്തെതന്നെ തയാറെടുപ്പുകള്‍ വേണ്ടി വരും.
അതിന് ആദ്യം വേണ്ടത് ഇത്തരം പുതിയ വൈറസുകളെ നേരിടാൻ നമ്മുടെ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുകയെന്നതാണ്. നമ്മുടെ രോഗപ്രതിരോധശക്തിക്ക് പല കാരണങ്ങൾ കൊണ്ടും കുറവു വന്നുകൊണ്ടിരിക്കുകയാണ്. പച്ചക്കറികളും പഴങ്ങളും വളരെ കുറച്ചുമാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വ്യായാമമില്ലായ്മയും ഇതിനു കാരണമാകുന്നു. നല്ല ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയിലൂടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാം.
രോഗങ്ങളോടുള്ള സമീപനത്തില്‍ സമൂഹത്തിന്‍റെ കാഴ്ചപ്പാട് പാടേ മാറേണ്ടിയിരിക്കുന്നു. രോഗം വന്നു കഴിഞ്ഞ് ചികിത്സയെന്നതു മാറ്റി, നിപ്പ പോലെയുള്ള രോഗങ്ങള്‍ക്കു പിടികൊടുക്കാതെ ആരോഗ്യം സംരക്ഷിക്കുന്നതിന് മുന്‍തൂക്കം നല്‍കണം.
നിപ്പയെ തോല്‍പിച്ചതുപോലെയുള്ള കൂട്ടായ്മയും ചിട്ടയോടുകൂടിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റു പകര്‍ച്ചവ്യാധികളുടെയും പ്രമേഹം, ഹൃദയാഘാതം, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെയും കാര്യത്തില്‍ ഉണ്ടാവണം. ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം, വ്യക്തി ശുചിത്വത്തിലും പരിസരശുചിത്വത്തിലും നാം ഇനിയും വളരെ ദൂരം മുന്നേറണമെന്നാണ്.
നിപ്പ പോലുള്ള വൈറസ് രോഗബാധയെ പെട്ടെന്ന് കണ്ടെത്തുവാനുള്ള സംവിധാനം, ഗവേഷണം, ബോധവല്‍ക്കരണം തുടങ്ങിയ കാര്യങ്ങള്‍ സർക്കാർ തലത്തില്‍ ചെയ്യണം