ADVERTISEMENT

നമ്മുടെ ജീവിതത്തിൽ നമുക്കു കിട്ടിയ ഒരു അമൂല്യമായ സൗഭാഗ്യമാണ് ഓർമകൾ. നാം എന്താണെന്നും എങ്ങനെ ജീവിക്കണം എന്നതും ഓർമകളെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ആ ഓർമകൾ എല്ലാം നശിച്ചു സ്വന്തം അസ്ഥിത്വംതന്നെ അറിയാതെ വരിക എന്നത് ഭയാനകമായ ഒരു സ്ഥിതി വിശേഷമാണ്. മറവിരോഗം അഥവാ അൽസ്ഹൈമേഴ്സ് ഡിസീസ് അത്തരം ഒരു അവസ്ഥയാണ്. ലോകമെമ്പാടും ഏതാണ്ട് 44 ദശലക്ഷം  പേർക്ക് ഡിമെൻഷ്യ അഥവാ മേധാക്ഷയം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഇത് 4 ദശലക്ഷത്തിന് അടുത്ത് വരും. 

നമ്മുടെ തലച്ചോറിന് ബൗദ്ധികമായ പലതരം കഴിവുകൾ ഉണ്ട്. ഓർമ, ഭാഷ കൈകാര്യം ചെയ്യുന്നത്, കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള കഴിവ്, ദിശാബോധം, സ്വഭാവ സവിശേഷതകൾ ഇതെല്ലാം തലച്ചോറിന്റെ നിയന്ത്രണത്തിലാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓർമ. നമുക്കു കിട്ടുന്ന പലവിധത്തിലുള്ള വിവരണങ്ങൾ തലച്ചോറിലെ ടെംപറൽ ലോബ് എന്ന ഭാഗത്ത് ആണ് റജിസ്റ്റർ ചെയ്യുന്നത്. അത് തലച്ചോർ ശേഖരിച്ചു വയ്ക്കുകയും ഭാവിയിൽ ആവശ്യമുള്ള സമയത്ത് അത് വീണ്ടും ഓർമപ്പെടുത്തുകയും ചെയ്യും. ഓർമകൾ കൈകാര്യം ചെയ്യുന്ന ടെംപറൽ ലോബിലെ കോശങ്ങൾ നശിച്ചു പോകുന്ന കാരണമാണ് അൽസ്ഹൈമേഴ്സ് രോഗികളിൽ മറവി ഉണ്ടാകുന്നത്. മറവിരോഗത്തിന്റെ ഏറ്റവും പ്രധാനവും കൂടുതലായി കാണപ്പെടുന്നതുമായ കാരണങ്ങളിൽ ഒന്നാണ് അൽസ്ഹൈമേഴ്സ് രോഗം. അൽസ്ഹൈമേഴ്സ് കൂടാതെ തലച്ചോറിലെ മുഴകൾ (tumors), സ്ട്രോക്ക്, അപസ്മാരം, ഹോർമോൺ വ്യതിയാനങ്ങൾ പ്രത്യേകിച്ച് തൈറോയ്ഡ് ഹോർമോണിന്റെ അഭാവം, വൈറ്റമിൻ ബി 12 തുടങ്ങിയവയുടെ അഭാവം, തലച്ചോറിന് ഏൽക്കുന്ന ക്ഷതങ്ങൾ എന്നിവയെല്ലാം മറവിരോഗത്തിന് കാരണമാകാം. 

അൽസ്ഹൈമേഴ്സ് സാധ്യത കൂട്ടുന്ന ഘടകങ്ങൾ

പ്രായം കൂടുന്നതിന് അനുസരിച്ച് അൽസ്ഹൈമേഴ്സ് വരാനുള്ള സാധ്യതയും കൂടുന്നു. 65 നുമേൽ പ്രായമുള്ള പത്തു പേരിൽ ഒരാൾക്കും  85 ന് മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും മറവി രോഗം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രായം കൂടാതെ കുടുംബത്തിൽ മറവിരോഗം ഉണ്ടെങ്കിലോ, ചില ജനിതകഘടകങ്ങൾ രക്തത്തിൽ ഉണ്ടെങ്കിലോ മറവിരോഗം വരാനുള്ള സാധ്യത കൂടുതലാണ്. അമിതരക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം, അമിതമായ കൊഴുപ്പ്, അമിതവണ്ണം, അമിതമായ പുകവലിയും മദ്യപാനവും ഒക്കെ മറവിരോഗം വരാനുള്ള പ്രധാനകാരണങ്ങൾ ആണ്. 

