ADVERTISEMENT

വെറുമൊരു വയറുവേദനയുമായാണ് എല്‍സി റോസി എന്ന രണ്ടുവയസ്സുകാരിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ കൊണ്ടു പോയത്. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ വിദഗ്ധപരിശോധനയില്‍ കുഞ്ഞിന്റെ ഉള്ളില്‍ മാരകമായ ലിഥിയം ബാറ്ററി കുടുങ്ങി കിടപ്പുണ്ടെന്ന് കണ്ടെത്തി.  ജീവന്‍ വരെ നഷ്ടമായേക്കാവുന്ന ഗുരുതരാവസ്ഥയിലായിരുന്നു അപ്പോള്‍ എല്‍സി. 

എല്‍സിയുടെ തൊണ്ടയ്ക്കും അന്നനാളത്തിനും ഇടയിലായിട്ടായിരുന്നു ബാറ്ററി. കുട്ടി ബാറ്ററി വിഴുങ്ങിയിട്ട് 24 മണിക്കൂറോളം കഴിഞ്ഞിരുന്നു. അപ്പോഴേക്കും ബാറ്ററി എല്‍സിയുടെ തൊണ്ടയിലിരുന്നു പുകഞ്ഞ് ഒരു മുറിവുണ്ടാക്കിയിരുന്നു. 

അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുക എന്നതായിരുന്നു ആകെയുള്ള പോംവഴി. ഓരോ നിമിഷം വൈകുന്തോറും കുഞ്ഞിന്റെ ജീവന്‍ അപകടത്തിലായി കൊണ്ടിരിക്കുകയായിരുന്നു. ഒരു ചെറിയ നാണയത്തിന്റെ അത്രപോലും വലിപ്പമില്ലാത്ത ബാറ്ററി ഏതോ കളിപ്പാട്ടത്തില്‍ നിന്നാകും കുട്ടിയുടെ ഉള്ളിലെത്തിയതെന്ന് അമ്മ ക്രിസ്റ്റി ടഫ് പറയുന്നു. എല്‍സി ഉള്‍പ്പെടെ നാല് മക്കളുടെ അമ്മയാണ് ക്രിസ്റ്റി. കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകും മുന്‍പ് അവള്‍ക്ക് അവസാനചുംബനം നൽകാന്‍വരെ ഡോക്ടർ തന്നോടു പറഞ്ഞിരുന്നെന്ന് ക്രിസ്റ്റി ഓര്‍ക്കുന്നു. പക്ഷേ ഈ പ്രതിസന്ധിയില്‍ നിന്നു ദൈവം എല്‍സിയെ തിരികെ തന്നു.

അഞ്ചു ദിവസം അത്യാസന്നവിഭാഗത്തില്‍ കിടന്ന ശേഷം എല്‍സി പതിയെ ജീവിതത്തിലേക്കു തിരികെ വന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അവളുടെ തൊണ്ടയില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് ബട്ടന്‍ ബാറ്ററി പുറത്തെടുക്കാന്‍ സാധിച്ചത്. തൊണ്ടയിലെ മുറിവ് ഉണങ്ങാന്‍ എല്‍സി ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്. കൊച്ചു കുട്ടികള്‍ കളിക്കുമ്പോള്‍ അവര്‍ ഒന്നും വായില്‍ എടുത്തിടാതെ നോക്കേണ്ടത് എത്രത്തോളം ശ്രദ്ധിക്കേണ്ട സംഗതിയാണെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു. 

കാര്‍ കീ, റിമോട്ട് കൺട്രോള്‍ കളിപ്പാട്ടങ്ങള്‍, മ്യൂസിക്‌ ഗ്രീറ്റിങ് കാര്‍ഡ്‌ എന്നിവയില്‍ സാധാരണ ബട്ടന്‍ ബാറ്ററി ഉപയോഗിക്കാറുണ്ട്. ബട്ടന്‍ ബാറ്ററി കുട്ടി വിഴുങ്ങി എന്നു തോന്നിയാല്‍ ആ നിമിഷംതന്നെ ഡോക്ടറുടെ സേവനം തേടുക എന്നതാണ് പ്രാരംഭമായി ചെയ്യേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com