വീട്ടിൽ പ്രമേഹരോഗിയുണ്ടോ; എങ്കിൽ കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
പ്രമേഹം ഒരു പകർച്ചവ്യാധിപോലെ ഇന്ന് നമ്മുടെ നാട്ടിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ അഞ്ചിൽ ഒരാൾ വീതം പ്രമേഹരോഗിയും മറ്റൊരാൾ പ്രമേഹം ഉണ്ടെങ്കിലും അതറിയാതെ കൊണ്ടു നടക്കുന്ന ആളുമാണ്. മൂന്നാമതൊരാൾ പ്രീ–ഡയബറ്റിക് ആണ്. അങ്ങനെ അഞ്ചിൽ മൂന്നു പേരും പ്രമേഹരോഗികളോ പ്രമേഹ സാധ്യത കൂടിയവരോ ആണ്. അതുപോലെതന്നെ പ്രമേഹത്തിന്റെ സങ്കീർണതകളായ വൃക്ക പരാജയം, കാഴ്ച നഷ്ടപ്പെടല്‍, ഹൃദയാഘാതം, കാലിൽ ഉണങ്ങാത്ത വൃണങ്ങൾ എന്നിവ കൊണ്ട് അവശത അനുഭവിക്കുന്നവർ ധാരാളം. പ്രമേഹ രോഗ ചികിത്സയിലും അതിനെ പ്രതിരോധിക്കുന്നതിലും എല്ലാം രോഗിയോടൊപ്പം കുടുംബാംഗങ്ങൾ എല്ലാവരുടെയും കൂട്ടായ പ്രയത്നം ഉണ്ടാവണം. പ്രമേഹ ചികിത്സ ആഗോള തലത്തിൽ തന്നെ പരാജയമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. അതിന്റെ ഒരു കാരണം രോഗത്തെപ്പറ്റിയുള്ള അവബോധമില്ലായ്മയും മരുന്നുകള്‍ കൊണ്ടു മാത്രം രോഗത്തെ കീഴടക്കാം എന്ന ധാരണയുമാണ്. പ്രമേഹ ചികിത്സ അതിന്റെ ലക്ഷ്യം കാണണമെങ്കിൽ കുടുംബാംഗങ്ങളുടെ നിരന്തര പ്രചോദനവും സഹകരണവും നിയന്ത്രണവും ആവശ്യമാണ്. കുടുംബാംഗങ്ങളുടെ സഹകരണം പ്രമേഹ രോഗി തനിച്ചല്ല കുടുംബാംഗങ്ങൾ ഒപ്പമുണ്ട് എന്ന സന്ദേശം രോഗികൾക്ക് നൽകുന്നു. സഹകരണം ആവശ്യമായി വരുന്ന സന്ദർഭങ്ങള്‍ നിരവധിയാണ്.
ഭക്ഷണക്രമീകരണം
∙പ്രമേഹ രോഗികൾക്കു മാത്രമായി പ്രത്യേക ഭക്ഷണമൊന്നും വീട്ടിൽ ഉണ്ടാക്കണമെന്നില്ല. പ്രമേഹരോഗികൾക്ക് നിർദ്ദേശിച്ചിട്ടുള്ള ഭക്ഷണക്രമം വീട്ടിലെ എല്ലാവരുടേയും ആരോഗ്യ സംരക്ഷണത്തിനും പ്രമേഹത്തെ അകറ്റി നിർത്താനും സഹായിക്കുന്നവയാണ്.
∙ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ അത് സമീകൃതാഹാരം ആണോയെന്ന് പ്രത്യേകം നോക്കണം. മധുരം, അന്നജം, പൂരിത കൊഴുപ്പ്, ട്രാൻസ്ഫാറ്റ് അടങ്ങിയിട്ടുള്ളവ ഉപേക്ഷിക്കുന്നതിനൊപ്പം തവിടുള്ള ധാന്യങ്ങൾ, അന്നജം കുറഞ്ഞ പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയും പ്രോട്ടീൻ ഉള്ളവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലാവർക്കും നല്ലതാണ്.
വ്യായാമം മുടങ്ങാതിരിക്കാൻ
നിത്യേനയുള്ള വ്യായാമം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ചു നിർത്തുന്നതിനും രോഗത്തെ പ്രതിരോധിക്കുന്നതിനും അത്യാവശ്യമാണ്. പക്ഷേ പല കാരണങ്ങൾകൊണ്ടും പ്രമേഹരോഗികളിൽ മിക്കവരും വ്യായാമം മുടക്കുന്നവരാണ്. വ്യായാമം ചെയ്തു കൊണ്ടിരുന്നാൽ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ. വ്യായാമം മുടങ്ങാതിരിക്കാൻ കുടുംബാംഗങ്ങളുടെ ഉപദേശവും പ്രോത്സാഹനവും വേണം. കുടുംബാംഗങ്ങൾ ഒന്നിച്ച് വ്യായാമം ചെയ്യുന്നത് എല്ലാവർക്കും പ്രയോജനം ചെയ്യും.
മാനസിക സമ്മർദങ്ങളെ ഒഴിവാക്കാൻ
മാനസിക സമ്മർദം ഉണ്ടാവുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ നിലവാരം ഉയരും. അത് പ്രമേഹ നിയന്ത്രണം തെറ്റിക്കും. മാനസിക സമ്മർദം കുറയ്ക്കാനും മാനസികോല്ലാസം നൽകുന്നതിനും കുടുംബാംഗങ്ങളുടെ പങ്ക് വലുതാണ്.
രോഗത്തെ മനസ്സിലാക്കണം
പ്രമേഹരോഗി മാത്രമല്ല കുടുംബാംഗങ്ങളെല്ലാംതന്നെ രോഗ പ്രതിരോധം, ചികിത്സ എന്നിവയെപ്പറ്റിയൊക്കെ അറിഞ്ഞിരിക്കണം. പ്രമേഹരോഗിക്ക് ഒരു സാധാരണ ജീവിതം സാധ്യമാണ് എന്ന് എല്ലാവരും ഓർക്കുക.
വേണം നിരന്തര പ്രചോദനം
പല പ്രമേഹ രോഗികളും ചികിത്സ ആരംഭിച്ച് കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ മരുന്നും മറ്റ് ജീവിത ശൈലീ ക്രമീകരണങ്ങളും ഉപേക്ഷിക്കുന്നതിന്റെ പ്രധാന കാരണം കുടുംബാംഗങ്ങളിൽ നിന്നുള്ള സഹകരണക്കുറവുതന്നെയാണ്.
ഹൈപ്പോഗ്ലൈസീമിയ – അറിഞ്ഞിരിക്കണം
രക്തത്തിലെ പഞ്ചസാരയുടെ നിലവാരം വളരെ കുറഞ്ഞു പോയാലുണ്ടാവുന്ന ലക്ഷണങ്ങളെപ്പറ്റിയും പരിഹാരമാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണം.
English summary: World Diabetes Day, Family should care these things