എപ്പോഴാണ് മറവിരോഗം ഉണ്ടെന്ന് സംശയിക്കേണ്ടത്?

65–ന് മേൽ പ്രായമുള്ളവരിൽ പലർക്കും ചെറിയ മറവികൾ സ്വാഭാവികമാണ്. പ്രത്യേകിച്ച് വസ്തുക്കൾ എവിടെ വച്ചുവെന്ന് മറന്ന് പോകുക. പ്രായം മൂലമുള്ള മറവിയാണെങ്കിൽ കുറച്ച് നേരം ആലോചിച്ചാലോ ചെറിയ സൂചനകൾ കൊടുത്താലോ അവർക്ക് അത് എവിടെ വച്ചു എന്ന് ഓർമ വരും. എന്നാൽ അൽസ്ഹൈമേഴ്സ് രോഗികൾക്ക് സൂചനകൾ കൊടുത്താലും അത് ഓർത്തെടുക്കാൻ കഴിയില്ല. അധികം പരിചയമില്ലാത്തവരുടെ പേരുകൾ മറുന്നു പോകുന്നതും പ്രായമായവരിൽ സാധാരണമാണ്. എന്നാൽ അൽസ്ഹൈമേഴ്സ് രോഗികൾ സ്വന്തം കുടുംബാംഗങ്ങളുടെ പേരുകൾ തന്നെ മറന്നു പോയേക്കാം. കൂടാതെ അവർക്കു വാക്കുകൾ കിട്ടാനും ബുദ്ധിമുട്ടായിരിക്കും. 

കണക്കുകൾ കൈകാര്യം ചെയ്യുന്നതിലും കാര്യങ്ങൾ ആലോചിച്ച് കൃത്യമായ തീരുമാനങ്ങൾ എടുക്കാനും അൽസ്ഹൈമേഴ്സ് രോഗികൾക്ക് ബുദ്ധിമുട്ടായിരിക്കും. പരിചിതമായ സാഹചര്യങ്ങളിൽ പോലും അവർക്ക് വഴി തെറ്റി പോകാം. പെട്ടെന്ന് ദേഷ്യവും സങ്കടവും അമിതമായ കോപവും ഒക്കെ അസുഖത്തിന്റെ ഭാഗമാണ്. കൂടെ ഉള്ളവരെ സംശയത്തോടെ വീക്ഷിക്കുന്നതും പെരുമാറുന്നതും സ്വാഭാവികമാണ്. ചിലപ്പോൾ ചെറുപ്പക്കാരും അമിതമായ മറവി ഉണ്ടെന്ന് പരാതിപ്പെടാറുണ്ട്. എന്നാൽ ഇത് പലപ്പോഴും ശരിക്കുള്ള മറവിരോഗം അല്ല. അമിതമായ സ്ട്രെസ്, പലകാര്യങ്ങൾ ഒരേ സമയം ചെയ്യുക (multi tasking) എന്നിവ മൂലം ഏകാഗ്രത കുറയുന്നത് മൂലമാണ് ഇത്തരം മറവികൾ ഉണ്ടാകുന്നത്. എന്നാൽ പാരമ്പര്യമായി മറവിരോഗം ഉണ്ടെങ്കിൽ ഇത്തരം മറവികൾ കാര്യമായി എടുക്കണം. 

