പ്രായമായാൽ മെഡിക്കൽ പരിരക്ഷ പ്രയാസം, അറിഞ്ഞിരിക്കണം ഇൗ കാര്യങ്ങൾ
Mail This Article
പ്രായമായ മാതാപിതാക്കൾക്കുവേണ്ടി മെഡിക്കൽ ഇൻഷുറൻസ് പോളിസി എടുക്കാൻ ശ്രമിക്കുമ്പോൾ കമ്പനികൾ പലവിധ ഉപാധികളാണ് പറയുന്നത്. പ്രീമിയമായി ആവശ്യപ്പെടുന്നതു ഉയർന്ന തുകയുമാണ്. മുതിർന്നവർക്കു വേണ്ടി മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ എങ്ങനെ ഉറപ്പാക്കാം? എന്തൊക്കെ ശ്രദ്ധിക്കണം?
A- നേരത്തേതന്നെ മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടില്ലാത്തവർ 60 വയസ്സു കഴിഞ്ഞു പുതിയ പോളിസികൾ എടുക്കാൻ കമ്പനികളെ സമീപിക്കുമ്പോൾ പലപ്പോഴും കമ്പനികൾ ഒഴിഞ്ഞു മാറും. ആരോഗ്യ പോളിസികളിൽ ചേരാനുള്ള പ്രായം 65 വയസ്സു വരെയായിരിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പല സാധാരണ മെഡിക്കൽ പോളിസികളിലും ചേരാവുന്ന പ്രായം 60 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഒരിക്കൽ പോളിസി എടുത്താൽ ജീവിതകാലം മുഴുവൻ നിർബാധം പുതുക്കിക്കൊണ്ടിരിക്കാമെന്നും ഐആർഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള പോളിസികൾ പുതുക്കുന്നതിനും പ്രയാസം ഉണ്ടാകാറുണ്ട്. നിലവിലുള്ള പോളിസികളിൽ തന്നെ പരിരക്ഷ പരിധി ഉയർത്തുന്നതിനും ടോപ് അപ് ആനുകൂല്യങ്ങൾ അധികമായി ചേർക്കുന്നതിനും പലപ്പോഴും കഴിയാറുമില്ല. മുതിർന്ന പൗരന്മാർക്കു മാത്രമായി മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ മിക്ക ഇൻഷുറൻസ് കമ്പനികളും നൽകുന്നുണ്ടെങ്കിലും സാധാരണ മെഡിക്കൽ ഇൻഷുറൻസ് പോളിസികളെ അപേക്ഷിച്ച് വളരെ ഉയർന്ന പ്രിമീയം ഈടാക്കുകയും പല അധിക നിബന്ധനകളും ബാധകമാക്കാറുമുണ്ട്.
ആനുകൂല്യം ഭാഗികമായി
മുതിർന്ന പൗരന്മാർ ചികിത്സ തേടുമ്പോൾ വരുന്ന ആശുപത്രി ചെലവുകൾക്കു പൂർണമായും ആനുകൂല്യം ലഭിക്കുന്നില്ല. ക്ലെയിം തുകയുടെ 20% നിർബന്ധമായും സ്വയം വഹിക്കണമെന്ന് പല പോളിസികളിലും നിബന്ധനയുണ്ട്. മറ്റു ചില പോളിസികളിൽ സ്വയം വഹിക്കുന്ന ശതമാനം ഉയർത്തിയാൽ പ്രിമീയം കുറച്ചു നൽകുന്ന സംവിധാനവുമുണ്ട്. പോളിസിക്ക് പണം മുടക്കുംമുൻപു തന്നെ ഇത്തരം നിബന്ധനകൾ മനസ്സിലാക്കിയിരിക്കണം.
