നടുവേദനയ്ക്കു പിന്നിലെ കാരണങ്ങൾ?
Mail This Article
നടുവേദനയ്ക്കു കാരണം ഡിസ്കാണെന്ന് വ്യാപകമായി ഒരു തെറ്റിദ്ധാരണയുണ്ട്. തൊണ്ണൂറു ശതമാനത്തിലധികം നടുവേദനയുടെയും കാരണം ഡിസ്കല്ല എന്നതാണ് വസ്തുത. ജീവിതത്തിലൊരിക്കലും നടുവേദന വന്നിട്ടില്ലാത്ത മുപ്പത് വയസ്സു കഴിഞ്ഞവരെ എംആർഐ സ്കാൻ ചെയ്താൽ എന്തെങ്കിലും ഡിസ്ക് പ്രശ്നം കാണിക്കും. ഇത് വേദനയുടെ കാരണമാകണമെന്നില്ല. നട്ടെല്ലിന്റെ കശേരുക്കൾക്കിടയിലുള്ള ഷോക്ക് അബ്സോർബറാണ് ഇന്റർവെർട്ടിബ്രൽ ഡിസ്കുകൾ. നിവർന്നു നിൽക്കാനും കുനിയാനും ഭാരമെടുക്കാനും യാത്ര ചെയ്യാനും വ്യായാമങ്ങളിൽ ഏർപ്പെടാനും നട്ടെല്ലിന് വഴക്കം തരുന്നത് ഇത്തരം ഡിസ്കുകളാണ്.
കഴുത്തിനും നടുവിനും ചലനവും ആയാസവും നിത്യജീവിതത്തിൽ കൂടുതലായതിനാൽ ഈ ഭാഗത്തുള്ള ഡിസ്കുകൾ ചെറുപ്പക്കാരിൽ പോലും പുറത്തേക്ക് ഉന്തിനിൽക്കുന്നതായാണു കാണപ്പെടുക. ഇത് സ്കാനിൽ കണ്ട് അനാവശ്യമായി ഭയപ്പെടേണ്ടതില്ല.
ഡിസ്കുകളുടെ ശക്തമായ ആവരണം പൊട്ടി ഉള്ളിലെ മൃദുവായ ന്യൂക്ലിയസ് പുറത്തേക്കു വന്ന് സുഷുമ്നാ നാഡിയോ അതിൽ നിന്നു പുറപ്പെടുന്ന ഞരമ്പുകളോ ഞെങ്ങിയാൽ വേദന വരാം. നട്ടെല്ലിന് ഒരു കുഴപ്പവുമില്ലാതെയും നടുവേദനയുണ്ടാകാം. നടുവേദനയുള്ള ഭൂരിഭാഗം പേരെയും ചികിത്സിക്കാൻ ഓപ്പറേഷനോ ദീർഘകാല വിശ്രമമോ ആവശ്യമില്ല.