അൽസ്ഹൈമേഴ്സ് രോഗനിർണയം

രോഗലക്ഷണങ്ങൾ വിശകലനം ചെയ്താണ് അൽസ്ഹൈമേഴ്സ് രോഗനിർണയം ചെയ്യുന്നത്. മറവിരോഗത്തിന്റെ മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താനായി രക്തപരിശോധനകളും തലച്ചോറിന്റെ സ്കാനിങ്ങും ആവശ്യമായി വരും. പാരമ്പര്യമായി മറവിരോഗം ഉണ്ടെങ്കിൽ അതിനുള്ള ജനിതകപരിശോധനകളും വേണ്ടി വരും. 

രോഗത്തിന്റെ വിവിധഘട്ടങ്ങൾ

ഘട്ടം 1

ചെറിയ ചെറിയ മറവികള്‍ പ്രത്യേകിച്ചും സാധനങ്ങൾ വച്ചത് മറക്കുക, പേരുകൾ മറക്കുക, സംഭാഷണങ്ങളിൽ പങ്കു ചേരാനുള്ള ബുദ്ധിമുട്ടുകൾ എന്നിവയാണ് ഈ ഘട്ടത്തിൽ ഉണ്ടാവുക. ഇത് 2–4 വർഷങ്ങൾ വരെ നീളാം. 

ഘട്ടം 2

മറവി കുറച്ചു കൂടി മൂർച്ഛിക്കുകയും ദൈനംദിന കാര്യങ്ങൾ ചെയ്യാൻതന്നെ സഹായം ആവശ്യമായി വരികയും ചെയ്യും. ദിശാബോധം നഷ്ടപ്പെടുകയും വീട്ടിനുള്ളിൽ തന്നെ മുറികൾ മാറി പോകുകയും ചെയ്യും. സ്വഭാവത്തിലുള്ള വ്യത്യാസവും പ്രകടമാകും. പെട്ടെന്ന് ദേഷ്യപ്പെടുകയും മറ്റുള്ളവരോട് സംശയത്തോടെ പെരുമാറുകയും ചെയ്യും. ഇത് 2–10 വർഷം വരെ നീളാം.

ഘട്ടം 3

ആശയവിനിമയം പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയിലെത്തും. ചലനശേഷി കാര്യമായി ബാധിക്കുകയും എപ്പോഴും കട്ടിലിൽ തന്നെ കഴിയുകയും ചെയ്യും. അവർക്ക് പൂർണമായും പരസഹായം ആവശ്യമാണ്. ഇത് 1–3 വർഷം നീണ്ടു നിൽക്കാം. ഇടയ്ക്കു ഉണ്ടാകുന്ന അണുബാധയോ ഭക്ഷണക്കുറവ് മൂലം ഉണ്ടാകുന്ന പോഷകക്കുറവോ ആണ് പലപ്പോഴും മരണത്തിലേക്കു നയിക്കുന്നത്. 

ചികിത്സ

രോഗം പൂർണമായും ഭേദമാക്കാനുള്ള ചികിത്സ നിലവിൽ ലഭ്യമല്ല. എന്നാൽ രോഗത്തിന്റെ തീവ്രത കുറയ്ക്കാനുള്ള മരുന്നുകൾ ഉണ്ട്. അതുകൊണ്ടgതന്നെ അസുഖം എത്രയും നേരത്തെ കണ്ടെത്തിയാൽ അതിന്റെ തീവ്രത കുറയ്ക്കാനും രോഗത്തിന്റെ കാലദൈർഘ്യം കൂട്ടുവാനും സാധിക്കും. രോഗത്തിന്റെ തുടക്കഘട്ടത്തിൽ ഡയറി അല്ലെങ്കിൽ സ്മാർട്ട് ഫോണിൽ അന്നന്ന് ചെയ്യാനുള്ള കാര്യങ്ങൾ രേഖപ്പെടുത്തുന്നത് നല്ലതായിരിക്കും. ഓർമ ഉണ്ടോ എന്നതിനു വേണ്ടി രോഗിയോട് ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കുക. അത് രോഗിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. രോഗിയുമായി കൂടുതൽ സംഭാഷണത്തിൽ ഏർപ്പെടാം. അവർക്ക് വാക്കുകൾ കിട്ടാൻ ബുദ്ധിമുട്ടു വരുമ്പോൾ പറ‍ഞ്ഞു കൊടുത്ത് സഹായിക്കുക. ദൈനംദിന കാര്യങ്ങൾക്കുള്ള വസ്തുക്കൾ അവർക്ക് എളുപ്പം കാണാനാകുന്ന സ്ഥലത്ത് വയ്ക്കുക. രോഗിയുമായി സംസാരിക്കുമ്പോൾ പതുക്കെ ലളിതമായ വാക്കുകളിൽ അവർക്കു മനസ്സിലാകുന്നുണ്ടെന്ന് ബോധ്യമായി സംസാരിക്കണം. 

