പിത്താശയക്കല്ല്; കാരണവും പ്രതിരോധ മാർഗങ്ങളും
Mail This Article
ദഹനത്തെ സഹായിക്കുന്ന പിത്തം (Bile) ഉണ്ടാകുന്നത് കരളി ലാണ്. മാംസം ദഹിപ്പിക്കുകയാണ് പിത്തരസത്തിന്റെ മുഖ്യ ധർമം. സസ്യാഹാരികൾ ആശ്വസിക്കാൻ വരട്ടെ അവർ കഴി ക്കുന്ന പച്ചക്കറികളിൽ പലതിനെയും ദഹിപ്പിക്കാനും പിത്തം വേണം. കരളിലുണ്ടാകുന്ന പിത്തം പിത്താശയ സഞ്ചിയി ലേക്കാണു പോകുന്നത്. ഭക്ഷണം ചെന്നു കഴിഞ്ഞാല്‍ ആമാശയത്തിനു താഴെ ചെറുകുടലിന്റെ തുടക്കമായിട്ടുള്ള ഗ്രഹണിയിലേക്കു പിത്താശയ ഗ്രന്ഥിയിൽ നിന്നുള്ള പിത്തം തുറന്നു വിടും. അതു മാംസഭക്ഷണത്തെ ദഹിപ്പിക്കും. അധിക മായുണ്ടാകുന്ന പിത്തസ്രാവം ഗ്രഹണിയിലേക്കു തിരിച്ചു പോകാതെ പിത്തസഞ്ചിയിൽ കെട്ടിക്കിടക്കുന്നു. പിന്നെ സാന്ദ്രീകരിച്ചു വലുതാകും. ഒടുവിലതു പിത്താശയക്കല്ലായി മാറുന്നു.
പിത്താശയക്കല്ല് പലവിധ രോഗങ്ങൾക്കും കാരണമാകും. വയറിൽ വലതുഭാഗത്ത് വാരിയെല്ലിനു താഴെ മുൻഭാഗത്തോ പുറകുവശത്തോ വേദന, ഛർദി, വിശപ്പില്ലായ്മ, മഞ്ഞപ്പിത്തം, തൊലിപ്പുറത്തെ ചൊറിച്ചിൽ, മാംസഭക്ഷണം ദഹിക്കാതെ പോകൽ, ശക്തമായ തലവേദന, ഇടവിട്ടുള്ള പനി, മലത്തിനു വെള്ളനിറമാവുക, രുചി കുറയുക, തുടർച്ചയായ ഛർദ്ദി തുടങ്ങിയവ പലപ്പോഴും ഉണ്ടാകുന്നത് ഇതുകൊണ്ടാകാം. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ പിത്താശയക്കല്ല് അടഞ്ഞു പിത്തസഞ്ചി വീർത്തു വരും.
സാധാരണയായി 25 മുതൽ 60 വയസ്സുവരെയാണ് ഈ പ്രശ്നം ഉണ്ടാകാറ്. കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, മാസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും ഔഷധം ഉപയോഗിച്ചു വയറിളക്കുക എന്നിവ ചെയ്യുകയും ഭക്ഷണത്തിൽ പാവയ്ക്ക, പടവലങ്ങ എന്നിവ ഉൾപ്പെടുത്തുകയും ചെയ്യുന്നതു രോഗം വരാതിരിക്കാൻ നല്ലതാണ്. കൂട്ടത്തിൽ പറയട്ടെ, പശുക്കളിൽ പിത്താശയ സഞ്ചിയിലുണ്ടാകുന്ന കല്ലിനെയാണു ഗോരോചനം എന്നു പറയുന്നത്. അത് ആയുർവേദത്തിലെ വിശിഷ്ടമായ ഔഷധമാണ്. തിരുനെറ്റിയിൽ കുറി തൊടാൻ മഞ്ഞളും ചന്ദനവും പോലെ ഗോരോചനവും ഉപയോഗിക്കാം. ഇത് ‘ഗോരോചനക്കുറി’ എന്നറിയപ്പെടുന്നു. പക്ഷേ, അതിനു വിലക്കൂടുതലാണ്.