അഞ്ചു വർഷം മുമ്പേ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താം; ഹോം യൂറിൻ ടെസ്റ്റുമായി ഗവേഷകർ
Mail This Article
പുരുഷന്മാരില്‍ വ്യാപകമായി കാണുന്ന അര്‍ബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായി കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ 50–60 വയസ്സുള്ളവരിലും കണ്ടുവരുന്നു. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ സ്ഥിരോപയോഗം, ജനിതകഘടകങ്ങളിലെ മാറ്റം, വ്യായാമക്കുറവ് ഇവ പ്രോസ്റ്റേറ്റ് ക്യാന്‍സറിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്.
മിക്കവരിലും പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ആരംഭദശയില്‍ ലക്ഷണങ്ങളൊന്നും കാണാറില്ല. അടിക്കടിയുള്ള മൂത്രംപോക്ക്, അമിതമായി മൂത്രമൊഴിക്കാന്‍ തോന്നുക, രക്തംകലര്‍ന്ന മൂത്രവിസര്‍ജനം, മൂത്രതടസ്സം, രക്തംകലര്‍ന്ന ബീജവിസര്‍ജനം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ആകാം.
എന്നാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ നേരത്തെ തന്നെ കണ്ടെത്താന്‍ ഒരു പുതിയ വിദ്യയുമായി വന്നിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ഒരു ലളിതമായ മൂത്രപരിശോധനയിലൂടെ അഞ്ചു വർഷം മുമ്പേ പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടെത്താന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യകത.
‘PUR’ test (Prostate Urine Risk) എന്നാണ് ഇതിന്റെ പേര്. വീടുകളില്‍ തന്നെ ചെയ്യാവുന്ന ഒരു ടെസ്റ്റ് ആണ് ഇത്. രക്തപരിശോധന, ശരീരപരിശോധന, Digital rectal examination (DRE), എംആർഐ സ്കാന്‍ , ബയോപ്സി എന്നിവയാണ് സാധാരണയായി ഈ കാന്‍സര്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍. ഒരു ദിവസത്തിലെ ആദ്യത്തെ മൂത്രം ശേഖരിച്ച് അതിലെ പ്രോസ്റ്റേറ്റ് ബയോമാർക്കർ ലെവൽസ് നോക്കിയാണ് കാന്‍സര്‍ സാധ്യത കണ്ടെത്തുക. ബയോടെക്നിക്സിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരുന്നു.
English summary: Researchers designs home urine test for aggressive prostate cancer