ADVERTISEMENT

മഴ മടങ്ങിയെത്തിയതോ‌െട പനി വീണ്ടും റിപ്പോർട്ട് ചെയ്യുന്നു. പനിയോടൊപ്പം മഞ്ഞപ്പിത്തം, വയറിളക്കം മുതലായ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവയെല്ലാം നിയന്ത്രണ വിധേയവുമാണ്.  എന്നിരുന്നാലും ചില മുൻകരുതലുകൾ നമ്മുക്ക് സ്വീകരിക്കാം.

പനി ഒരു രോഗലക്ഷണമാണ് 

വൈറസ്, ബാക്ടീരിയ തുടങ്ങി ഏതുതരം രോഗാണുക്കളും ശരീരത്തിൽ പ്രവേശിച്ചാൽ പനിയിലൂടെയാണ് (ശരീരത്തിന്റെ താപനില ഉയർത്തിയാണ്) ശരീരം പ്രതികരിക്കുന്നത്. പനി ലക്ഷണങ്ങൾ വന്നാൽ, ഉടനെ ഡോക്ടറെ കണ്ട് ഏതുതരം പനിയാണെന്ന് നിർണയിച്ച്, തുടർ ചികിത്സ ഉറപ്പാക്കണം. സ്വയം ചികിത്സ നടത്തി രോഗം മൂർഛിക്കാൻ ഇടവരുത്തരുത്.

അറ്റൻഷൻ– മാതാപിതാക്കൾ 

കുട്ടികൾക്കുണ്ടാകുന്ന ഏതുതരം ശാരീരിക അസ്വസ്ഥതകളും ഗൗരവത്തോടെ കാണണം. പനി ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, സർക്കാർ ആശുപത്രിയെ സമീപിക്കുക. കുട്ടികളെ കെട്ടി നിൽക്കുന്ന വെള്ളത്തിലും ചെളിയിലും മണ്ണിലും കളിക്കാൻ അനുവദിക്കരുത്. ജലദോഷം, ചുമ, തുമ്മൽ എന്നിവ ഉള്ളപ്പോൾ പരിപൂർണ വിശ്രമം നൽകണം. 

അധ്യാപകർ ശ്രദ്ധിക്കുക 

കുട്ടികൾക്ക് പനിയോ, ചുമയോ, ഉണ്ടെങ്കിൽ മറ്റു കുട്ടികളുമായി സമ്പർക്കം വരാത്ത തരത്തിൽ വിശ്രമിക്കാൻ അനുവദിക്കുക. ജലസംഭരണികളിലും കിണറുകളിലും കോറിനേഷൻ നടത്തണം. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിച്ച് കൊതുകുവളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. 

തൊഴിലുറപ്പ് പ്രവർത്തകരുടെ ശ്രദ്ധയ്ക്ക് 

എലിപ്പനിയും മറ്റുജലജന്യരോഗങ്ങളും വരാൻ സാധ്യത ഉള്ളതിനാൽ പ്രതിരോധ ഗുളികകൾ കഴിക്കണം. എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകർ മുഖാന്തിരം സൗജന്യമായി നൽകും.   കൈകാലുകളിൽ മുറിവുള്ളവർ കഴിവതും ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയോ, മലിനജലം, മണ്ണ്, എന്നിവയുമായി മുറിവ് സമ്പർക്കത്തിൽ വരാതിരിക്കാൻ കൈയ്യുറയും ഗം ബൂട്ടുകളോ ധരിക്കണം. 

കൊതുക് കടികൊള്ളുന്നത് ഒഴിവാക്കാൻ ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കാം. പനിയോ, മറ്റു രോഗലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കണ്ട് ചികിത്സ തേടുക. നന്നായി വിശ്രമിക്കുകയും തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com