ആരോഗ്യ ഇൻഷുറൻസ്: എന്തൊക്കെ കിട്ടും, കിട്ടില്ല...
Mail This Article
ചികിൽസാച്ചെലവുകൾ ആകാശം മുട്ടെ ഉയർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ആരോഗ്യ ഇൻഷുറൻസിനെ കുറിച്ചു ചിന്തിക്കാതെ മുന്നോട്ടു പോകാനാവില്ല. രാജ്യത്തെ ആരോഗ്യ സേവന രംഗത്തെ ചെലവുകൾ വർധിക്കുന്നത് ആഗോള ശരാശരിയെക്കാളും വികസിത രാജ്യങ്ങളിലേതിനെക്കാളും ഉയർന്ന രീതിയിലാണെന്നതും വസ്തുത. അടിയന്തര ആരോഗ്യ സേവനങ്ങൾക്ക് ഇൻഷൂറൻസിനെ ആശ്രയിക്കുകയേ മാർഗമുള്ളൂ. ഇതേ സമയം തന്നെ തങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷയെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഒഴിവാക്കലുകളെക്കുറിച്ചും ഉപഭോക്താക്കൾ മനസിലാക്കിയിരിക്കുകയും വേണം.
വൈദ്യ ചികിൽസയുമായി ബന്ധപ്പെട്ട ഓരോ ചെലവുകളും അല്ലെങ്കിൽ എല്ലാ ചെലവുകളും ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി തിരികെ ലഭിക്കില്ല. തങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയുടെയും ഒഴിവാക്കിയവയുടെയും ഒരു പട്ടികയുമായാണ് ഓരോ ആരോഗ്യ ഇൻഷുറൻസും എത്തുന്നത്. എന്നാൽ ഇതേക്കുറിച്ച് നേരത്തെ അറിയാത്തവർക്ക് ഈ ഒഴിവാക്കലുകളുമായി ബന്ധപ്പെട്ട ചെലവു നേരിടേണ്ടി വരുമ്പോൾ വലിയ ഞെട്ടലാവും ഉണ്ടാകുക. പദ്ധതിയിൽ ചേരുന്നതിനു മുൻപ് അവയിൽ ഉൾപ്പെട്ടവയെ കുറിച്ചും ഒഴിവാക്കപ്പെട്ടവയെ കുറിച്ചും പഠിക്കാൻ തയാറായാൽ ഭാവിയിൽ ഈ സ്ഥിതി നേരിടുന്നത് ഒഴിവാക്കാം.
സമ്പൂർണ ആരോഗ്യ ഇൻഷുറൻസിലെ അടിസ്ഥാന ഉൾപ്പെടുത്തലുകൾ എന്തൊക്കെയെന്നു പരിശോധിക്കാം.
∙ 24 മണിക്കൂറോ അതിലേറെയോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയാണെങ്കിൽ ഉണ്ടാകുന്ന ചെലവുകൾ. ആശുപത്രിയിലെ മുറി വാടക, ഐസിയു വാടക, ഓപറേഷൻ തിയറ്റർ ചാർജുകൾ, ഡോക്ടറുടേയും സർജന്റേയും ഫീസ്, അനസ്‌ത്യേഷ്യസ്റ്റിന്റേയും നഴ്‌സിന്റേയും ഫീസ്, മരുന്ന്, രക്തം, ഓക്‌സിജൻ തുടങ്ങിയവയുടെ ചെലവ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
∙ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപും പിൻപുമുള്ള വൈദ്യ ചികിൽസാ ചെലവുകളും ഉൾപ്പെടും.
∙ പരിരക്ഷയുള്ള വ്യക്തിയെ ആംബുലൻസിൽ കൊണ്ടു പോകാനുള്ള ചെലവ് ഒരു പരിധി വരെ ലഭിക്കും.
∙ 24 മണിക്കൂർ ആശുപത്രിയിൽ കിടക്കേണ്ടതില്ലാത്ത പൂർണ ദിന ചികിൽസകൾ ഉൾപ്പെടും.
∙ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച്, ദാതാവിൽനിന്ന് അവയവം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് പോളിസിയിൽ ഉൾപ്പെടുത്തും.
∙ പല ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളിലും അലോപ്പതി ഇതര ചികിൽസാ രീതികളായ ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപതി തുടങ്ങിയവയ്ക്കും പരിരക്ഷ നൽകും.
∙ ആശുപത്രിയിൽ കിടക്ക ലഭ്യമല്ലാത്തു മൂലമോ രോഗിയെ ആശുപത്രിയിലേക്കു കൊണ്ടു പോകാനാവത്ത അവസ്ഥയുള്ളതു മൂലമോ ആണെങ്കിൽ വീട്ടിലുള്ള ചികിൽസയ്ക്കും പല പദ്ധതികളിലും പരിരക്ഷ ലഭ്യമാണ്.
∙ ക്ലെയിമുകൾ ഇല്ലാതെ തുടരുന്ന ഒന്നു മുതൽ നാലു വരെയുള്ള പോളിസി വർഷങ്ങളിൽ ഏതാണ്ട് എല്ലാ ആരോഗ്യ ഇൻഷൂറൻസ് പോളിസികളിലും സൗജന്യ പ്രതിരോധ ആരോഗ്യ പരിശോധനകൾ അനുവദിച്ചിട്ടുണ്ട്.