നിലവിലുള്ള അസുഖങ്ങൾ
നിർബന്ധമായും മെഡിക്കൽ പരിശോധന നടത്തി മാത്രമേ മുതിർന്ന പൗരന്മാർക്കു പോളിസികൾ നൽകുകയുള്ളൂ. 4 വർഷം വരെ മുടക്കം വരാതെ പോളിസി പുതുക്കിക്കൊണ്ടിരുന്നാൽ മാത്രമേ നിലവിലുള്ള അസുഖങ്ങൾക്കു പരിരക്ഷ ലഭിക്കുകയുള്ളൂ. ഓരോ പോളിസികളിലും നിലവിലുള്ള ഓരോ അസുഖങ്ങൾക്കും പരിരക്ഷ ലഭിക്കുന്നതിനായി വ്യത്യസ്ത കാലയളവു കാത്തുനിൽക്കേണ്ടതായി വരും. ചില പോളിസികളിൽ നിലവിലുള്ള അസുഖങ്ങളാൽ ക്ലെയിം ഉണ്ടായാൽ കുറഞ്ഞ ശതമാനം മാത്രമേ അനുവദിക്കുകയുള്ളൂ. മറ്റ് ചില പോളിസികളിൽ ഉയർന്ന പ്രിമീയം തുക നൽകിയാൽ പരിരക്ഷ ലഭിക്കുന്നവയുമുണ്ട്.
കാത്തിരിപ്പു കാലാവധി
പോളിസി എടുത്ത് 30 ദിവസം കഴിഞ്ഞാൽ മാത്രമേ പരിരക്ഷ ആരംഭിക്കുന്നുള്ളൂ. അപകടങ്ങൾ സംഭവിക്കുക മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ 30 ദിവസത്തെ പരിധി ബാധകമാകില്ല. പോളിസി എടുത്ത ആദ്യ വർഷങ്ങളിൽ പല അസുഖങ്ങൾക്കും പരിരക്ഷ ഒഴിവാക്കിയിട്ടുണ്ടാകും. പരിരക്ഷ ഉണ്ടെങ്കിൽ പോലും പ്രത്യേക അസുഖങ്ങൾക്ക് പരമാവധി അനുവദിക്കാവുന്ന ആനുകൂല്യം എത്രയെന്ന് ക്ലിപ്തപ്പെടുത്തിയിട്ടുണ്ടാകും.
പരിഹാരം പലതുണ്ട്
ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ മുതിർന്ന പൗരന്മാർക്കും വലിയ കടമ്പകളില്ലാതെ അംഗങ്ങളാകാം. മക്കൾ ജോലി ചെയ്യുന്ന കമ്പനികളും സ്ഥാപനങ്ങളും നൽകുന്ന മെഡിക്കൽ മാസ്റ്റർ പോളിസികളിൽ പ്രായമായ അച്ഛനമ്മമാരെ കൂടി ഉൾപ്പെടുത്താവുന്നതാണ്. രണ്ടോ മൂന്നോ വർഷം ഗ്രൂപ്പ് പോളിസികളിൽ തുടർന്നശേഷം പരിരക്ഷ മുറിഞ്ഞ് പോകാതെ തന്നെ മുതിർന്നവരെ സ്വന്തം പേരിലുള്ള വ്യക്തിഗത പോളിസികളായി മാറ്റി എടുക്കാവുന്നതാണ്. മുതിർന്ന പൗരന്മാരുടെ മെഡിക്കൽ പോളിസികൾ എടുക്കുമ്പോൾ ജീവിതപങ്കാളിയെ കൂടി ഉൾപ്പെടുത്തി ഫ്‌ളോട്ടർ പോളിസികളാണ് നല്ലത്. നിലവിലുള്ള കടമ്പകളും പരിമിതികളും ആലോചിക്കുമ്പോൾ താങ്ങാനാവുന്നവരെങ്കിലും സ്വന്തമായി ഒരു അടിയന്തര ചികിത്സ ഫണ്ട് കരുതേണ്ടതാണ്.
റിട്ടയർ ചെയ്തവർ, തൊഴിലാളികൾ
സംസ്ഥാന സർക്കാർ സർവീസിൽനിന്നു റിട്ടയർ ചെയ്തവർക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന മെഡിസെപ് പദ്ധതിയിൽ ചേരാവുന്നതാണ്. കുടുംബശ്രീ അംഗങ്ങൾ, അസംഘടിത മേഖലയിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികൾ, സോഷ്യോ എക്കണോമിക് കാസ്റ്റ് സെൻസസ് പ്രകാരമുള്ള ഗുണഭോക്താക്കൾ തുടങ്ങിയവർക്ക് കേന്ദ്ര മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ പദ്ധതിയുടെ കേരള സർക്കാർ പതിപ്പായ കാസ്പ് അഥവാ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ 5 ലക്ഷം വരെയുള്ള മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ പ്രയോജനപ്പെടുത്താം.
English Summary: Health Insurance For Older People