ഈ 20 കാര്യങ്ങൾ അറിഞ്ഞിരുന്നാൽ പല്ലിനെക്കുറിച്ച് ടെൻഷനടിക്കേണ്ട
Mail This Article
മുകൾത്താടിയിലെ കോമ്പല്ലെടുത്താൽ തലച്ചോറിനെ ബാധിക്കുമോ എന്റെ കാഴ്ച പോകുമോ ? അടുത്തിയിടെ എന്നെ വിളിച്ച സുഹൃത്തിന്റെ സംശയമിതായിരുന്നു. ക്ലിനിക്കിൽ വന്നപ്പോഴാണ് കഥ ശരിക്കും മനസ്സിലായത്. കക്ഷിക്ക് ആരോ അയച്ചു നൽകിയ സന്ദേശമാണ് സംശയത്തിനാധാരം. ദന്താരോഗ്യത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന നിരവധി സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ദിവസവും ലഭിക്കാറുണ്ട്. ഈ സന്ദേശങ്ങൾ വാസ്തവമറിയാതെ മറ്റുവള്ളവരുമായി പങ്കുവയ്ക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ
ദന്താരോഗ്യത്തെക്കുറിച്ച് 20 കാര്യങ്ങൾ അടുത്തറിയാം
01. മൂന്നാഴ്ചയിൽ കൂടുതൽ ഉണങ്ങാതെ നിൽക്കുന്ന വായിലെ വ്രണങ്ങൾ ദന്തഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കണം
02. സ്ഥിരമായി കൂർത്ത പല്ലുകളോ വയ്പുപല്ലിന്റെയോ പല്ലിൽ ഘടിപ്പിച്ചിരിക്കുന്ന കമ്പിയുടേയോ അറ്റം കവിളിലോ നാവിലോ മുറിവുണ്ടാക്കിയാൽ അവഗണിക്കാതെ ഡോക്ടറെ സമീപിക്കുക 03. ദന്തക്ഷയത്തിന്റെ തുടക്കം പല്ലിൽ ചെറിയൊരു കറുത്ത പാടായാണ് കാണുക. ദിവസവും പല്ലു തേയ്ക്കുമ്പോൾ ഇത് ശ്രദ്ധിച്ചാൽ തുടക്കത്തിലേ ചികിത്സിച്ച് ദന്തക്ഷയം വ്യാപിക്കുന്നത് തടയാം
04. മോണയിലെ രക്തസ്രാവം, അമിതമായ ചുവപ്പ് നിറം എന്നിവ മോണരോഗത്തിന്റെ ലക്ഷണമാണ്. ഇത് അവഗണിക്കാതിരിക്കുക
05. കുട്ടികളിലെ വിരൽ ഊറൽ, നഖം കടി, വായിലൂടെ ശ്വാസമെടുക്കൽ, പല്ലിറുമ്മൽ എന്നിവ ദന്ത ക്രമീകരണ വൈകല്യങ്ങൾ ഉണ്ടാക്കാം. ശിശു ദന്തരോഗ വിദഗ്ധന്റെ സേവനം തേടുക
06. കവിളിന്റെ ഉൾഭാഗത്തും നാവിലുമൊക്കെ കാണുന്ന വേദനാരഹിതമായ ചുവന്നതോ വെളുത്തതോ ആയ പാടുകളും അവഗണിക്കരുത്. ഇത് പൂർവാർബുദ അവസ്ഥയായിരിക്കാം.
07.പ്രമേഹരോഗികൾ ദന്ത സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്.
08. പുകവലി മോണരോഗത്തിനും വായിലെ അർബുദത്തിനും കാരണമാവുന്നു. സിഗററ്റ്/ ബീഡിയുടെ എണ്ണം കുറച്ച് പതിയെ പൂർണമായി പുകവലി ശീലം ഉപേക്ഷിക്കുക
09. പല്ല് പുളിപ്പിന് പല കാരണങ്ങളുണ്ട്. അമിതമായ തേയ്മാനം ഇതിലൊരു കാരണമാണ്. ഉമിക്കരി പോലുള്ള വസ്തുക്കൾ ഒഴിവാക്കുക
10. ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റാണ് ജെൽ രൂപത്തിലുള്ളതിനേക്കാൾ നല്ലത്
11. ദിവസേനയുള്ള ഉപയോഗത്തിന് മീഡിയം ബ്രിസിലുകളുള്ള ഫ്ളെക്സിബിൾ ആയ കഴുത്തുള്ള ടൂത്ത് ബ്രഷാണ് നല്ലത്. ഹാർഡ് ബ്രഷ് ഒഴിവാക്കുക.
