ADVERTISEMENT

രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതെ നോക്കുകയാണ് എന്ന ആപ്തവാക്യം പലപ്പോഴും മാരകമാവുന്ന പുതിയ പനിയായ എച്ച്1എൻ1  ന്‍റെ കാര്യത്തില്‍ വളരെ പ്രസക്തമാണ്. ഈ പനിക്ക് കാരണമാവുന്ന എച്ച്1എൻ1 വൈറസ് ഒരു പുതിയ വൈറസ് ആകയാല്‍ ഇതിനെതിരെ മനുഷ്യര്‍ക്ക് പ്രതിരോധശേഷിയില്ലയെന്നുള്ളത് രോഗപ്രതിരോധത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. പ്രതിരോധത്തിന്‍റെ കാതല്‍ വ്യക്തിശുചിത്വും പരിസരശുചിത്വവുമാണ്. സ്വയംകരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുമാണ്.

രോഗം പടരാതിരിക്കാന്‍
∙ രോഗബാധയുള്ള സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് എച്ച്1എൻ1  പനിബാധിച്ചിരിക്കുന്ന പ്രദേശത്തേക്കുള്ള സന്ദര്‍ശനം, ഇനി സന്ദര്‍ശിക്കേണ്ടിവന്നാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.

∙ എച്ച്1എൻ1പനി സ്ഥിരീകരിച്ച രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക.  അത്യാവശ്യമായി വന്നാല്‍ മാസ്ക് ഉപയോഗിക്കുക

∙ അത്ര അത്യാവശ്യമില്ലെങ്കില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക. ഇനി പോകേണ്ടിവന്നാല്‍  കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകാതിരിക്കുക.

∙ രോഗമുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തൂവാലകൊണ്ടോ മാസ്ക് കൊണ്ടോ വായും മൂക്കും മൂടുക (Cough hygiene). ഇത് രോഗാണു അന്തരീക്ഷത്തില്‍ കലര്‍ന്ന് രോഗം പടരാതിരിക്കാന്‍ സഹായിക്കും. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അന്തരീക്ഷത്തിലേക്കു ധാരാളം വൈറസുകളെ കടത്തിവിടുന്നു. ഇത് രോഗമില്ലാത്തവര്‍ ശ്വസിക്കാനിട വരുമ്പോഴാണ് രോഗം ഉണ്ടാവുന്നത്  (Droplet infection)

∙ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക. ചുമയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണിത്.

∙ കൈകളുടെ ശുചിത്വം (Hand hygiene) വളരെ പ്രാധാന്യമര്‍ഹിക്കുന്നു. രോഗികളുടെ ശ്വാസകോശത്തില്‍ നിന്നു വരുന്ന സ്രവങ്ങളില്‍ ധാരാളം വൈറസുകള്‍ ഉണ്ടാവും. രോഗിയുടെ വസ്ത്രങ്ങള്‍, കട്ടില്‍, വാതില്‍പ്പിടി എന്നിവകളിലൊക്കെ രോഗാണുക്കള്‍ കാണും. ഇവയുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും മറ്റു പ്രതലങ്ങളില്‍ കൈകള്‍ സ്പര്‍ശിക്കുമ്പോഴും രോഗാണുസംക്രമം ഉണ്ടാവാം. അതുകൊണ്ട് ആശുപത്രി സന്ദര്‍ശനം, യാത്ര എന്നിവയൊക്കെ കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. രോഗമുള്ള കാലയളവില്‍ കൂടെക്കൂടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് രോഗാണുബാധ തടയും.

വാക്സിന്‍

എച്ച്1എൻ1 ഇന്‍ഫ്ളുവന്‍സാ വാക്സിന്‍ ഇന്ന് ലഭ്യമാണ്. ഇത് ഇന്‍ജക‌്‌ഷന്‍ ആയിട്ടാണ് നല്‍കുന്നത്. മൂക്കില്‍കൂടി നല്‍കുന്ന വാക്സിനും ഉണ്ട്. രോഗമില്ലാത്തവരില്‍എച്ച്1എൻ1 വൈറസിനെതിരെ രോഗപ്രതിരോധശക്തി ഉണ്ടാക്കുകയാണ് വാക്സിന്‍ ചെയ്യുന്നത്. Ministry of Health Govt. of India   വാക്സിന്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അടുത്തകാലത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com