‘ടെക്സ്റ്റ് നെക് സിൻഡ്രോം’ എന്ന ന്യൂജെൻ കൂന് മാറ്റാം
Mail This Article
പുതിയ തലമുറ(ന്യൂജെൻ) കൂനിപ്പോകുന്നു എന്നത് സത്യമാണ്. മൊബൈൽ ഫോൺ, ലാപ്ടോപ്, ഡെസ്ക്ടോപ് എന്നിവയുടെ അമിത ഉപയോഗം ഇതിനൊരു കാരണമാണ്. ഗർഭപാത്രത്തിനുള്ളില്‍ തുടങ്ങി സ്കൂൾ, കോളജ്, ഓഫിസ്, വാഹനങ്ങൾ എന്നിവിടങ്ങളിലെല്ലാം നമ്മുടെ ഇരിപ്പു കുനിഞ്ഞു തന്നെ. അടുക്കള ജോലികളും തൂപ്പും തുടയ്ക്കലും കഴുകലും ഭക്ഷണം കഴിക്കലും വരെ കുനിഞ്ഞു തന്നെ.
കിടക്കുമ്പോൾ തലയണ ശീലം കാരണം കഴുത്തു തലയും വീണ്ടും കുനിയും. സ്കൂൾ ബാഗിന്റെയും ലാപ്ടോപ് ബാഗിന്റെയും ഭാരം ഇതിന് ആക്കം കൂട്ടുന്നു. കൗമാരപ്രായത്തിൽ മാറിടം വികാസം പ്രാപിക്കുമ്പോഴും മറ്റുള്ളവർ ശ്രദ്ധിച്ചു തുടങ്ങുമ്പോഴും പെൺകുട്ടികൾ കഴുത്തും തോൾഭാഗവും മുന്നോട്ടാക്കി നടക്കാനും ഇരിക്കാനും തുടങ്ങും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡെസ്ക്കിലേക്കു കൈ ഊന്നി ഇരിപ്പും ഏറെ നേരമുള്ള എഴുത്തും വായനയും മെസേജ് അയയ്ക്കലും മൂലം കഴുത്തിലും പുറത്തും ഉണ്ടാകുന്ന പ്രശ്നങ്ങൾ ‘ടെക്സ്റ്റ് നെക് സിൻഡ്രോം’ എന്നാണ് പുതിയ വിളിപ്പേര്.
ആദ്യ കുറച്ചുകാലം വേദനയില്ലാത്തതിനാൽ മിക്കവർക്കും ഈ പ്രശ്നം മനസ്സിലാകാറില്ല. വശങ്ങളിലൂടെ കാണുന്നവർക്ക് പ്രായക്കൂടുതലും ഉള്ളതിനേക്കാൾ പൊക്കക്കുറവും തോന്നിക്കും. ആഗ്രഹിക്കുന്ന പല വേഷങ്ങളും ആകാരത്തിനു ചേരാതെ വരും. വശങ്ങളിലൂടെ നോക്കിയാൽ ചെവി തോളിന്റെ മുകളിലാണ് വരേണ്ടത്. ഇവിടെ ചെവി തോളിന്റെ മുന്നിലാകും. മേൽപറഞ്ഞ തൊഴിലുകള്‍ ചെയ്തു കൊണ്ടുതന്നെ ഇത്തരമൊരു അവസ്ഥ ഒഴിവാക്കാനും പരിഹരിക്കാനും ഇതിനായുള്ള വ്യായാമങ്ങൾ കൊണ്ടു സാധിക്കും.
English summary: Text neck syndrome