∙ ഒരു പോളിസി വർഷത്തിൽ ക്ലെയിമുകൾ മൂലം ഭാഗികമായോ പൂർണമായോ തീരുന്ന പരിരക്ഷാത്തുക പുനഃസ്ഥാപിക്കാനുള്ള സൗകര്യമാണ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളിലെ ആകർഷകമായ ആനുകൂല്യങ്ങളിലൊന്ന്. ഒരു വർഷത്തിൽ ഒരു വ്യക്തിയുടെ ഒരേ രോഗത്തിന് ഈ ആനുകൂല്യം ഉപയോഗിക്കാനിവില്ല എന്നും വർഷത്തിൽ ഒരു തവണ മാത്രമേ ഉപയോഗിക്കാനാവു എന്നും വ്യവസ്ഥയുണ്ട്.
∙ ഇത്തരം ആനുകൂല്യങ്ങൾ മിക്കവാറും എല്ലാ ആരോഗ്യ ഇൻഷുറൻസുകളിലും ലഭ്യമാകുമ്പോൾ ചില പ്രമുഖ ഇൻഷുറൻസ് പദ്ധതികളിൽ മറ്റു ചില ആനുകൂല്യങ്ങൾ കൂടി സവിശേഷമായി നൽകുന്നുണ്ട്. പ്രസവച്ചെലവുകൾ നവജാതി ശിശു പരിചരണവുമായി ബന്ധപ്പെടുത്തി നൽകുന്നതും ആശുപത്രിയിൽ കിടത്തിയല്ലാതെയുള്ള ചികിൽസയ്ക്കു പരിരക്ഷ നൽകുന്നതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഉൾപ്പെടാത്തവ
ആരോഗ്യ ഇൻഷുറൻസിൽ ഇത്തരത്തിൽ മിക്കവാറും എല്ലാ ചെലവുകളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിൽ ഉൾപ്പെടുത്താത്ത ചില ചെലവുകളും ഉണ്ട്. ഇത്തരം ഒഴിവാക്കലുകളെക്കുറിച്ച് മനസ്സിലാക്കാൻ ശ്രദ്ധ കൊടുക്കേണ്ടതാണ്. അവ ഏതെല്ലാം എന്നു പരിശോധിക്കാം:
∙ നിലവിലുള്ള രോഗങ്ങൾക്ക് സാധാരണയായി ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളിലൂടെ പരിരക്ഷ ലഭിക്കില്ല. അതായത് പോളിസി എടുക്കുന്ന സമയത്ത് ഉപഭോക്താവിന് എന്തെങ്കിലും രോഗമുണ്ടെങ്കിൽ അതിനു പരിരക്ഷ ലഭിക്കില്ല. ചില രോഗങ്ങൾക്കു പരിരക്ഷ ലഭിക്കുന്നത് ഒരു വർഷത്തിനു ശേഷമോ നാലു വർഷത്തിനു ശേഷമോ ആയിരിക്കും.
∙ പോളിസി എടുത്ത് ആദ്യ 30 ദിവസം മുതൽ 90 ദിവസം വരെയുള്ള രോഗ ചികിൽസാ ചെലവുകൾ പരിരക്ഷയിൽ ഉൾപ്പെടുത്തില്ല.
∙ സന്ധി മാറ്റിവയ്ക്കൽ. ഹെർണിയ, പൈൽസ് തുടങ്ങിയവയ്ക്കുള്ള ചികിൽസയ്ക്ക് പോളിസി എടുത്ത് 2-4 വർഷത്തേക്ക് പരിരക്ഷ ലഭിക്കില്ല.
∙ സ്വയം ഉണ്ടാക്കിവയ്ക്കുന്ന പരുക്കുകൾ, യുദ്ധവും ലഹളയും വഴിയും മറ്റു ബന്ധപ്പെട്ട സംഭവങ്ങൾ വഴിയും ഉണ്ടാകുന്ന പരുക്കുകൾ, ആണവ വിഷബാധ മൂലമുള്ള പരുക്കുകൾ, മദ്യവും മയക്കു മരുന്നും മൂലമുള്ള പരുക്കുകൾ, എച്ച്‌ഐവി– എയ്ഡ്‌സ് തുടങ്ങിയവയ്ക്ക് പരിരക്ഷ ലഭിക്കില്ല.
∙ ഗർഭം, കുഞ്ഞിന്റെ ജനനം, പ്രതിരോധ കുത്തിവയ്പുകൾ തുടങ്ങിയ പ്രസവ സംബന്ധമായ ചെലവുകൾ അതിനായി പ്രത്യേകം തെരഞ്ഞെടുപ്പു നടത്തിയിട്ടില്ലെങ്കിൽ ലഭിക്കില്ല.
∙ സൗന്ദര്യ വർധക ചികിൽസകൾ, ദന്ത ചികിൽസകൾ, തെളിയിക്കപ്പെട്ടിട്ടില്ലാത്ത പരീക്ഷണ ചികിൽസകൾ തുടങ്ങിയവയ്ക്ക് പരിരക്ഷ ലഭിക്കില്ല.
∙ ആശുപത്രിയിൽ കിടത്താതെയുള്ള ചികിൽസയ്ക്ക് അതിനായുള്ള പ്രത്യേക പദ്ധതിയില്ലെങ്കിൽ പരിരക്ഷ ലഭിക്കില്ല.
ഇത്തരത്തിൽ, പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും ഒഴിവാക്കിയിട്ടുള്ളതുമായവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയശേഷം മാത്രമായിരിക്കണം ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നത്.
പ്രസൂൺ സിക്ദർ
മാനേജിങ് ഡയറക്ടർ– സിഇഒ
മണിപാൽ സിഗ്ന ഹെൽത് ഇൻഷൂറൻസ്
English summary: Health Insurance Policy