ADVERTISEMENT

കാൻസർ രോഗചികിത്സയുടെ വളരെ അനിവാര്യമായ ഘടകമാണ് റേഡിയേഷൻ തെറാപ്പി. അർബുദ കോശങ്ങളെ അതിതീവ്രമായ എക്സ്റേ വികിരണങ്ങളോ അല്ലെങ്കിൽ അണുവികിരണങ്ങളോ ഉപയോഗിച്ച് നശിപ്പിക്കുന്ന ചികിത്സാ രീതിയാണിത്. അതീവ വേഗത്തിലാണ് കാൻസർ കോശങ്ങളിലെ DNA (deoxyribonucleic) യെ നശിപ്പിച്ച് ഇവയുടെ പ്രത്യുൽപ്പാദന ശേഷിയെ ഇല്ലാതാക്കുകയാണ് റേഡിയേഷൻ വഴി ചെയ്യുന്നത്. 

ഉപയോഗങ്ങൾ

സർജറി, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയുടെ ഒരു സംയോജിത സമീപനമാണ് കാൻസർ ചികിത്സ. റേഡിയേഷൻ തന്നെയോ അല്ലെങ്കിൽ കീമോതെറാപ്പിയുടെയും സർജറിയുടെയും ഒപ്പമോ നൽകാവുന്നതാണ്. രോഗത്തിന്റെ ഘട്ടവും രോഗിയുടെ ആരോഗ്യസ്ഥിതിയും ആസ്പദമാക്കിയാണ് ഇത് തീരുമാനിക്കുന്നത്. ഒട്ടേറെ കാൻസറുകളിൽ പ്രധാന ചികിത്സാ പങ്ക് റേഡിയേഷൻ വഹിക്കുന്നു. ഉദാഹരണമായി, തൊണ്ടയിലും വായിലെയും കാൻസർ, സ്തനാർബുദം, മലദ്വാര കാൻസർ, ഗർഭാശയ കാൻസർ, അന്നനാള കാൻസർ തുടങ്ങിയവ.

പാർശ്വഫലങ്ങൾ

റേഡിയേഷൻ ചികിത്സ എന്ന് കേൾക്കുമ്പോൾ തന്നെ പാർശ്വഫലങ്ങൾ ഓർത്ത് പലരും ഭയപ്പെടുന്നു. കീമോതെറാപ്പി ആയിട്ട് താരതമ്യപ്പെടുത്തുമ്പോൾ റേഡിയേഷൻ അത് വീഴുന്ന ഭാഗങ്ങളിൽ മാത്രമേ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയുള്ളൂ. ഉദാഹരണത്തിനായി, വായുടെയോ കഴുത്തിന്റെയോ ഭാഗത്ത് റേഡിയേഷൻ കിട്ടുന്നവർക്ക് ആഹാരം കഴിക്കാനും ഇറക്കാനും പ്രയാസം വരാം. തലയിൽ റേഡിയേഷൻ ചെയ്യുമ്പോൾ മുടി പോകാം. വയറിന്റെ ഭാഗത്ത് ചെയ്യുന്നവർക്ക് ഛർദ്ദി, ഓക്കാനം വരാം. പക്ഷേ ഇവയെല്ലാം താൽക്കാലികം മാത്രമാണ്. റേഡിയേഷൻ കഴിഞ്ഞിട്ടുള്ള ഏതാനും ആഴ്ചകൾക്കുള്ളിൽതന്നെ ഈ ബുദ്ധിമുട്ടുകൾ മാറുകയും ചെയ്യും. 

