നിങ്ങൾക്ക് മറവിരോഗ ലക്ഷണമുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകി നോക്കാം
Mail This Article
ഡിമെൻഷ്യ രോഗമല്ല. രോഗലക്ഷണം മാത്രമാണ്. ഓർമക്കുറവ് 3 മാസത്തിൽ കൂടുതൽ നിലനിൽക്കുകയും അതു ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യുമ്പോഴാണ് അതിനെ ഡിമെൻഷ്യ ആയി കണക്കാക്കുന്നത്.
ഡിമെൻഷ്യക്ക് 15 കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം അൽസ്ഹൈമേഴ്സ്. രണ്ടാമത്തേതു വാസ്കുലർ ഡിമൻഷ്യ. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ രക്തം കട്ട പിടിക്കുകയോ ചെയ്താൽ വാസ്കുലർ ഡിമെൻഷ്യയിലേക്കു നയിക്കും. പാർക്കിൻസൺസ് രോഗം വഴിയും ഡിമെൻഷ്യ വരാം.
ഡിമെൻഷ്യയുള്ളവരെല്ലാം അൽസ്ഹൈമേഴ്സ് ഉള്ളവരാവണമെന്നില്ല. വിറ്റാമിൻ ബി–1, ബി– 6, ബി–12, ഡി, ഇ എന്നിവയുടെ കുറവുകൊണ്ടെല്ലാം ഡിമെൻഷ്യ വരാം. തൈറോയ്ഡുള്ളവർക്കും ഡിമെൻഷ്യ വരാൻ സാധ്യതയുണ്ടന്ന് എറണാകുളം മെഡിക്കൽ സെന്റർ സീനിയർ കൺസൽറ്റന്റ് ന്യൂറോളജിസ്റ്റ് ഡോ. ദിനേഷ് കമ്മത്ത് അഭിപ്രായപ്പെടുന്നു. അൽസ്ഹൈമേഴ്സ് രോഗത്തിന്റെ കാരണം കൃത്യമായി ഇനിയും കണ്ടെത്തിയിട്ടില്ല. സമ്മർദം നിറഞ്ഞ ജീവിതമാവാം പ്രധാന കാരണമെന്നു സംശയിക്കുന്നു.
ഉറക്കമില്ലായ്മയും കാരണമാവാം. എന്നാൽ ഇതുകൊണ്ടു മാത്രം വരണമെന്നുമില്ല. സമ്മർദമില്ലാതെ മതിയായ ഉറക്കം ശീലമാക്കി ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതു രോഗം അകറ്റാൻ സഹായകരമാകുമെന്നു മറവിരോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാർ ഉപദേശിക്കുന്നു.
രോഗം നിഷേധിക്കുന്നതും രോഗം
മറവിരോഗികൾ തങ്ങൾക്ക് ഓർമക്കുറവില്ലെന്നു വാദിക്കും. ബന്ധുക്കൾ വെറുതെ പറഞ്ഞുപരത്തുന്നതാണെന്നു പറയും. ഓർമക്കുറവു പതുക്കെ രോഗിയുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും വ്യത്യാസം വരുത്തും. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന തോന്നൽ വർധിക്കും. 75 വർഷമായി കൂടെ ജീവിക്കുന്ന ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നു സംശയിക്കും. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു തോന്നുന്നതിനാൽ വീട്ടിൽ അജ്ഞാതന്റെ സാന്നിധ്യം അനുഭവപ്പെടും.
വീട്ടിലേക്കുള്ള വഴി മറക്കുക, പല കാര്യങ്ങളിലും തീരുമാനമെടുക്കാനാവാതെ പോവുക എന്നീ പ്രശ്നങ്ങളും കടന്നുവരും. (തീ പിടിച്ചാൽ ഉടൻ എന്തു ചെയ്യണം എന്നറിയാതാവുക പോലുള്ള കാര്യങ്ങൾ.)
ചിട്ടകൾ പാലിക്കാം
ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി എഴുതിത്തയാറാക്കി കഴിഞ്ഞാൽ അതു ചെയ്തു പൂർത്തിയാക്കി എന്നുറപ്പാക്കുന്ന രീതി പിന്തുടരാം. വീട്ടിലെ അന്തരീക്ഷം ഇവർക്കു ചേർന്നതാക്കാം.