വിഷാദ രോഗം അൽസ്ഹൈമേഴ്സ് രോഗികളിൽ പെട്ടെന്നു വരാം. ഒന്നിലും താൽപര്യമില്ലാതെ ഒഴിഞ്ഞ് മാറുക, പെട്ടെന്ന് ദേഷ്യവും സങ്കടവും വരുക, ഉറക്കം കുറയുക ഇതെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. അവ ഉണ്ടെങ്കിൽ ഉടനെ തന്നെ വിഷാദരോഗത്തിന് ചികിത്സിക്കണം. രോഗിക്ക് അവരുടെ ബുദ്ധിമുട്ടുകൾ തുറന്ന് സംസാരി ക്കാനുള്ള അവസരം ഒരുക്കണം. രോഗിക്ക് ചുറ്റും എപ്പോഴും സുരക്ഷിതവും സമാധാനപരവുമായ ഒരു അന്തരീക്ഷം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. രോഗം കൂടുന്നതിന് അനുസരിച്ച് ഭക്ഷണം കഴിക്കുന്നത് കുറയും. കൂടുതൽ പോഷകമൂല്യമുള്ളതും മാംസ്യം കൂടുതലുമായ ദ്രവരൂപത്തിലുള്ള ആഹാരം ആവശ്യമായി വരും. ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ െപട്ടെന്നുതന്നെ ചികിത്സിക്കണം. രോഗിയെ പോലെ തന്നെ പ്രധാനമാണ് രോഗിയെ പരിചരിക്കുന്നവരുടെ മാനസിക ആരോഗ്യവും. കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്ന ഇവർക്ക് മതിയായ പരിരക്ഷ ആവശ്യമാണ്. അൽസ്ഹൈമേഴ്സ് രോഗത്തെ പറ്റി കൂടുതൽ മനസ്സിലാക്കാനും രോഗത്തിന്റെ ഓരോ ഘട്ടത്തിലും രോഗിക്കുണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനും പരിചരിക്കുന്നവരെ സഹായിക്കണം. രോഗിയെ പരിചരിക്കുന്നവരുടെ കൂട്ടായ്മകൾ ഉണ്ടാക്കുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നത് വളരെ നല്ലതായിരിക്കും. 

അൽസ്ഹൈമേഴ്സ് എങ്ങനെ പ്രതിരോധിക്കാം ?

കൃത്യമായ വ്യായാമം, ജീലിതശൈലീ രോഗങ്ങൾ വരാതെ നോക്കുക, അമിതവണ്ണം തടയുക, ആരോഗ്യപരമായ ഭക്ഷണ രീതി എന്നിവയൊക്കെ മറവിരോഗം വരാതെ സഹായിക്കും. സാമൂഹ്യജീവിതത്തിൽ കൂടുതൽ ഇടപെടുന്നതും അർത്ഥ വത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതും നല്ലതാണ്. ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന പസിൽ ഗെയിംസ്, വേർഡ് ഗെയിംസ് എന്നിവ പരിശീലിപ്പിക്കുന്നത് മറവിയെ തടയാൻ സഹായിക്കും. നല്ല ഉറക്കവും ഏറ്റവും പ്രധാനപ്പെട്ടതാണ്. മറവിരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വൈദ്യസഹായം തേടുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ വളരെയേറെ സഹായിക്കും. 

(ലേഖകൻ തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രി, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com