12. പല്ലുകൾക്ക് ഇടയിലെ അഴുക്ക് എടുക്കാനായി ദന്തൽ ഫ്ളോസ്, ഇൻറർ ദന്തൽ ബ്രഷ് തുടങ്ങിയ ഉപാധികൾ ഉപയോഗിക്കുക.
13. വായ്നാറ്റം വായിലെ കാരണങ്ങൾ കൊണ്ടും ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ അസുഖങ്ങൾ കൊണ്ടും സംഭവിക്കാം. കാരണം കണ്ടെത്തി ചികിത്സിച്ചാലേ ശമനം ലഭിക്കുകയുള്ളൂ
14. കുട്ടികളുടെ പല്ല് ഇളകി പോയാൽ അത് അധികം മർദം ഏൽപ്പിക്കാതെ കഴുകി പാലിലോ തേങ്ങാവെളളത്തിലോ കോൺടാക്സ് ലെൻസ് ഇടുന്ന വയസ്പാൻ ലായനിയിലോ ഇട്ട് എത്രയും വേഗം ദന്തഡോക്ടറുടെ അടുത്ത് എത്തിച്ചാൽ അത് തിരികെ ഉറപ്പിക്കാനാവും
15.എല്ലിൽ കുടുങ്ങി കിടക്കുന്ന പല്ലുകൾ സാധാരണ രീതിയിൽ നീക്കം ചെയ്യാൻ കഴിയില്ല. അവ ലഘുവായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്
16. പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, ആസ്മ, കരൾരോഗം, വൃക്കരോഗം തുടങ്ങി തങ്ങളുടെ രോഗങ്ങളെ കുറിച്ചും കഴിക്കുന്ന മരുന്നുകളെ കുറിച്ചും ദന്തരോഗവിദഗ്ധനെ അറിയിക്കേണ്ടതാണ്.
17. വയ്പു പല്ലുകൾ ഇന്ന് പലതരത്തിലുണ്ട്. മോണയുടെ ആരോഗ്യം നിർണയിച്ചതിനു ശേഷം ഡോക്ടർ ഊരി മാറ്റാവുന്നതോ സ്ഥിരമായി ഘടിപ്പിക്കുന്നവയോ നിർദ്ദേശിക്കും. അസ്ഥിയിൽ ഘടിപ്പിക്കുന്ന ദന്തൽ ഇംപ്ലാന്റ് നൂതന ചികിത്സാരീതിയാണ്
18. അമിത മാനസിക സമ്മർദം, ഫോളിക് ആസിഡ്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ കുറവ് വായ്പുണ്ണുണ്ടാകാൻ കാരണമാവും. വേദന മാറാനുള്ള ലേപനങ്ങളും ആൽഫാ ലൈപോയിക് ആസിഡ് അടങ്ങിയ മൾട്ടി വൈറ്റമിൻ ഗുളികകളും ഇതിന് ശമനം നൽകും.
19. ഗർഭിണികളിൽ അവസാന മൂന്നു മാസങ്ങളിൽ മോണയിൽ ദശാ വളർച്ച കാണാറുണ്ട്. ഇത് പേടിക്കേണ്ടതില്ല. മിക്കവാറും ആൾക്കാരിൽ പ്രസവം കഴിയുമ്പോൾ ഇത് താനേ അപ്രത്യക്ഷമാവും. അല്ലാത്തവരിൽ ലഘുവായ പ്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാറുണ്ട്. ഗർഭിണികൾ ദന്തസംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്.
20. കുട്ടികളെ കിടത്തിയുറക്കുമ്പോൾ വായിൽ കുപ്പിപ്പാൽ വച്ച് കിടത്തരുത്. പഞ്ഞി ഉപയോഗിച്ച് പല്ലുകൾ വൃത്തിയാക്കി വേണം കിടത്താൻ. മധുരം കഴിവതും പ്രധാന ഭക്ഷണത്തിനൊപ്പം നൽകണം. കുട്ടികൾക്കായുള്ള ബ്രഷും പേസ്റ്റും രണ്ടു വയസ്സു മുതൽ ഉപയോഗിച്ച് തുടങ്ങണം. മൂന്നു വയസ്സു വരെ അരി മണിയുടെ അളവിലും 3 - 6 വയസ്സു വരെ പയറുമണിയുടെ അളവിലും പേസ്റ്റ് ഉപയോഗിച്ചാൽ മതി. രണ്ടു വയസ്സുവരെ അമ്മയുടെ കൈയിൽ ഘടിപ്പിക്കാവുന്ന ഫിംഗർ ബ്രഷുകളാണ് അഭികാമ്യം.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയും വർഷത്തിൽ രണ്ടു തവണ ദന്ത പരിശോധന നടത്തുകയും ചെയ്താൽ പിന്നെ ഫോർവേർഡായി കിട്ടുന്ന മെസേജുകളെ ആരെങ്കിലും ഗൗനിക്കുമോ?