റേഡിയേഷൻ ചികിത്സാരീതികൾ രണ്ട് തരം

1. External Beam radiation/teletherapy

റേഡിയേഷന്റെ സ്രോതസ്സ് (Source) ബാഹ്യമായ ഒരു Linear Accelerator – ന്റെ ഉള്ളിൽ ആണ് ഉണ്ടാവുക. അത്യാധുനിക സ്കാനിങ്ങുകളുടെയും കംപ്യൂട്ടർ പ്രോഗ്രാമുകളുടെയും സഹായത്തോടെ ഈ മെഷീനിൽ നിന്ന് രശ്മികൾ കാൻസർ ബാധിതമായ പ്രദേശത്തേക്ക് ഉന്നം വച്ച് പ്രവർത്തിക്കുന്നു. കൂടുതൽ നവീനവും നൂതനവുമായ സാങ്കേതിക വിദ്യകളായ IMRT, IGRT, Rapid Arc, SRT, SRS എന്നിവയാണ് ഇപ്പോൾ റേഡിയേഷൻ ചികിത്സാ രംഗത്ത് സജീവമായി ഉള്ളത്. ട്യൂമർ ഉള്ള അവയവത്തിന് കൂടുതൽ ഡോസ് കൊടുത്ത് അതിന് ചുറ്റുമുള്ള സാധാരണ കോശങ്ങളിലേക്ക് റേഡിയേഷൻ തീർത്തും കുറയ്ക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. ഇതുമൂലം ചികിത്സയുടെ പാർശ്വഫലങ്ങൾ കുറയുകയും തന്മൂലം രോഗിയുടെ മുന്നോട്ടുള്ള ജീവിതം സുഖപ്രദമാകുകയും ചെയ്യും. ഏതു തരത്തിലുള്ള കാൻസർ, അതിന്റെ ഘട്ടം  (Stage) ഇതനുസരിച്ചാണ് റേഡിയേഷന്റെ ഡോസും കാലയളവും തീരുമാനിക്കുന്നത്. സാധാരണഗതിയിൽ ദിവസത്തിൽ ഒന്നുവച്ച് ആഴ്ചയിൽ അഞ്ച് ദിവസമായി ആണ് ഇത് കൊടുക്കുന്നത്. ചെറിയ സമയത്തിനുള്ളിൽ കഴിയുന്ന ഈ ചികിത്സ തികച്ചും വേദനാരഹിതമാണ്. 

2. Internal radiation/ Brachytherapy

ഇവിടെ റേഡിയേഷന്റെ സ്രോതസ്സ് രോഗിയുടെ ശരീരത്തിന്റെ ഉള്ളിൽതന്നെ വയ്ക്കുന്നു. ഗർഭപാത്ര കാൻസർ, അന്നനാള കാൻസർ എന്നിവയിൽ ഉപയോഗിക്കുന്നു. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙റേഡിയേഷൻ ചെയ്യുമ്പോൾ വേദനയോ ചൂടോ അനുഭവപ്പെടുകയില്ല. ഒരു എക്സ്റേ എടുക്കുന്നതു പോലെയാണ്. 

∙റേഡിയേഷൻ അടിക്കുന്ന രോഗികളിൽ നിന്ന് അവരുടെ ബന്ധുക്കൾക്കോ രോഗിയെ പരിചരിക്കുന്നവർക്കോ റേഡിയേഷൻ ഏൽക്കുകയില്ല. 

∙കുട്ടികൾക്കോ ഗർഭിണികൾക്കോ ഇവരോട് അടുത്ത് ഇടപെടുന്നവരിൽ ഒരു പ്രശ്നവുമില്ല. 

∙റേഡിയേഷൻ ചികിത്സ ചെയ്യുമ്പോൾ രോഗിയുടെ പ്രമേഹത്തിന്റെയോ ബി.പി.യുടെയോ മരുന്നുകൾ നിർത്തി വയ്ക്കേണ്ട ആവശ്യം സാധാരണ ഗതിയിൽ ഇല്ല. 

∙റേഡിയേഷൻ അടിക്കുന്ന ഭാഗത്തിലെ തൊലിപ്പുറത്ത് നിറവ്യത്യാസങ്ങൾ സാധാരണമാണ്. തനിയെ സമയമെടുത്ത് മാറുന്നതാണ്.

∙റേഡിയേഷന്റെ ക്ഷതമേറ്റ കോശങ്ങൾ തങ്ങളിലുണ്ടാകുന്ന പരുക്കുകൾ ഭേദമാക്കാൻ ശരീരത്തിന്റെ ഊർജ്ജം വലിച്ചെടുക്കുന്നതിനാൽ ക്ഷീണം ഉണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ട് നന്നായി ആഹാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. 

∙ആവശ്യത്തിന് വിശ്രമം വേണം. ഡോക്ടറിന്റെ സമ്മതമുണ്ടെങ്കിൽ ചെറിയ വ്യായാമങ്ങൾ ക്ഷീണം കുറയ്ക്കും. 

കാൻസറോ അതിന്റെ ചികിത്സയോ നമ്മൾ ഭയപ്പെടേണ്ടതില്ല. വൻ മാറ്റങ്ങളും കണ്ടുപിടിത്തങ്ങളും വന്നിട്ടുള്ള ഈ മേഖലയിൽ ഓരോ രോഗിക്കും ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ ചികിത്സയെ ഓരോ ഡോക്ടറും ഉപദേശിക്കുകയുള്ളൂ. ആത്മധൈര്യവും മനോബലവും കൈവെടിയാതെ ഡോക്ടർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുസരിക്കുകയും ചെയ്താൽ ഈ ചികിത്സ നമുക്ക് സുഖപ്രദമായി തീർക്കാം. 

(കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കൺസൽറ്റന്റ് ആണ് ലേഖിക)

വിവരങ്ങൾക്കു കടപ്പാട്: ഐഎംഎ നമ്മുടെ ആരോഗ്യം മാഗസിന്‍

English summary: Cancer Treatment, Radiation, Chemotherapy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com