ഉദ്ബോധിന് ആശംസയുമായി മോഹന്‍ലാല്‍
Mail This Article
അല്‍സ്ഹൈമേഴ്‌സ് അഥവാ മറവി രോഗത്തെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനും പൊതുസമൂഹത്തിനും ഇടയിലുള്ള വിടവ് നികത്താന്‍ ലക്ഷ്യമിട്ട് നവംബര്‍ 1 മുതല്‍ കൊച്ചിയില്‍ നടക്കാനിരിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനം 'ഉദ്‌ബോധ്'-ന് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ഫെയ്സ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് കുസാറ്റ് ബയോടെക്‌നോളജി വിഭാഗത്തിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തിനും അല്‍സ്ഹൈമേഴ്‌സ് വിമുക്ത സമൂഹം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ലാല്‍ പിന്തുണ അറിയിച്ചത്. ഈ സംരംഭത്തില്‍ എല്ലാവരും പങ്കു ചേരണമെന്ന ആഹ്വാനവും അദ്ദേഹം നല്‍കുന്നു.
നവംബര്‍ 1,2,3 തീയതികളില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെമിനാര്‍ കോംപ്ലക്‌സിലാണ് സമ്മേളനം നടക്കുക. അല്‍സ്ഹൈമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആര്‍ഡിഎസ്‌ഐ), ലോകാരോഗ്യ സംഘടന, അല്‍സ്ഹൈമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍, മാജിക്‌സ് (മാനേജിങ് ആന്‍ഡ് ജനറേറ്റിങ് ഇന്നൊവേഷന്‍സ് ഫോര്‍ കമ്മ്യൂണിറ്റി സര്‍വീസസ്), നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം), ഐഎംഎ കെയര്‍ ഫോര്‍ എല്‍ഡേര്‍ളി, ഡിറ്റിപിസി, കേരള ആരോഗ്യ സര്‍വകലാശാല, കൊച്ചി കോര്‍പ്പറേഷന്‍, എറണാകുളം ഡിസ്ട്രിക്റ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ (എഡ്രാക്) എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.