കടലിനടുത്തുള്ള താമസം മാനസികാരോഗ്യമേകും
Mail This Article
‘ബ്ലൂ ഹെൽത്ത്’ എന്നു േകട്ടിട്ടുണ്ടോ? പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധമാണിത് സൂചിപ്പിക്കുന്നത്. ഇവ തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ അടുത്തിടെ നടത്തിയ പഠനത്തിൽ, കടലിന്റെ സമീപം താമസിക്കുന്നവരുടെ മാനസികാരോഗ്യം ഏറെ മെച്ചപ്പെട്ടതാണെന്ന് കണ്ടു.
ഇതിനായി ഇംഗ്ലണ്ടിലെ ഹെൽത്ത് സർവേയുടെ വിവരങ്ങളാണ് ഉപയോഗിച്ചത്. 26,000 പേരുടെ വിവരങ്ങൾ അപഗ്രഥിച്ചു. കടലിൽനിന്നു 1 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ അകലത്തിൽ താമസിക്കുന്നവരെയാണ് പഠനത്തിനു തിരഞ്ഞെടുത്തത്. ഇവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കടലിന്റെ സാമീപ്യവുമായി ബന്ധപ്പെടുത്തി പഠിച്ചു. കടലിനു സമീപം താമസിക്കുന്നവർക്ക് മെച്ചപ്പെട്ട മാനസികാരോഗ്യവും സൗഖ്യവും ഉണ്ടെന്നു കണ്ടതായി പഠനത്തിനു നേതൃത്വം നൽകിയ, യുകെയിലെ എക്സീറ്റർ സർവകലാശാലാ ഗവേഷക ഗാരെറ്റ് പറയുന്നു.
ഇംഗ്ലണ്ടിൽ ആറിൽ ഒരാൾക്കു വീതം ഉത്കണ്ഠ, വിഷാദം മുതലായ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ. അതുകൊണ്ടു തന്നെ ഹെൽത്ത് ആൻഡ് പ്ലേസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വളരെ പ്രധാനപ്പെട്ടതാണ്.