ഇടയ്ക്കിടെ വീടുകൾ മാറുന്നത് ഇത്തരം രോഗികൾക്കു ചേർന്നതല്ല. യോഗ പരിശീലിക്കുന്നതും വിറ്റാമിനുകൾ ഉൾപ്പെടുത്തിയ ഭക്ഷണരീതി പിന്തുടരുന്നതും ഗുണം ചെയ്യും.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
∙ മറവിമൂലം ജോലിയിലോ ദൈനംദിന ജീവിതത്തിലോ പ്രശ്നങ്ങളുണ്ടാവുക
∙ സുപരിചിതമായ ജോലികൾ ക്ലേശകരമാവുക
∙ ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകൾ
∙ സ്ഥലവും കാലവും തിരിച്ചറിയാൻ ബുദ്ധിമുട്ട്
∙ കാര്യകാരണസഹിതം ചിന്തിക്കാൻ ബുദ്ധിമുട്ട്
∙ സാഹചര്യത്തിനൊത്തവണ്ണം തീരുമാനമെടുക്കാനും പ്രവൃത്തിക്കാനും ബുദ്ധിമുട്ട്
∙ ഇപ്പോഴത്തെ കാര്യങ്ങൾ മറക്കുകയും പഴയ കാര്യങ്ങൾ വ്യക്തമായി ഓർക്കുകയും സംസാരിക്കുകയും ചെയ്യുക
∙ വികാരപ്രകടനത്തിലുള്ള മാറ്റം
∙ സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലുമുണ്ടാകുന്ന മാറ്റം
∙ സ്വമേധയാ പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ട്
ഉത്തരം അതെയെങ്കിൽ മറവിരോഗ ലക്ഷണങ്ങളാവാം. ഇത്തരക്കാർ വിദഗ്ധ ഡോക്ടറെ കണ്ട് രോഗനിർണയവും തുടർചികിൽസാ മാർഗങ്ങളും ഉറപ്പുവരുത്തുക.
രാജ്യാന്തര സമ്മേളനം‘ഉദ്ബോധ്’ നവംബറിൽ
മറവി രോഗത്തെക്കുറിച്ചു ശാസ്ത്ര സമൂഹത്തിനും പൊതുസമൂഹത്തിനും ഇടയിലുള്ള വിടവു നികത്താൻ ലക്ഷ്യമിട്ട് 3 ദിവസത്തെ രാജ്യാന്തര സമ്മേളനം ‘ഉദ്‌ബോധ്’ നവംബർ 1 മുതൽ കുസാറ്റ് സെമിനാർ കോംപ്ലക്‌സിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് അൽസ്ഹൈമേഴ്സ് രോഗത്തെക്കുറിച്ചു സമൂഹാവബോധം സൃഷ്ടിക്കാനും ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുയിടങ്ങളും കേന്ദ്രീകരിച്ച് മെമ്മറി ക്ലിനിക്, മെമ്മറി കഫേ, റോഡ്‌ഷോ, പോസ്റ്റർ- ചിത്ര പ്രദർശനം, മെമ്മറി കിയോസ്‌ക്, തെരുവുനാടകം തുടങ്ങി 6 മാസം നീളുന്ന പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ആർഡിഎസ്ഐ
മറവിരോഗികളുടെ ക്ഷേമത്തിനായി 27 വർഷമായി പ്രവർത്തിക്കുന്ന രാജ്യത്തെ സന്നദ്ധസംഘടയാണ് അൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആർഡിഎസ്ഐ). 1992ൽ പ്രവർത്തനമാരംഭിച്ച സംഘടനയ്ക്ക് രാജ്യത്ത് 20 കേന്ദ്രങ്ങളുണ്ട്. മറവിരോഗികളെ പരിചരിക്കാൻ പ്രത്യേക പരിശീലനം നേടിയവരുണ്ട്. കേരളത്തിലും സംഘടന കാൽ നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് എആർഡിഎസ്ഐക്ക് 5 കേന്ദ്രങ്ങളുണ്ട്. എറണാകുളം ജില്ലയിൽ 3 കേന്ദ്രങ്ങളാണ്. എരൂർ നോർത്ത് പുത്തൻകുളങ്ങര മന റോഡിലും കുമ്പളങ്ങിയിലും എടവനക്കാട് ഇല്ലത്തുപടിയിലും.
എരൂർ നോർത്തിലേതു രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ പ്രവർത്തിക്കുന്നു. കുമ്പളങ്ങിയിലും എടവനക്കാടും മുഴുവൻ സമയ പരിചരണ കേന്ദ്രങ്ങളാണ്. എടവനക്കാട് പ്രവർത്തിക്കുന്ന ‘സ്മൃതിപഥം’ പരിചരണകേന്ദ്രം ഇന്ത്യയിൽ മറവിരോഗികൾക്കായി സ്ഥാപിച്ച ആദ്യ സർക്കാർ കേന്ദ്രമാണ്. സാമൂഹിക നീതിവകുപ്പിനും സാമൂഹിക സുരക്ഷാ മിഷനും കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല എആർഡിഎസ്ഐക്കാണ്.എആർഡിഎസ്ഐക്കു കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളെല്ലാം വാടകക്കെട്ടിടത്തിലാണ്. മറവിരോഗികൾക്കു പരിചരണം ലഭിക്കുന്ന കേന്ദ്രങ്ങളാണെന്ന പരിഗണന ലഭിക്കുന്നില്ലെന്നതാണു യാഥാർഥ്യം. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്നതിനാൽ ഇവിടെയെത്തുന്ന രോഗികളിൽനിന്നു കൃത്യമായ ഫീസ് ഈടാക്കുന്നില്ല. ഇവിടെയുള്ള ജീവനക്കാർക്കു തുച്ഛ വരുമാനമാണ്. ഉയർന്ന പരിഗണന ഈ കേന്ദ്രങ്ങൾ അർഹിക്കുന്നുണ്ട്.