ടോയ്‍ലറ്റിൽ ഫോൺ ഉപയോഗിക്കുന്നവരാണോ; എങ്കിൽ ഈ രോഗത്തെ കരുതിയിരുന്നോളൂ
Mail This Article
ടോയ്‍ലറ്റിലും ഫോൺ ഒപ്പം കരുതുന്ന ആളാണോ നിങ്ങൾ, എങ്കിൽ പൈൽസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. കൂടുതൽ സമയം ടോയ്‍ലറ്റിൽ ചെലവഴിക്കുന്നത് മലദ്വാരത്തിലെ ഞരമ്പുകളുടെ പ്രഷർ കൂടാൻ കാരണമാകും.
സോഷ്യൽ മീഡിയ നോക്കാനും ഔദ്യോഗിക ഇ–മെയിലുകൾ ചെക്ക് ചെയ്യാനും ടോയ്‍ലറ്റിൽ പോകുമ്പോൾ പോലും ഫോൺ കൊണ്ടുപോകുന്നവർ ഈ ശീലത്തിനു പിന്നിലെ അപകടം അറിഞ്ഞിരിക്കണം.
‘ടോയ്‍ലറ്റിൽ ഇരുന്ന് ഫോൺ നോക്കി സമയം കളയുന്നത് മലദ്വാരത്തിന്റെ ഭിത്തികളിൽ കൂടുതൽ സമ്മർദം ഏൽപ്പിക്കുകയും ഇത് ഹെമറോയ്ഡ്, പൈൽസ്, ഫിഷേഴ്സ് ഇവയ്ക്ക് കാരണമാകുകയും ചെയ്യും’ – നോയിഡയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് GI & HPB സര്‍ജറി എക്സിക്യൂട്ടീവ് കൺസൽറ്റന്റ് ദീപാങ്കർ ശങ്കർ മിത്ര പറഞ്ഞു.
സ്മാർട്ട് ഫോണിൽ മുഴുകി ഏറെ നേരം ഇരിക്കുന്നത് പൈൽസ് വരാനുള്ള സാധ്യത കൂട്ടുമെന്ന് ഗുരുഗ്രാമിലെ നാരായണ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം കൺസൽറ്റന്റ് നവീൻ കുമാർ പറയുന്നു. ‘സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതല്ല പ്രശ്നം, മറിച്ച് കൂടുതൽ നേരം ടോയ്‍ലറ്റിൽ ഇരിക്കുന്നതാണ് രോഗങ്ങൾ ഉണ്ടാക്കുന്നത്’– അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ നേരം ഇരിക്കുന്നതും സ്ട്രെയിൻ ചെയ്യുന്നതും വേദന, വീക്കം, ബ്ലീഡിങ് ഇവയ്ക്ക് കാരണമാകും.
അടുത്തു നടന്ന ഒരു സർവേയിൽ ബ്രിട്ടനിലെ 57 ശതമാനം ആളുകളും ടോയ്‍ലറ്റിൽ ഫോൺ ഉപയോഗിക്കുന്നവരാണെന്നു സമ്മതിച്ചിരുന്നു.
മൊബൈൽ ഫോണും പുസ്തകങ്ങളും പത്രവുമൊക്കെ ടോയ്‍ലറ്റിലും കൊണ്ടുപോകുന്ന ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കാനുള്ള സമയമായി എന്നാണ് ഈ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.